Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് വനിതാ കൗൺസിലറെ അപമാനിച്ച കേസിലെ പ്രതിയായ ആലുവ നഗരസഭാ ചെയർമാൻ മുഖ്യമന്ത്രിക്കൊപ്പം പൊതുവേദിയിൽ; കേസ് ഒതുക്കി തീർക്കാൻ നീക്കമെന്ന ആക്ഷേപം ശക്തം

കോൺഗ്രസ് വനിതാ കൗൺസിലറെ അപമാനിച്ച കേസിലെ പ്രതിയായ ആലുവ നഗരസഭാ ചെയർമാൻ മുഖ്യമന്ത്രിക്കൊപ്പം പൊതുവേദിയിൽ; കേസ് ഒതുക്കി തീർക്കാൻ നീക്കമെന്ന ആക്ഷേപം ശക്തം

കൊച്ചി: സ്ത്രീകളെ അപമാനിച്ചെന്ന കേസിൽ പ്രതിയായ ആലുവ നഗരസഭ ചെയർമാൻ എം ടി ജേക്കബ് മുഖ്യമന്ത്രിക്കൊപ്പം പൊതു ചടങ്ങിൽ പങ്കെടുത്തത് വിവാദമാകുന്നു. ആലുവ പൊതുമാർക്കറ്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് ചെയർമാനും ഉമ്മൻ ചാണ്ടിയും വേദി പങ്കിട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന നഗരസഭാ ബജറ്റ് ചർച്ചയിൽ കോൺഗ്രസുകാരിയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമായ കെ വി സരളയോട് പരസ്യമായി അസഭ്യം പറഞ്ഞതിനാണ് ചെയർമാനെതിരെ പൊലീസ് കേസെടുത്തത്. ഐപിസി 509 വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ജേക്കബിനെതിരായ കേസ്. ഈ കേസ് നിലനിൽക്കേ തന്നെ മുഖ്യമന്ത്രിയുമായി ആലുവാ നഗസഭാ ചെയർമാൻ വേദി പങ്കിട്ടതാണ് വിവാദത്തിന് വഴിവച്ചത്.

കെ വി സരളയുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് കേസെടുത്തെങ്കിലും നഗരസഭ ചെയർമാനെ അറസ്റ്റുചെയ്യാൻ ഇതുവരെ തയ്യാറായിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലായിരുന്നു എം ടി ജേക്കബിന്റെ പ്രസ്താവന. നഗരസഭയുടെ ബജറ്റ് യോഗത്തിന്റെ ദൃശ്യങ്ങൾ മാദ്ധ്യമപ്രവർത്തകരുടേയും മറ്റും കയ്യിലുണ്ട്. ഇതു പരിശോധിച്ചാൽ തന്നെ ചെയർമാൻ തനിക്കെതിരെ നടത്തിയ അസഭ്യവർഷം മനസിലാക്കാനാകുമെന്നാണ് സരളയുടെ നിലപാട്.

അതേസമയം പരസ്പരം വാഗ്വാദം നടത്തുന്നതിന്റെ അടിസ്ഥാന കാരണം കോൺഗ്രസിലെ ഗ്രൂപ്പു പോര് തന്നെയാണ്. കെ വി സരള ഐ ഗ്രൂപ്പിലും, ചെയർമാൻ എം ടി ജേക്കബ് എ ഗ്രൂപ്പിലുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള പോരു മുറുകുമ്പോഴാണ് സരളയുടെ പരാതിയും പുറത്തുവന്നത്. വിഷയത്തിൽ സരള പാർട്ടി നേതൃത്വത്തിനുൾപ്പെടെ പരാതി നൽകിയ സാഹചര്യത്തിൽ ചെയർമാനൊപ്പം മുഖ്യമന്ത്രി വേദി പങ്കിട്ടത് കേസ് ഒതുക്കി തീർക്കാനുള്ള സൂചനയുടെ ഭാഗമാണെന്നാണ് ഐ ഗ്രൂപ്പ് കരുതുന്നത്.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും, അൻവർ സാദത്ത് എംഎൽഎ യും പരിപാടിയിൽ പങ്കെടുത്തു. എന്നാൽ ഐ ഗ്രൂപ്പിലെ പ്രമുഖ കൗൺസിലർമാരും സിപിഐ(എം), ബിജെപി കക്ഷികളും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ടൈറ്റാനിയം അഴിമതികേസിൽ കുറ്റാരോപിതനായ ഉമ്മൻ ചാണ്ടിക്കെതിരെ ഡിവൈഎഫ്ഐയുടെയും എഐവൈഎഫിന്റെയും കരിങ്കൊടി പ്രതിഷേധവും ഉണ്ടായിരുന്നു. ചെയർമാൻ എം ടി ജേക്കബിന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പിലെ വനിതാകൗൺസിലർമാർ നൽകിയ പരാതിയിൽ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ കെ വി സരള നേരത്തെ ആലുവ പൊലീസിൽ നിന്ന് ജാമ്യം എടുത്തിരുന്നു.

ആലുവ നഗരസഭയുടെ ചെയർമാനായ എം ടി ജേക്കബിനെതിരെ മുമ്പും സ്ത്രീപീഡന ആരോപണങ്ങൾ ഉയർന്നിരുന്നു വിതുര പെൺവാണിഭ കേസിൽ ജേക്കബിനെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നെങ്കിലും പിന്നീട് തെളിവില്ലെന്ന് കണ്ട് ഇയാളെ വെറുതേ വിടുകയായിരുന്നു. ഇതിന് ശേഷവും ആലുവ നഗരസഭയുടെ ചെയർമാനായ എം ടി ജേക്കബിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP