Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മർദ്ദനമേറ്റ യുവാവിന്റെ അമ്മ നൽകിയ മൊഴി എതിരായാൽ ഗണേശിനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സൂചന; മകന്റെ ആപത് സന്ധി ഒഴിവാക്കാൻ എൻഎസ്എസിന്റെ സഹായത്തോടെ അനുരഞ്ജന ശ്രമവുമായി ബാലകൃഷ്ണ പിള്ളതന്നെ രംഗത്ത്; ആവശ്യങ്ങൾ അംഗീകരിച്ചാൽ പരാതി പിൻവലിക്കാമെന്ന് അനന്തകൃഷ്ണന്റെ അച്ഛനും

മർദ്ദനമേറ്റ യുവാവിന്റെ അമ്മ നൽകിയ മൊഴി എതിരായാൽ ഗണേശിനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സൂചന; മകന്റെ ആപത് സന്ധി ഒഴിവാക്കാൻ എൻഎസ്എസിന്റെ സഹായത്തോടെ അനുരഞ്ജന ശ്രമവുമായി ബാലകൃഷ്ണ പിള്ളതന്നെ രംഗത്ത്; ആവശ്യങ്ങൾ അംഗീകരിച്ചാൽ പരാതി പിൻവലിക്കാമെന്ന് അനന്തകൃഷ്ണന്റെ അച്ഛനും

കൊല്ലം: ഗണേശ് കുമാർ എംഎൽഎ യുവാവിനെ മർദ്ദിച്ച കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളുമായി ബാലകൃഷ്ണപിള്ളയും എൻഎസ്എസ് നേതാക്കളും രംഗത്ത്. ഇതോടെ ഗണേശ് കുമാർ പരസ്യമായി മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കാമെന്ന് മർദ്ദനമേറ്റ അനന്തകൃഷ്ണന്റെ കുടുംബാംഗങ്ങളും വ്യക്തമാക്കി. മർദ്ദനമേറ്റ യുവാവ് അനന്തകൃഷ്ണന്റെ അമ്മയുടെ മൊഴി എംഎൽഎയ്ക്ക് എതിരായതിനാൽ അവരെ അപമാനിക്കാൻ ശ്രമിച്ച കുറ്റത്തിന് അറസ്റ്റുണ്ടായേക്കുമെന്ന സ്ഥിതി വന്നതോടെയാണ് ഇപ്പോൾ അനുനയ നീക്കം ശക്തമാക്കിയിരിക്കുന്നത്.

എംഎൽഎയുടെ കയ്യേറ്റത്തിന് പിന്നാലെ വാദിയെ പ്രതിയാക്കാൻ നീക്കം നടന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ നടപടിയെടുക്കുന്നതിൽ പൊലീസിന് വീഴ്ച വന്നുവെന്നും ആക്ഷേപം ഉയർന്നു. ഇതെല്ലാം സർക്കാരിനും ആഭ്യന്തര വകുപ്പിനും ക്ഷീണമായി. ഇതോടെ അനുനയത്തിലേക്ക് കാര്യങ്ങളെത്തിച്ചില്ലെങ്കിൽ കൂടുതൽ കുഴപ്പമാകുമെന്ന മുന്നറിയിപ്പ് സിപിഎം തന്നെ പിള്ളയെ ധരിപ്പിച്ചതായാണ് സൂചനകൾ. ഇതിനിടെ കേസിൽ വാദിയെ പ്രതിയാക്കാൻ നീക്കം നടന്നുവെന്ന ചീത്തപ്പേര് ഒഴിവാക്കാൻ സിഐയെ സ്ഥലംമാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ അനുരഞ്ജന നീക്കത്തിന് പിള്ളതന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതേസമയം, തങ്ങളുന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചാൽ പരാതി പിൻവലിക്കുമെന്ന് അനന്തകൃഷ്ണന്റെ അച്ഛൻ വ്യക്തമാക്കി.

അനന്തകൃഷ്ണന്റെ അമ്മയുടെ മൊഴി എതിരായതിനാൽ അറസ്റ്റുണ്ടായേക്കുമെന്ന് ഉറപ്പായതോടെയാണ് പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ എൻഎസ്എസിനെ മുൻനിർത്തി ആരംഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തന്റെ വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം ഗണേശ് കുമാർ അനന്തകൃഷ്ണനെ മർദ്ദിച്ചത്. യുവാവിനെ മർദ്ദിച്ചവശനാക്കിയ ശേഷം ആളുകൂടിയപ്പോൾ ഗണേശ് കുമാറും ഡ്രൈവറും സ്ഥലം വിട്ടതായാണ് ആക്ഷേപം. എന്നാൽ എംഎൽഎ മർദ്ദിച്ചതായുള്ള അനന്തകൃഷ്ണന്റെ പരാതി കിട്ടുന്നതിന് മുക്കാൽ മണിക്കൂർ മുമ്പ് പൊലീസ് ഗണേശ് കുമാറിന്റെ പരാതിയിൽ കേസെടുക്കുകയും ചെയ്തു. ഇതിന്റെ പേരിലാണ് കേസിൽ ആരോപണ വിധേയനായ അഞ്ചൽ സിഐയെ സർക്കാർ സ്ഥലം മാറ്റിയത്. അക്രമത്തിന് ദൃക്സാക്ഷിയായിരുന്നിട്ടും യുവാവിന് നീതി ഉറപ്പിക്കാൻ സിഐ തയ്യാറായില്ലെന്നും എംഎൽഎയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപം ഉയർതോടെ സംഭവം വലിയ ചർച്ചയായി.

ഇതിന് പുറമേ കെ ബി. ഗണേശ്കുമാർ എംഎൽഎയ്ക്കെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു. ചെയ്യാൻ പാടില്ലാത്തതാണു ഗണേശ് ചെയ്തതെന്നു സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ.അനിരുദ്ധൻ പറഞ്ഞയുകയും ചെയ്തു. സംയമനവും ജാഗ്രതയും പാലിക്കണമായിരുന്നു. മാതൃകാപരമായി പ്രവർത്തിക്കാൻ ജനപ്രതിനിധിയായ ഗണേശിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ യുവാവിനെ തല്ലുകയും യുവാവിന്റെ അമ്മയുടെ കയ്യിൽ കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയിൽ കടുത്ത വകുപ്പുകൾ ഉപയോഗിച്ചു കേസെടുക്കാതെ പൊലീസ് ഒത്തുകളിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു സിപിഐ നിലപാട് വ്യക്തമാക്കിയത്.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അഞ്ചൽ സിഐ മോഹൻദാസ് മർദനം തടയാൻ ശ്രമിക്കാതെ കാഴ്ചക്കാരനായി നിന്നെന്നായിരുന്നു ആക്ഷേപം. ഇദ്ദേഹം തന്നെയാണു കേസ് അന്വേഷിക്കുന്നതും. മർദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ ഷീന കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ സിഐ സംഭവസ്ഥലത്തുണ്ടായിരുന്നെന്നു വ്യക്തമാക്കിയതായ സൂചനകൾ പുറത്തുവന്നിരുന്നു. ഇതോടൊപ്പം എംഎൽഎയ്‌ക്കെതിരെയും കടുത്ത നടപടിക്ക് സാധ്യത വന്നേക്കുമെന്ന നിലയിലും കാര്യങ്ങൾ ചർ്ച്ചയായി. ഇതോടെയാണ് ഇപ്പോൾ തിരക്കുപിടിച്ച് എൻഎസ്എസിന്റെ സഹായത്തോടെ അനന്തകൃഷ്ണന്റെ കുടുംബവുമായി ഒത്തുതീർപ്പിന് ശ്രമം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP