Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗലോസ് നീയാണ് യഥാർഥ മനുഷ്യസ്‌നേഹി; കളഞ്ഞു കിട്ടിയ രണ്ടു ലക്ഷം ഉടമസ്ഥനെ കണ്ടെത്തി നൽകിയ ഓട്ടോ ഡ്രൈവർ പ്രതിഫലമായി ലഭിച്ച തുക കിഡ്‌നി രോഗിക്കും കൈമാറി

പൗലോസ് നീയാണ് യഥാർഥ മനുഷ്യസ്‌നേഹി; കളഞ്ഞു കിട്ടിയ രണ്ടു ലക്ഷം ഉടമസ്ഥനെ കണ്ടെത്തി നൽകിയ ഓട്ടോ ഡ്രൈവർ പ്രതിഫലമായി ലഭിച്ച തുക കിഡ്‌നി രോഗിക്കും കൈമാറി

അങ്കമാലി: എളവൂർ കവലയിലെ ഓട്ടോ ഡ്രൈവർ പൗലോസിന് പണത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ടല്ല. പക്ഷേ, പണം കൊണ്ട് നേടാവുന്നതിനെക്കാൾ വലിയ സമ്പത്തുകൾ മാളിയേക്കൽ മാത്യുവിന്റെ മകൻ പൗലോസിന് സ്വന്തമായുണ്ട്. സത്യസന്ധതയും മനുഷ്യസ്‌നേഹവും. അതുകൊണ്ടാണ് റോഡിൽ കളഞ്ഞുകിട്ടിയ രണ്ടുലക്ഷം രൂപ ഉടമസ്ഥനെ തേടിപ്പിടിച്ച് ഏൽപിച്ചതും അതിന് പ്രതിഫലമായി കിട്ടിയ പണം വൃക്കരോഗിക്ക് സഹായമായി നൽകിയതും.

ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് ദേശീയ പാതയോടു ചേർന്നു പുളിയനം റോഡിൽ പത്രക്കടലാസിൽ പൊതിഞ്ഞ നിലയിൽ രണ്ടു ലക്ഷം രൂപ ലഭിച്ചത്. ആയിരത്തിന്റെ രണ്ടു കെട്ട്. അപ്രതീക്ഷിതമായി കൈവന്ന പണം പൗലോസിന്റെ കണ്ണ് മഞ്ഞളിപ്പിച്ചില്ല. ഉടമസ്ഥനെ കണ്ടെത്തി തുക ഏൽപിക്കുന്നതിനായി നോട്ടുകെട്ട് അതേപടി അങ്കമാലി പൊലീസിൽ ഏൽപിച്ചു. ഇതിനിടെ പണം നഷ്ടപ്പെട്ട പുളിയനം സ്വദേശി ജോണി നെട്ടോട്ടത്തിലായിരുന്നു. പണം ലഭിക്കാതെ വന്നതോടെ അവസാന ആശ്രയമെന്ന നിലയ്ക്ക് അങ്കമാലി പൊലീസിൽ ജോണിയുമെത്തി. സ്‌റ്റേഷനിൽ പൗലോസിനെയും ജോണിയെയും വിളിച്ചുവരുത്തിയ പൊലീസ് വിശദാംശങ്ങൾ പരിശോധിച്ച ശേഷം തുക കൈമാറുകയായിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ രാധാകൃഷ്ണ പിള്ളയുടെയും സബ് ഇൻസ്‌പെക്ടർ എൻ.എ.അനൂപിന്റെയും സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.

സുഹൃത്തിൽനിന്ന് കടം വാങ്ങിയ തുകയുമായി വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് ജോണിയുടെ മടിയിൽനിന്ന് പണം താഴെ വീണത്. വീട്ടിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നതുതന്നെ. തിരച്ചിലേറെ നടത്തിയെങ്കിലും പണം ലഭിച്ചില്ല. അവസാനം പൊലീസിൽ പരാതിപ്പെട്ടു. തിരിച്ചു കിട്ടില്ലെന്നു കരുതിയിരിക്കുമ്പോഴാണു ജോണിക്കു പൊലീസ് സ്‌റ്റേഷനിൽ നിന്ന് എസ്.ഐ: അനൂപിന്റെ ഫോൺ വരുന്നത്. ജോണിയും സുഹൃത്തും പൊതുപ്രവർത്തകരും ഒരുമിച്ചു സ്‌റ്റേഷനിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി.

പണം പൊലീസിലേല്പിച്ച പൗലോസിന് ജോണി 25,000 രൂപ പാരിതോഷികമായി നൽകി. എന്നാൽ, അധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽ മാത്രം വിശ്വസിക്കുന്ന പൗലോസ് ഈ തുക മറ്റൊരു ജീവകാരുണ്യത്തിനായി നീക്കിവച്ചു. രണ്ടുവൃക്കയും തകരാറിലായ വട്ടപ്പറമ്പ് തച്ചപ്പിള്ളി ദിനേശന്റെ ചികിത്സാ ഫണ്ടിലേക്കാണ് ആ പണം കൈമാറിയത്. ദിനേശന്റെ ചികിത്സയ്ക്കുവേണ്ടി നാട്ടുകാർ ബസ് സർവീസ് നടത്തി സമാഹരിച്ച രണ്ടരലക്ഷം രൂപയും സെന്റ് സേവ്യേഴ്‌സ് സ്‌കൂൾ സമാഹരിച്ച 75,000 രൂപയും പൗലോസിന്റെ സംഭാവനയും നാളെ ദിനേശന്റെ ബന്ധുക്കൾക്ക് കൈമാറും. ഈ ചടങ്ങിൽ പൗലോസിനെയും നാട്ടുകാർ ആദരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP