Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുടുക്കാനോ രക്ഷപ്പെടുത്താനോ? മാണി അങ്കലാപ്പിൽ തന്നെ; ബാർ കോഴയിൽ ധനമന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ്; തിരക്കുള്ളതിനാൽ പിന്നീട് ആവാമെന്ന് മറുപടിയും; ബിജു രമേശിന്റെ ഹാർഡ് ഡിസ്‌ക് ഫോറൻസിക് പരിശോധനയ്ക്ക്; അന്വേഷണം അന്തിമഘട്ടത്തിലേക്ക്

കുടുക്കാനോ രക്ഷപ്പെടുത്താനോ? മാണി അങ്കലാപ്പിൽ തന്നെ; ബാർ കോഴയിൽ ധനമന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ്; തിരക്കുള്ളതിനാൽ പിന്നീട് ആവാമെന്ന് മറുപടിയും; ബിജു രമേശിന്റെ ഹാർഡ് ഡിസ്‌ക് ഫോറൻസിക് പരിശോധനയ്ക്ക്; അന്വേഷണം അന്തിമഘട്ടത്തിലേക്ക്

തിരുവനന്തപുരം: ബാർ കോഴ കേസിൽ ധനമന്ത്രി കെ.എം. മാണിയെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് വിജിലൻസ് മാണിയോടു സമയം തേടി. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്നും എന്നാൽ തിരക്കുള്ളതിനാൽ സമയം പിന്നീട് അറിയിക്കാമെന്നും മാണിയുടെ ഓഫീസ് വിജിലൻസിനെ അറിയിച്ചതായാണു റിപ്പോർട്ട്. കേസിൽ പരാതിക്കാരൻ ബിജു രമേശിന്റെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് ഫോറൻസിക് പരിശോധനക്കു വിധേയമാക്കാൻ വിജിലൻസ് തീരുമാനിച്ചു. ഇക്കാര്യം കാട്ടി വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി കുറച്ചുദിവസം മുമ്പ് മാണിയുടെ ഔദ്യോഗിക വസതിയുടെ പരിസരത്ത് വിജിലൻസ് പരിശോധന നടത്തിയിരുന്നു. മാണിക്ക് പണം കൈമാറുന്നത് കണ്ടുവെന്ന ബാറുടമ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇനി കേസിൽ പ്രധാനമായും ശേഷിക്കുന്നത് മാണിയുടെ ചോദ്യം ചെയ്യലാണ്. അതുകൂടി കഴിഞ്ഞാൽ വിജിലൻസ് അന്തിമ റിപ്പോർട്ട് തയാറാക്കും.

മാണിക്കെതിരായ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും എത്രയും വേഗം അന്തിമ റിപ്പോർട്ട് തയാറാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ വിജിലൻസ് കോടതിയെ ഇന്നലെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൊഴിയെടുക്കാൻ വിജിലൻസ് സമയം തേടിയത്. കേസ് അന്വേഷിക്കുന്ന വിജിലൻസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്‌പി.ആർ. സുകേശൻ 300ൽ ഏറെ ബാറുടമകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംശയമുള്ള ബാറുടമകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നുണ്ട്. ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയോടൊപ്പം നൽകിയ ശബ്ദരേഖയുടെ ഫൊറൻസിക് ഫലവും പ്രധാനമാണ്.

അഞ്ച് ബാറുടമകളെ നുണപരിശോധന നടത്താനുള്ള നടപടി പുരോഗമിക്കുന്നു. കേസിൽ ദൃക്‌സാക്ഷിയായ ബിജുരമേശിന്റെ ഡ്രൈവർ അമ്പിളി നുണപരിശോധനയ്ക്കു തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് ആലോചന. അതിനിടെ മാണി കാശ് വാങ്ങിയതിന് വ്യക്തയുള്ള തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അമ്പിളിയുടെ മൊഴിയാണ് നിർണ്ണായകം. നുണപരിശോധനയിൽ അമ്പിളി പറയുന്നത് ശരിയെന്ന് വന്നാൽ മാണി കുടുങ്ങും. എന്നാൽ നുണപരിശോധനാ ഫലം തെളിവായി കോടതി എടുക്കുകയില്ല. എങ്കിലും കുറ്റപത്രത്തിലേക്ക് കാര്യങ്ങളെത്തിക്കാൻ അത് മതിയാകും. ഈ സാഹചര്യത്തിൽ ബാർ കോഴയിൽ ചോദ്യം ചെയ്യാനുള്ള വിജിലൻസിന്റെ നീക്കത്തെ സംശയത്തോടെയാണ് മാണി കാണുന്നത്.

കുറ്റപത്രം സമർപ്പിച്ചാൽ ധനമന്ത്രിസ്ഥാനം മാണിക്ക് രാജിവയ്‌ക്കേണ്ടി വരും. അരുവിക്കര ഉപതെരഞ്ഞെടുപ്പിനിടെ അതുണ്ടായാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പോലും പിന്തുണയ്ക്കാൻ ഉണ്ടാകില്ലെന്ന് മാണിക്ക് അറിയാം. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ നീട്ടിവയ്ക്കാൻ മാണിയുടെ തന്ത്രപരമായ നീക്കമെന്നാണ് വിലയിരുത്തൽ. എക്‌സൈസ് മന്ത്രി കെ ബാബുവിനെതാരയ ആരോപണത്തിൽ ക്വിക്ക് വെരിഫിക്കേഷൻ ഫലത്തേയും മാണി പ്രാധാന്യത്തോടെയാണ് കാണുന്നത്. ലളിതകുമാരി കേസ് അനുസിരിച്ച് ബാബുവിനെതിരെ കേസ് എടുക്കേണ്ട സാഹചര്യം നിലവിലുണ്ട്. അങ്ങനെ വന്നാൽ അത് കോൺഗ്രസ് രാഷ്ട്രീയത്തേയും ബാധിക്കും.

അതിനിടെ പ്രതിസന്ധികളെ അതിജീവിച്ച് മന്ത്രി കെ.എം. മാണി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മാണിക്കെതിരെ എതിരാളികൾ ഉയർത്തുന്ന ആരോപണങ്ങളൊന്നും ഏശില്ല. നന്നായി സമരംചെയ്യുന്ന പാർട്ടിയാണ് സിപിഎമ്മെങ്കിലും അവർക്ക് സമരംനിർത്താനറിയില്ല. സഹിഷ്ണുതയില്ലാത്തതും ചർച്ച അനുവദിക്കാത്തതും ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രിമാരുടെ എംപവേർഡ് കമ്മിറ്റി അധ്യക്ഷനായി നിയമിതനായ കെ.എം. മാണിക്ക് കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്‌കറ്റ് ഹോട്ടലിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാണിയുടെ സ്ഥാനലബ്ധി കേരളത്തിന് ലഭിച്ച അംഗീകാരമാണ്. മാണി അവതരിപ്പിച്ച 13 ബജറ്റും ട്രഷറി ബെഞ്ചിലിരുന്ന് കേൾക്കാൻ കഴിഞ്ഞ ഏകവ്യക്തിയെന്ന റെക്കോഡ് തനിക്കാണ്. ധനമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ സ്ഥാനലബ്ദി. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന നാലുവർഷവും അതിന്റെ കണികപോലും ദൃശ്യമാക്കാതെ കൊണ്ടുപോകാൻ മാണിക്ക് കഴിഞ്ഞു. രാഷ്ട്രീയവൈരത്തിന്റെ പേരിൽ കാര്യങ്ങൾ അറിയാതെപോകുന്നുഅദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP