Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയുടെ ശബ്ദരേഖ കൈയിലുണ്ടെന്ന് ധനേഷ്; സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ പുറത്തുവിടുമെന്നും ബാറുടമാ നേതാവ്; തെളിവായി കൈരളി ടിവി ശബ്ദരേഖ പുറത്തുവിട്ടു; വിജിലൻസ് എസ്‌പി സുകേഷിന്റെ വെളിപ്പെടുത്തലിന് സ്ഥിരീകരണമായി; ബാർ കോഴയിൽ വീണ്ടും വഴിത്തിരിവ്

മാണിയുടെ ശബ്ദരേഖ കൈയിലുണ്ടെന്ന് ധനേഷ്; സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ പുറത്തുവിടുമെന്നും ബാറുടമാ നേതാവ്;  തെളിവായി കൈരളി ടിവി ശബ്ദരേഖ പുറത്തുവിട്ടു; വിജിലൻസ് എസ്‌പി സുകേഷിന്റെ വെളിപ്പെടുത്തലിന് സ്ഥിരീകരണമായി; ബാർ കോഴയിൽ വീണ്ടും വഴിത്തിരിവ്

ആലപ്പുഴ: ബാർ കോഴക്കേസിൽ മന്ത്രി കെ.എം മാണിയെ പ്രതിസ്ഥാനത്ത് നിറുത്തി കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. മാണിയുടെ ശബ്ദരേഖ ബാറുടമകളുടെ പക്കലുണ്ടെന്ന എസ്‌പി സുകേശന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ച് ബാറുടമ എംഡി ധനേഷും രംഗത്തെത്തി. കൈരളി പീപ്പിൾ ടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ശബ്ദരേഖ തന്റെ കയ്യിലുണ്ടെന്നും കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ ശബ്ദരേഖ പുറത്തുവിടുമെന്നും ബാർ ഓണേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ ധനേഷിന്റെ വെളിപ്പെടുത്തൽ. കൊച്ചിയിലെ മീനൂസ് ബാർ ഉടമയാണ് ധനേഷ്. അടുത്ത മാസം പത്തിന് ബാർ കേസ് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിൽ സർക്കാർ നിലപാട് അനുകൂലമല്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ധനേഷിന്റെ വാക്കുകളിലുള്ളത്.

പീപ്പിൾ പ്രതിനിധിയുമായുള്ള സംഭാഷണത്തിലുടനീളം ശബ്ദരേഖ തന്റെ കയ്യിലുണ്ടെന്ന വാദം ധനേഷ് നിഷേധിക്കുന്നില്ല. മാണിയുടെ ശബ്ദരേഖ കയ്യിലുണ്ടെന്ന് അറിഞ്ഞല്ലോ എന്ന് പറഞ്ഞപ്പോൾ എന്താ ഇപ്പോൾ എന്നെ വിളിക്കാൻ കാരണം എന്നായിരുന്നു ചോദ്യം. കേസ് വിജിലൻസ് അന്വേഷിച്ചതാണല്ലോ എന്നും ധനേഷ് പറയുന്നു. തന്റെ കൂടെയുള്ള എല്ലാവർക്കും എല്ലാകാര്യങ്ങളും അറിയാം. പക്ഷേ, ഭയം കൊണ്ടാണ് ആരും ഒന്നും പുറത്തുപറയാത്തത്. അവസരം വരുമ്പോൾ വജ്രായുധം പ്രയോഗിക്കും. കയ്യീന്ന് എല്ലാം പോയിട്ട് പ്രയോഗിച്ചിട്ട് കാര്യമില്ലെന്നും ധനേഷ് പറയുന്നു.

ചെറുകിട ബാറുകാരാണ് ഏറ്റവും അധികം കടത്തിൽ നിൽക്കുന്നത്. താനടക്കം എല്ലാവരുടെയും അവസ്ഥ പരിതാപകരമാണ്. അടുത്തമാസം പത്തിന് സുപ്രീംകോടതി പരിഗണിക്കുന്ന കേസിലാണ് ഇപ്പോൾ അവസാന പ്രതീക്ഷ. അന്ന് സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതും ലഭിച്ചില്ലെങ്കിൽ ഉറപ്പായും ശബ്ദരേഖ പുറത്തുവിടുമെന്നും ധനേഷ് വെളിപ്പെടുത്തുന്നു. ഇന്നലെയാണ് മാണിയുടെ ശബ്ദരേഖ ബാറുടമകളുടെ പക്കലുണ്ടെന്ന വിജിലൻസ് എസ്‌പി സുകേശന്റെ വെളിപ്പെടുത്തൽ പുറത്തുവന്നത്. ഇക്കാര്യം സ്ഥിരീകരിച്ച് ബാറുടമ ബിജു രമേശും രംഗത്തെത്തി.

ധനേഷിന്റെ കൈവശമാണ് ശബ്ദരേഖയുള്ളതെന്ന് സ്ഥിരീകരിച്ചത് ബിജു രമേശാണ്. കേസന്വേഷണത്തിൽ തനിക്ക് സമ്മർദ്ദം ഉണ്ടായെന്നതടക്കം നിർണായകമായ കാര്യങ്ങൾ എസ്‌പി വെളിപ്പെടുത്തിയിരുന്നു. മാണിക്കെതിരെ 60 ശതമാനം തെളിവുണ്ടെന്നും എസ്‌പി പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കാര്യങ്ങൾ എസ്‌പി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ധനേഷിന്റെ വെളിപ്പെടുത്തലും ചർച്ചയാകുന്നത്. അരുവിക്കര തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെളിപ്പെടുത്തലുകൾ മാത്രമാണിതെന്നാണ് യുഡിഎഫ് നേതാക്കളുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP