Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിക്ക് നൽകിയ കത്തുകൾ വിജിലൻസിന്; മാണിയും അനൂപും അഴിമതി കാട്ടി; ക്വാറി ഉടമകളിൽ നിന്നും അരിമില്ലുകാരിൽ നിന്നും ധനമന്ത്രി കൈക്കൂലി വാങ്ങി; കൺസ്യൂമർ ഫോറം അംഗങ്ങളുടെ നിയമനത്തിന് ഭക്ഷ്യമന്ത്രിയും; യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ ബാലകൃഷ്ണ പിള്ള

മുഖ്യമന്ത്രിക്ക് നൽകിയ കത്തുകൾ വിജിലൻസിന്; മാണിയും അനൂപും അഴിമതി കാട്ടി; ക്വാറി ഉടമകളിൽ നിന്നും അരിമില്ലുകാരിൽ നിന്നും ധനമന്ത്രി കൈക്കൂലി വാങ്ങി; കൺസ്യൂമർ ഫോറം അംഗങ്ങളുടെ നിയമനത്തിന് ഭക്ഷ്യമന്ത്രിയും; യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം: മന്ത്രിമാരായ കെ.എം മാണിക്കും അനൂപ് ജേക്കബിനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് വിജിലൻസ് ഡയറക്ടർക്ക് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള പരാതി നൽകി. ക്വാറി ഉടമകളിൽ നിന്നും അരിമിൽ ഉടമകളിൽ നിന്നും കെ.എം മാണിയും കൺസ്യൂമർ ഫോറം അംഗങ്ങളുടെ നിയമനത്തിന് അനൂപ് ജേക്കബും പണം വാങ്ങിയെന്നാണ് പിള്ള രേഖാമൂലം പരാതി നൽകിയത്.

തനിക്ക് വ്യക്തമായി ബോധ്യമുള്ള അഴിമതികളാണിതെന്നും ഇത് അന്വേഷിക്കാനുള്ള ബാധ്യത വിജിലൻസിനുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു. മന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും അദ്ദേഹം അത് വാങ്ങിവെക്കുക മാത്രമാണ് ചെയ്തത്, നടപടിയെടുത്തില്ല എന്ന് പിള്ള ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പുകളും വിജിലൻസിന് നൽകിയ പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. മന്ത്രിമാരുടെ അഴിമതിയുമായി ബന്ധപ്പെട്ട് മൂന്ന് കത്തുകളാണ് മുഖ്യമന്ത്രിക്ക് ബാലകൃഷ്ണ പിള്ള നൽകിയിട്ടുള്ളതെന്നാണ് സൂചന. ഇതിൽ രണ്ട് കത്തുകളാണ് വിജിലൻസിന് കൈമാറിയത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഇതെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കുന്നു.

മാണിക്കെതിരായ അഴിമതികഥ രണ്ട് മന്ത്രിമാർ തന്നെയാണ് തന്നോട് പറഞ്ഞതെന്നും ബാലകൃഷ്ണ പിള്ള വിശദീകരിക്കുന്നു. കൺസ്യൂമർ ഫെഡിലും രജസിസ്‌ട്രേഷൻ വകുപ്പിലും ജഡ്ജിമാരെ നിയമിച്ചതിൽ ക്രമക്കേടുണ്ടെന്നു കാണിച്ചാണ് അനൂപ് ജേക്കബിനെതിരെ പരാതി നൽകിയിരിക്കുന്നത്. അരിമില്ല്, ക്വാറി ഉടമകളിൽനിന്നും കൈക്കൂലി വാങ്ങിയെന്നാണു കെ എം മാണിക്കെതിരെയുള്ള ആരോപണം. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയോട് ആദ്യം പറഞ്ഞപ്പോൾ അദ്ദേഹം എഴുതി നൽകാൻ പറഞ്ഞതായി പിള്ള പറഞ്ഞു. എഴുതി നൽകിയിട്ടും മുഖ്യമന്ത്രിയിൽനിന്നു നടപടിയൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വിജിലൻസ് ഡയറക്ടർക്ക് രേഖാമൂലം പരാതി നൽകിയത്.വിലിജൻസിൽനിന്നു കാര്യമായ നടപടിയുണ്ടായില്ലെങ്കിൽ ഈ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും പിള്ള പറഞ്ഞു.

മന്ത്രിമാരായ മാണിക്കും അനൂപ് ജേക്കബ്ബിനുമെതിരെ അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് നേരത്തെ മുതൽ ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നു. എന്നാൽ ഈ വാദം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഒരു മന്ത്രിക്ക് എതിരേയും തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഈ സാഹചര്യത്തിൽ പിള്ള പുറത്തുവിട്ട കത്തുകൾ നിർണ്ണായകമാണ്. ഇന്നലെ സോളാർ കമ്മീഷനിലും സർക്കാരിൽ അഴിമതി വ്യാപകമാണെന്ന് പിള്ള പറഞ്ഞിരുന്നു. സരിതയുടെ കത്ത് ശരിയെന്നും വ്യക്തമാക്കി. ശ്രീധരൻനായരുമൊത്ത് സരിത, മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും വ്യക്തമാക്കി. ഇതിന് തൊട്ടു പിറകെയാണ് വിജിലൻസിന് പരാതി നൽകി സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പിള്ളയുടെ പുതിയ നീക്കം.

വെറുമൊരു കത്തായതിനാൽ തന്നെ വിജിലൻസ് നടപടിക്ക് സാധ്യത കുറവാണ്. ക്വിക്ക് വെരിഫിക്കേഷൻ നടത്തി തള്ളിക്കളയാനാണ് സാധ്യത. അതിനിടെ മുഖ്യമന്ത്രിക്ക് ബാലകൃഷ്ണപിള്ള കത്ത് നൽകിയെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സൻ വിശദീകരിച്ചു. മുഖ്യമന്ത്രിക്ക് കത്ത് കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിയുടെ ആ വാക്കുകൾ വിശ്വസിച്ചാൽ മതിയെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP