Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണിക്ക് ആദ്യം 15 ലക്ഷവും പിന്നീട് 35 ലക്ഷവും കൈമാറി; ബിജു രമേശിന്റെ ഡ്രൈവർ രാവിലെ ആറരയ്ക്ക് വീട്ടിൽ കൊണ്ട് പണം കൊടുത്തു; പിസി ജോർജ്ജിന്റേയും ബാർ ഉടമകളുടേയും ഫോൺ പരിശോധിച്ചാൽ തെളിവുകൾ ലഭിക്കും; ആരോപണവുമായി കോടിയേരി നിയമസഭയിൽ

മാണിക്ക് ആദ്യം 15 ലക്ഷവും പിന്നീട് 35 ലക്ഷവും കൈമാറി; ബിജു രമേശിന്റെ ഡ്രൈവർ രാവിലെ ആറരയ്ക്ക് വീട്ടിൽ കൊണ്ട് പണം കൊടുത്തു; പിസി ജോർജ്ജിന്റേയും ബാർ ഉടമകളുടേയും ഫോൺ പരിശോധിച്ചാൽ തെളിവുകൾ ലഭിക്കും; ആരോപണവുമായി കോടിയേരി നിയമസഭയിൽ

തിരുവനന്തപുരം: ബാർകോഴയിൽ മുങ്ങി നിയമസഭാ സമ്മേളനം ബഹളത്തോടെ തുടങ്ങി. മാണിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ രംഗത്ത് എത്തി. അടിയന്തര പ്രമേയത്തിനായുള്ള അവതരണാനുമതി ചർച്ചയിൽ രൂക്ഷമായ ആരോപണമാണ് കോടിയേരി ഉന്നയിച്ചത്. ഇതിനൊപ്പം തെളിവും ഹാജരാക്കി. ബാർ ഉടമകളുടെ യോഗത്തിലെ പ്രസംഗങ്ങളാണ് കോടിയേരി ഹാജരാക്കിയത്. കെഎം മാണിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. പിന്നീട് സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

ചോദ്യോത്തരവേള കഴിഞ്ഞ് ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടുമ്പോഴാണ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ മാണിക്കെതിരായ തെളിവുകൾ സഭയിൽ ഹാജരാക്കിയത്. സിഡി സഭയിൽ വയ്ക്കുകയും ചെയ്തു. എന്നാൽ മുൻകൂട്ടി അനുമതി വങ്ങാതെ തെളിവ് നൽകാനാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തനും അറിയിച്ചു. ഇതിന് ശേഷം പ്രസംഗത്തിലുടനീളം മാണിയെ കോടിയേരി കടന്നാക്രമിച്ചു. ഏപ്രിൽ രണ്ടിന് രാവിലെ 6.30ന്, ബാർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു രമേശിന്റെ കാറിലെത്തിയാണ് മാണിക്ക് പണം കൈമാറിയതെന്ന് കോടിയേരി ആരോപിച്ചു. ആദ്യം 15 ലക്ഷം രൂപയും പിന്നീട് 35 ലക്ഷം രൂപയുമാണ് കൈമാറിയതെന്നും വ്യക്തമാക്കി.

മാണിയുടെ വീട്ടിലെത്തിയാണ് അസോസിയേഷൻ നേതാക്കൾ പണം കൈമാറിയത്. ബാർ ആസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ KL 01 B 7878 എന്ന നമ്പറുള്ള കാറിലാണ് ഇവർ എത്തിയതെന്ന് കോടിയേരി പറഞ്ഞു. ഏപ്രിൽ 2ന് രാവിലെ 6.30യ്ക്കാണ് തുക കൈമാറിയത്. മാണിക്കെതിരായ വെളിപ്പെടുത്തൽ സർക്കാർ ചീഫ് വിപ്പ് പി.സി.ജോർജ് സ്ഥിരീകരിച്ചതാണ്. ആരോപണത്തിൽ പി സി ജോർജിന്റെ ഫോൺ സംഭാഷണങ്ങളും പരിശോധിക്കണം. ബാർ കോഴ ആരോപണത്തിൽ തെളിവുകളുണ്ടായിട്ടും ഇതുവരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

ബാർ കോഴ ആരോപണം ഉന്നയിച്ച ബാർ അസോസിയേഷൻ നേതാക്കളുടെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. മാണിക്കെതിരെ നിയമാനുസൃതമായി കേസെടുത്താൽ സർക്കാർ താഴെ വീഴും. അതുകൊണ്ടാണ് ആരോപണ വിധേയരെ സർക്കാർ സംരക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.'ബാർ ലൈസൻസ് വിഷയം ചർച്ച ചെയ്ത ക്യാബിനറ്റിന്റെ വിശദാംശങ്ങൾ വേണം. ഇതുമായി ബന്ധപ്പെട്ട മിനിറ്റ്‌സ് സഭയുടെ മേശപ്പുറത്ത് വയ്ക്കണം. ആരൊക്കെ എതിർത്തെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എന്നാൽ ആരോപണങ്ങളെല്ലാം കെഎം മാണി സഭയിൽ നിഷേധിച്ചു. ആരിൽ നിന്നും താനോ പാർട്ടിയോ കോഴ വാങ്ങിയിട്ടില്ല. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും അറിയിച്ചു. തനിക്കെതിരെ പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ മന്ത്രി കെ.എം. മാണി പറഞ്ഞു. ബാർ തുറക്കുന്നതുമായി ബന്ധപ്പെട്ട് താനോ തന്റെ പാർട്ടിയോ ഒരു പൈസയും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും മാണി പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ബാർ ഉടമകളുമായി ചേർന്ന് ഗൂഡാലോചന നടത്തുകയാണ്. ഇത് ശരിയായ നടപടിയാണോ?. ഇതിന്റെ ഭാഗമായാണ് ആരോപണം സംബന്ധിച്ച സി.ഡി. സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ ശ്രമിക്കുന്നത്മാണി പറഞ്ഞു.

കേസിലെ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. ബാർ കോഴ കേസിൽ ആരെയും കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. വിജിലൻസ് കൂട്ടിലടച്ച തത്തയല്ലെന്നും ബാർ കോഴ ആരോപണത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ആരോപണത്തിൽ സർക്കാർ ചീഫ് വിപ്പ് പി.സി.ജോർജിന്റെയും ധനമന്ത്രി കെ.എം മാണിയുടെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാർ കോഴ പ്രശ്‌നത്തിൽ വിജിലൻസിന്റെ പ്രാഥമിത അന്വേഷണറിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്നായിരുന്നു പ്രതിഷേധമുയർത്തിയുള്ള പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.

ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽയിരുന്നു. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നൽകിയത്. ഇതിലുള്ള അവതരണാനുമതി ചർച്ചയിലാണ് വിവാദം തുടങ്ങിയത്. ചോദ്യോത്തരവേളയിലും ഈ വിഷയം ഉയർത്താൻ ശ്രമിച്ചിരുന്നു. കെ.എം. മാണിക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്ലാക്കാർഡുകളുമേന്തിയാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിലെത്തിയത്. മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.

ചോദ്യോത്തരവള നിർത്തിവച്ച് അടിയന്തര പ്രമേയ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു. എന്നാൽ അത് ഡെപ്യൂട്ടി സ്പീക്കർ നിഷേധിച്ചു. ചോദ്യോത്തരവേളക്ക് ശേഷം അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ ഡെപ്യൂട്ടി സ്പീക്കർ അനുമതി നൽകി. ഈ ബഹളം തുടതുന്നതിനിടെയാണ് കെ.എം. മാണി സഭയിലെത്തിയത്. അതിനിടെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി കെ. ബാബു സഭയിൽ പറഞ്ഞു.

ദേശിയപാതക്കരികിലെ മദ്യവിൽപനശാലകൾ ഘട്ടം ഘട്ടമായി പൂട്ടുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും ബാബു പറഞ്ഞു. ശനിയാഴ്ചകളിൽ മദ്യവിൽപന കൂടിയിട്ടുണ്‌ടെന്നും മന്ത്രി പറഞ്ഞു.അടച്ചുപൂട്ടിയ ബാറുകളിലെ തൊഴിലാളികൾക്ക് ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ചാണ് 10,000 രൂപ ധനസഹായം നൽകുമെന്നും ബാബു പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP