Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവാസികളെ പിഴിഞ്ഞ് എഞ്ചിനിയറിങ് അഡ്‌മിഷൻ നൽകിയ 12 കോളേജുകളുടേയും അഡ്‌മിഷൻ റദ്ദായി; പങ്കജ കസ്തൂരി കോളേജിലേയും ശ്രീനാരായണ ഇൻസറ്റിറ്റിയൂട്ടിലേയും നിർമല കോളേജിലേയും 83 മറ്റ് വിദ്യാർത്ഥികളുടേയും പ്രവേശനം റദ്ദ് ചെയ്തു

തിരുവനന്തപുരം: എഐസിടിഇയുടെ നിബന്ധനകൾ പാലിക്കാതെ പ്രവേശനം നടത്തിയ 12 എൻജിനീയറിങ് കോളജുകളിലെ എൻആർഐ പ്രവേശനം റദ്ദാക്കണമെന്നു ജയിംസ് കമ്മിറ്റി ഉത്തരവിട്ടു. 277 വിദ്യാർത്ഥികളെയാണ് അയോഗ്യരാക്കിയത്.

പ്രവേശന പരീക്ഷാ കമ്മിഷണറുടെ ലിസ്റ്റിൽ ഉൾപ്പെടാതെ പ്രവേശനം നൽകിയ മൂന്നു കോളജുകളിലെ 83 വിദ്യാർത്ഥികളുടെ പ്രവേശനവും ജയിംസ് കമ്മിറ്റി റദ്ദാക്കിയിട്ടുണ്ട്. നിർമല കോളജ് ചാലക്കുടി, പങ്കജകസ്തൂരി കോളജ് തിരുവനന്തപുരം, ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അടൂർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് അയോഗ്യരാക്കപ്പെട്ടത്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ തുടങ്ങാനിരിക്കെയാണു കമ്മിറ്റിയുടെ നടപടി.

കൊച്ചിൻ കോളേജ് ഓഫ് എഞ്ചിനിയറിങ്, ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ, മുസ്ലീയാർ കോളേജ് ഓഫ് എഞ്ചിനിയറിങ്, മുസ്ലീയാർ കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്‌നോളജി, പത്തനംതിട്ട, എസ് സി എം എസ് കോളേജ് ഓഫ് എഞ്ചിനിറയിങ്, ശ്രീ എറണാകുളത്തപ്പൻ കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്‌നോളജി, സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനിയറിങ് ചെങ്ങന്നൂർ, സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനിയറിങ് കണ്ണൂർ, യുകെഎഫ് കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്‌നോളജി, വലിയ കൊന്നാംബായി കുളത്തമ്മ കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്‌നോളജി, യൂനസ് കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്‌നോളജി കൊല്ലം, യൂനസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കണ്ണനെല്ലൂർ എന്നീ കോളേജുകളിലെ എൻ ആർ ഐ പ്രവേശനമാണ് റദ്ദാക്കിയത്.

കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ 15 ശതമാനം സീറ്റുകളാണ് എൻ.ആർ.ഐ. വിഭാഗത്തിലുള്ളത്. ഇവയ്ക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലായ എ.ഐ.സി.ടി.ഇ.യുടെ അനുമതി വേണം. ആകെയുള്ള 120 സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ 50 എണ്ണത്തിനു മാത്രമാണ് എൻ.ആർ.ഐ. ക്വാട്ടയിൽ പ്രവേശത്തിന് എ.ഐ.സി.ടി.ഇ. അനുമതിയുള്ളത്. കഴിഞ്ഞവർഷം ഇതേ പ്രശ്നം ഉണ്ടായപ്പോൾ ഈ വർഷം മുതൽ അനുമതി നേടാമെന്ന മാനേജ്മെന്റ് അസോസിയേഷന്റെ ഉറപ്പിനെ തുടർന്ന് ജയിംസ് കമ്മിറ്റി ഇളവനുവദിച്ചു.

എന്നാൽ ഭൂരിഭാഗം കോളേജുകളും ഇപ്രാവശ്യവും അനുമതി സമ്പാദിച്ചില്ല. എൻ.ആർ.ഐ. ക്വാട്ട അനുവദിക്കാൻ എ.ഐ.സി.ടി.ഇ. ഒരു കോളേജിൽനിന്ന് മൂന്നുലക്ഷം രൂപ ഫീസായി ഇടാക്കുന്നുണ്ട്. ഈ ഫീസ് ഒഴിവാക്കാനാണ് കോളേജുകളുടെ ശ്രമം. ജനറൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ എൻ.ആർ.ഐ. സീറ്റിൽ ഉയർന്ന ഫീസ് ഈടാക്കാൻ കഴിയില്ലെന്നാണ് ഇക്കാര്യത്തിൽ മാനേജ്മെന്റുകളുടെ വാദം. പ്രവേശന പരീക്ഷ എഴുതാതെ എൻജിനീയറിങ് കോഴ്സുകൾക്ക് ചേരാനുള്ള കുറുക്കുവഴിയായാണ് എൻ.ആർ.ഐ. ക്വാട്ടയെ നിലവിൽ ഉപയോഗപ്പെടുത്തുന്നത്. പ്രവേശത്തിന് എൻ.ആർ.ഐ.ക്കാരുടെ മക്കളാകണമെന്നില്ല. പകരം അവർ സ്പോൺസർ ചെയ്താലും മതി.

എൻ.ആർ.ഐ. വിഭാഗത്തിൽ അഞ്ച് ശതമാനം സീറ്റാണ് എ.ഐ.സി.ടി.ഇ. അംഗീകരിച്ചിട്ടുള്ളതെങ്കിലും പ്രവാസികൾ കൂടുതലുള്ളത് പരിഗണിച്ച് കേരളത്തിൽ ഇത് 15 ശതമാനമാക്കുകയായിരുന്നു. അതിനിടെ ആദ്യ സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ എ.ഐ.സി.ടി.ഇ. അംഗീകാരം നേടാത്തതിന്റെ പേരിൽ ബലിയാടാക്കരുതെന്ന് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ശശികുമാർ പറഞ്ഞു.

അനുമതിയുള്ള കോളേജുകളിൽ മാത്രമാണോ എൻ.ആർ.ഐ. സീറ്റുകളിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചതെന്ന് അധികൃതർ പരിശോധിച്ചിട്ടില്ല. അനുമതി വാങ്ങേണ്ടത് മാനേജ്മെന്റുകളാണ്. കുട്ടികളല്ല. അതുകൊണ്ടുതന്നെ തുടർനടപടികൾ പരീക്ഷയ്ക്കുശേഷം തീരുമാനമിക്കുന്നതാകും ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP