Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വയം ആധാരം എഴുതുന്ന പദ്ധതി തകർക്കാൻ ബാങ്കുകളും ഗൂഢാലോചന നടത്തുന്നു; സ്വയം എഴുതിയ ആധാരവുമായി ചെന്നാൽ ബാങ്കുകൾ ലോൺ നൽകില്ല; സർക്കാർ ഇടപെടൽ അനിവാര്യം

സ്വയം ആധാരം എഴുതുന്ന പദ്ധതി തകർക്കാൻ ബാങ്കുകളും ഗൂഢാലോചന നടത്തുന്നു; സ്വയം എഴുതിയ ആധാരവുമായി ചെന്നാൽ ബാങ്കുകൾ ലോൺ നൽകില്ല; സർക്കാർ ഇടപെടൽ അനിവാര്യം

തിരുവനന്തപുരം: ആധാരമെഴുത്തിനിടയിലെ ഇടനിലക്കാരെ ഒഴിവാക്കാൻ വേണ്ടിയാണ് സ്വന്തം നിലയിൽ ആധാരം എഴുതാൻ സർക്കാർ ജനങ്ങൾക്ക് അനുമതി നൽകിയത്. എന്നാൽ, ഈ സർക്കാർ ഉത്തരവ് സർക്കാറിന് തന്നെ ബാധ്യതയാകുകയാണ്. സ്വയം എഴുതിയ ആധാരവുമായി ചെന്നാൽ ബാങ്കുകൾ ലോൺ നൽകുന്നില്ലെന്നതാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. സംസ്ഥാനത്ത് ആധാരം രജിസ്‌ട്രേഷൻ കുത്തനെ കുറഞ്ഞതിനു പിന്നാലെ സ്വയം എഴുതിയ ആധാരങ്ങൾക്കു ബാങ്കുകൾ വായ്പ നിഷേധിക്കുക കൂടി ചെയ്യുന്നതോടെയാണ് രജിസ്‌ട്രേഷൻ മേഖലയിൽ ഗുരുതര പ്രതിസന്ധിയിലായത്.

സ്വയം എഴുതിയ ആധാരങ്ങൾ ഉപയോഗിച്ചു ബാങ്കുകളിൽ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ആധാരങ്ങളുടെ നിയമസൂക്ഷ്മ പരിശോധന നടത്തുന്ന അഭിഭാഷകർ ഇതു സംബന്ധിച്ചു സംശയം ഉയർത്തിയതോടെയാണ് ഇത്തരം ആധാരങ്ങളിന്മേൽ ബാങ്കുകൾ വായ്പ നിഷേധിക്കുന്നത്. വ്യാജ പട്ടയങ്ങളെന്ന സംശയമാണ് പലപ്പോഴും ഇങ്ങനെ ഇത്തരം ആധാരങ്ങളുമായി എത്തുന്നവരെ തിരിച്ചയക്കുന്നതിന് പ്രധാന കാരണം.

സഹകരണ മേഖലയിൽ ഒട്ടുമിക്ക ബാങ്കുകളും സ്വയം എഴുതുന്ന ആധാരങ്ങൾക്ക് ഇപ്പോൾ വായ്പ അനുവദിക്കുന്നില്ല. സ്വയം എഴുതുന്ന ആധാരങ്ങൾ ഈടായി സ്വീകരിച്ച് വായ്പ അനുവദിക്കാമെന്ന ഉത്തരവ് ബാങ്കുകൾ ഇതേവരെ പുറപ്പെടുവിച്ചിട്ടില്ല. ബാങ്ക് കൺസോർഷ്യവും ഇതു സംബന്ധിച്ചു വ്യക്തമായ നിർദേശങ്ങൾ ഇതേവരെ പുറപ്പെടുവിച്ചിട്ടുമില്ലാത്തതിനാൽ ഒട്ടുമിക്ക ഭരണസമിതികളും സ്വയം എഴുതി ആധാരങ്ങൾ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ്. ഇത്തരം ആധാരങ്ങളുടെ ഉത്തരവാദിത്വം ആർക്കെന്ന ആശങ്കയാണ് ബാങ്കുകളുടെ അഭിഭാഷകരെയും പിന്നോട്ടു വലിക്കുന്നതിനു പിന്നിൽ.

സ്വന്തമായി ആധാരമെഴുതാമെന്ന സൗകര്യം ജനങ്ങൾക്ക് ഉപയോഗപ്രദമെന്നു ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് രജിസ്‌ട്രേഷൻ ഓഫീസുകളിൽ നിന്നുള്ള കണക്കുകളും വ്യക്തമാക്കുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളിൽ പ്രയോഗിക്കുന്ന ഭാഷാശൈലി ഏകീകൃമാക്കുന്നതിന്റെ ഭാഗമായി 19 വിവിധ ആധാരങ്ങളുടെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ സാധാരണക്കാർക്ക് ഇതൊക്കെ വായിച്ചു മനസിലാക്കാൻ ബുദ്ധിമുട്ടാണ്.

നിലവിലുള്ള സിവിൽ നിയമ വ്യവസ്ഥകളിൽ കാതലായ മാറ്റവും ഭേദഗതികളും നടപ്പാക്കാതെയാണു പുതിയ നിയമം കൊണ്ടുവന്നത്. സ്വന്തമായി ആധാരം എഴുതുന്നവർക്കു കുറച്ചുനാളുകൾ കഴിയുമ്പോഴെ തങ്ങളുടെ പക്കലുള്ള രേഖകളുടെ അവകാശശോഷണത്തെ സംബന്ധിച്ച് വ്യക്തമായ അറിവു ലഭിക്കൂ. സ്വയം ആധാരം ചമക്കുന്നവർക്കാകട്ടെ ഇത് സംബന്ധിച്ച് യാതൊരു ധാരണയും ഉണ്ടാകില്ല. അതുകൊണ്ടു തന്നെ പിഴയാധാരങ്ങളും കള്ള പ്രമാണങ്ങളും വ്യാപകമായി ചമയ്ക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇക്കാരണം ഉന്നയിച്ചാണ് സ്വയം എഴുതുന്ന ആധാരങ്ങളിന്മേൽ പല സഹകരണ ബാങ്കുകളും വായ്പ നിഷേധിക്കുന്നത്.

സ്വയം ആധാരം എഴുതുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന്റെ സാധ്യത മുതലെടുക്കാൻ രജിസ്ട്രഷൻ വകുപ്പിൽനിന്നു വിരമിച്ച ചില ഉദ്യോഗസ്ഥർ നീക്കം നടത്തുന്നുമുണ്ട്. രജിസ്‌ട്രേഷൻ വകുപ്പിൽ ജോലി നോക്കിയിട്ടുള്ള ഓഫീസറുടെ സേവനം കിട്ടിയാൽ ആധാരം കുറ്റമറ്റതാവുമെന്ന വിശ്വാസമാവും അവർക്കുണ്ടാവുക. ഇതോടെ പരമ്പരാഗതമായും അല്ലാതെയും ആധാരമെഴുത്തു ജോലി ചെയ്തുവരുന്നവർ മേഖലയിൽനിന്നു പൂർണമായും പുറത്താകും.

തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ര്ട, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ആധാരമെഴുത്തുകാരുടെ ലൈസൻസ് റദ്ദാക്കി ഈ പദ്ധതി നടപ്പാക്കിയപ്പോൾ ആധാരമെഴുത്തുകാരെ ഒഴിവാക്കാതെ നിയമരേഖ എഴുതാനുള്ള അനുമതി അവർക്കു നൽകിയിരുന്നു. എന്നിട്ടും എല്ലാ കാര്യങ്ങൾക്കും ആധാരമെഴുത്തുകാരെയാണ് അവിടെ ജനം കൂടുതലായി ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിൽനഷ്ടം ഉണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP