Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഘടിച്ച് ശക്തരാകേണ്ടെന്ന് എസ്എൻ ട്രസ്റ്റ്; ട്രസ്റ്റിന് കീഴിലെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിച്ചു; സമരം ഉണ്ടാക്കി നാശം വരുത്തിയാൽ നഷ്ടപരിഹാരം കുട്ടികളിൽനിന്ന് ഈടാക്കും; ഗുരു വചനങ്ങളെ തള്ളുന്നതാണ് തീരുമാനമെന്ന് വിദ്യാർത്ഥി സംഘടനകൾ

സംഘടിച്ച് ശക്തരാകേണ്ടെന്ന് എസ്എൻ ട്രസ്റ്റ്;  ട്രസ്റ്റിന് കീഴിലെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിച്ചു; സമരം ഉണ്ടാക്കി നാശം വരുത്തിയാൽ നഷ്ടപരിഹാരം കുട്ടികളിൽനിന്ന് ഈടാക്കും; ഗുരു വചനങ്ങളെ തള്ളുന്നതാണ് തീരുമാനമെന്ന് വിദ്യാർത്ഥി സംഘടനകൾ

കൊല്ലം: സംഘടിച്ച് ശക്തരാകാനായിരുന്നു ശ്രീ നാരായണ ഗുരുവിന്റെ ആഹ്വാനം. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഗുരു ഉപദേശിച്ചു. എസ് എൻ ട്രസ്റ്റിന്റേയും എസ് എൻ കോളേജുകളുടേയും പിറവിക്ക് കാരണവും ഈ ഉൾക്കാഴ്ച തന്നെയാണ്.

പക്ഷേ എസ് എൻ കോളേജിൽ പഠിക്കാൻ എത്തുന്നവർക്ക് ഇതിൽ ഒരു ഗുരുവാക്യം മാത്രമേ നെഞ്ചിലേറ്റാൻ കഴിയൂ. വിദ്യ കൊണ്ട് പ്രബുദ്ധരാകാമെന്ന ഗുരുവചനം മാത്രമേ വിദ്യാർത്ഥികൾ ഉൾക്കൊണ്ടാൽ മതിയെന്നാണ് എസ് എൻ ട്രസ്റ്റിന്റെ നിലപാട്. സംഘടിച്ച് ശക്തരാകാൻ ആഗ്രഹിക്കുന്നവർ മറ്റ് കോളേജുകൾ നോക്കണം. കാരണം സംഘം ചേരലും കലാലയ രാഷ്ട്രീയവുമെല്ലാം എസ് എൻ ട്രസ്റ്റിന് കീഴിലെ കോളേജുകളിൽ നിരോധിച്ചു.

എസ്എൻടിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. ഏത് വിഷയത്തിലും രാഷ്ട്രീയ നേതൃത്വങ്ങളെ സംഘടിത ശക്തിയുടെ പിൻബലത്തിൽ എതിർക്കുന്ന വെള്ളാപ്പള്ളി തന്നെ എസ് എൻ കോളേജുകളിലെ രാഷ്ട്രീയ പ്രവർത്തനത്തിനെതിരെ തീരുമാനമെടുത്തു എന്നതാണ് വസ്തുത. വിദ്യാർത്ഥികളുടെ സംഘടനാ പ്രവർത്തനങ്ങൾ മിക്കപ്പോഴും സംഘട്ടനമായി മാറുന്നതാണ് നിരോധനത്തിന് കാരണം. പഠന ദിനങ്ങളേയും ബാധിക്കുന്നു. ഇതിലെല്ലാം ഉപരി സംഘർഷങ്ങൾക്കിടെ കോളേജുകളുടെ പൊതു മുതലും വ്യാപകമായി നിശിപ്പിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ നിരോധനമെന്നാണ് എസ് എൻ ട്രസ്റ്റിന്റെ വിശദീകരണം.

കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കണമോ വേണ്ടയോ എന്ന് കോളേജ് മാനേജ്‌മെന്റുകൾക്ക് തീരുമാനിക്കാമെന്നാണ് കോടതി വിധി. ഈ സാഹചര്യത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം എസ് എൻ ട്രസ്റ്റിനുണ്ടെന്നാണ് വിലയിരുത്തൽ. പുറത്തു നിന്നുള്ളവർ കലാലയങ്ങളിലെത്തി രാഷ്ട്രീയത്തിന്റെ പേരിൽ പ്രശ്‌നമുണ്ടാക്കുന്നത് അനുവദിക്കില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. പുറത്തു നിന്നുള്ളവരെ കോളേജിൽ പ്രവേശിപ്പിക്കരുതെന്ന് പ്രിൻസിപ്പൾമാർക്കും ട്രസ്റ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോളേജിൽ സമരമോ പ്രകടനമോ പാടില്ലെന്ന് വ്യക്തമാക്കി ട്രസ്റ്റ് മാനേജരാണ് സർക്കുലർ ഇറക്കിയത്. സമരം ഉണ്ടാക്കി നാശമുണ്ടാക്കിയാൽ നഷ്ടപരിഹാരം കുട്ടികളിൽനിന്ന് ഈടാക്കുമെന്നും സർക്കുലറിലുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അതിപ്രസരം കുറയ്ക്കുന്നതിനാണ് തീരുമാനമെന്ന് എസ്എൻഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതിനിടെ വിലക്കിനെതിരെ എസ്എഫ്‌ഐയും കെഎസ്.യുവും അടക്കമുള്ള വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങൾക്ക് എതിരെയുള്ള പ്രഖ്യാപനമാണ് എസ് എൻ ട്രസ്റ്റ് നടത്തുന്നതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.

ട്രസ്റ്റ് തീരുമാനത്തിനെതിരെ സമരം ചെയ്യുമെന്നാണ് പ്രഖ്യാപനം. രാഷ്ട്രീയ പ്രവർത്തനങ്ങൾ കോളേജുകളിൽ സംഘർഷമാകുന്നില്ല. സംഘടിച്ച് ശക്തരാകാൻ ഗുരു നടത്തിയ ആഹ്വാനത്തിന് എതിരെയാണ് ട്രസ്റ്റിന്റെ തീരുമാനമെന്നും അവർ പറയുന്നു. കോളേജിൽ പുറത്തു നിന്നുള്ളവർ എത്തുന്നവർ തടയ്യാനാണെങ്കിൽ അതിന് രാഷ്ട്രീയ നിരോധനം ആവശ്യമില്ല.നിലവിലെ നിയമങ്ങളിൽ തന്നെ ഇതിനുള്ള വ്യവസ്ഥയുണ്ടെന്നും വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. സ്ഥാപിത താൽപ്പര്യമാണ് എസ് എൻ ട്രസ്റ്റ് സർക്കുലറിന് പിന്നിലെന്നും വിദ്യാർത്ഥി നേതാക്കൾ ആരോപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP