Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർകോഴയിൽ മന്ത്രിമാർക്കെതിരെ തെളിവുണ്ടെങ്കിൽ നടപടി വൈകുന്നത് എന്തുകൊണ്ടെന്ന് വിജിലൻസിനോട് ലോകായുക്ത; തെളിവ് ലഭിച്ചാൽ കുറ്റക്കാർക്കെതിരെ നടപടിയെന്ന് സുധീരൻ; കേസെടുത്താൽ രാജിവെക്കാൻ ഒരുങ്ങി കെ ബാബുവും: ബിജു രമേശിന്റെ രഹസ്യമൊഴിയിൽ കുരുങ്ങി യുഡിഎഫ്

ബാർകോഴയിൽ മന്ത്രിമാർക്കെതിരെ തെളിവുണ്ടെങ്കിൽ നടപടി വൈകുന്നത് എന്തുകൊണ്ടെന്ന് വിജിലൻസിനോട് ലോകായുക്ത; തെളിവ് ലഭിച്ചാൽ കുറ്റക്കാർക്കെതിരെ നടപടിയെന്ന് സുധീരൻ; കേസെടുത്താൽ രാജിവെക്കാൻ ഒരുങ്ങി കെ ബാബുവും: ബിജു രമേശിന്റെ രഹസ്യമൊഴിയിൽ കുരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: ബാർകോഴ കേസിൽ ബിരു രമേശിന്റെ രഹസ്യമൊഴി സംസ്ഥാന സർക്കാറിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി ഉയരുന്നു. ബിജുവിന്റെ ആരോപണത്തിൽ തെളിവുണ്ടെങ്കിൽ എന്തുകൊണ്ടാണ് നടപടി വൈകുന്നതെന്ന് വിജിലൻസിനോട് ലോകായുക്ത ആവശ്യപ്പെട്ടതോടെ കെ ബാബുവിനെതിരെയും കേസ് രജിസ്റ്റർ ചെയ്യുമെന്ന സൂചനയാണ് പുററത്തുവരുന്നത്. അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും ലോകായുക്ത വിജിലൻസിനോട് ആവശ്യപ്പെട്ടു.

കേസിൽ ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ മന്ത്രിമാർക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് ലോകായുക്ത വ്യക്തമാക്കിയത്. എന്നാൽ കേസെടുക്കുന്നത് സുപ്രീംകോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ആയിരിക്കണം എന്നും കോടതി നിർദ്ദേശിച്ചു. മന്ത്രിമാർക്കെതിരെ തെളിവുണ്ടെങ്കിൽ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത് എന്ന് വിജിലൻസിനോട് കോടതി ചോദിച്ചു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ജൂൺ 22നകം സമർപ്പിക്കാനും കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു. ഇതോടൊപ്പം മന്ത്രിമാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കണമെന്നും ലോകായുക്ത നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ബാർ കോഴ കേസിന്റെ അന്വേഷണത്തിൽ തെളിവ് ലഭിച്ചാൽ കുറ്റക്കാർക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നടപടി ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരനും വ്യക്തമക്കി. തെളിവില്ലാതെ ആരെയും ബലിയാടാക്കില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ബാർ കോഴ കേസിൽ തെളിവ് ലഭിച്ചാൽ അത് ഗൗരവമായി തന്നെ കാണും. കേസിൽ തെളിവ് കണ്ടെത്തേണ്ടത് വിജിലൻസ് സംഘമാണ്. നിലവിൽ ബാർ കോഴ ആരോപണത്തിന് ഇതുവരെ തെളിവ് കിട്ടിയതായി അന്വേഷണ സംഘം പറഞ്ഞിട്ടില്ലെന്നും സുധീരൻ വിശദീകരിത്തു. പാലക്കാട് വീരേന്ദ്ര കുമാറിന്റെ തോൽവി സംബന്ധിച്ച് യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കും.

അതേസമയം തന്റെ പേരിൽ കേസെടുത്താൽ താൻ രാജിവെക്കുമെന്ന നിലപാടിലാണ് എക്‌സൈസ് മന്ത്രി കെ ബാബു. ബിജു രമേശിന്റെ ആരോപണത്തിൽ വിശ്വസനീയമായ സാഹചര്യമുണ്ടായാൽ രാജി വെക്കാൻ മടിക്കില്ലെന്നാണഅ കെ.ബാബു വ്യക്തമാക്കിയത്. സാങ്കേതികത്വം പറയാൻ ഇഷ്ടപ്പെടുന്ന ആളല്ല താൻ. മാണിക്കും തനിക്കും രണ്ട് നീതിയാണെന്ന ആരോപണത്തോട് ഇപ്പോൾ പ്രതികരിക്കുന്നില്ല. നിയമമുണ്ടെങ്കിൽ വിജിലൻസ് അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കട്ടെയെന്നും കെ.ബാബു പറഞ്ഞു.

ബാറുകളുടെ ലൈസൻസ് പുതുക്കുന്നതിനായുള്ള തുക കുറച്ചു നൽകുന്നതിനായി മന്ത്രി ബാബുവിന് 10 കോടി രൂപ നൽകിയെന്ന ബിജു രമേശിന്റെ മൊഴി പുറത്തായതാണ് കെ.ബാബുവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലൈസൻസ് പുതുക്കാനുള്ള ഫീസ് 30 ലക്ഷത്തിൽ നിന്ന് 23 ലക്ഷം രൂപയാക്കി കുറച്ചത് കോഴ വാങ്ങിയതിന് ശേഷമാണെന്നും ബിജു രമേശിന്റെ മൊഴിയിലുണ്ട്. 164ാം വകുപ്പനുസരിച്ചുള്ള മൊഴിയായതിനാൽ വിജിലൻസിന് കേസെടുക്കാനും ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും കഴിയുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ബിജു രമേശിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുമെന്നും കെ.ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യവിൽപ്പനക്കാരന്റെ ജൽപ്പനങ്ങൾ മാത്രമാണ് ബിജു നടത്തുന്നതെന്നും പ്രതിപക്ഷത്തോടൊപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കെ.ബാബു ആരോപിച്ചിരുന്നു. 

എന്നാൽ ാറുടമ ബിജു രമേശ് ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരിൽ മാത്രം മന്ത്രി കെ.ബാബു രാജിവെക്കേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ വ്യക്തമാക്കി. അങ്ങനെ ആരോപണവിധേയരായ മന്ത്രിമാർ രാജിവച്ച് തുടങ്ങിയാൽ ഏതെങ്കിലും സർക്കാർ നിലനിൽക്കുമോ? ഏതുകാലത്താണ് സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടാകാത്തത്? അത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തായാലും യു.ഡി.എഫിന്റെ ആയാലും. ഒരാൾ അഴിമതി ആരോപിച്ചാൽ അതിനെ ആധികാരിക രേഖയായി കാണുന്നത് ഏത് അടിസ്ഥാനത്തിലാണ്? ആരോപണം നിയമപരമായി തെളിയിച്ചാലേ അത് കുറ്റമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേസെടുത്താൽ ബാബു രാജിവച്ചാൽ ധാർമ്മികതയുടെ പേരിൽ ധനമന്ത്രി കെ എം മാണിയും രാജിവെക്കേണ്ടി വരുമെന്നതാണ് ഉമ്മൻ ചാണ്ടി സർക്കാറിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഇത് യുഡിഎഫിന് കൂടുതൽ പ്രതിസന്ധിയിലാക്കും. ബാർകോഴ കേസ് മറയാക്ക ഐ ഗ്രൂപ്പ് നേതൃമാറ്റത്തിന് ശ്രമിക്കുമ്പോവാണ് ബിജു രമേശിന്റെ രഹസ്യമൊഴി കൂടുതൽ കുരുക്കായി സർക്കാറിന് മാറിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP