Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയെ കുടുക്കാനുറച്ച് 'കൂട്ടിലടക്കാത്ത തത്ത'; ബാർ കോഴയിലെ തുടരന്വേഷണത്തിൽ നിന്ന് പിന്മാറി സുകേശൻ; ഡിവൈഎസ്‌പി നജ്മൽ ഹസന് ചുമതല നൽകി ജേക്കബ് തോമസും; വിജിലൻസ് ഡയറക്ടർ പ്രതികാരം തീർക്കുന്നുവെന്ന് മാണി

മാണിയെ കുടുക്കാനുറച്ച് 'കൂട്ടിലടക്കാത്ത തത്ത'; ബാർ കോഴയിലെ തുടരന്വേഷണത്തിൽ നിന്ന് പിന്മാറി സുകേശൻ; ഡിവൈഎസ്‌പി നജ്മൽ ഹസന് ചുമതല നൽകി ജേക്കബ് തോമസും; വിജിലൻസ് ഡയറക്ടർ പ്രതികാരം തീർക്കുന്നുവെന്ന് മാണി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിനു വിജിലൻസ് കോടതി ഉത്തരവിട്ടു. അതിനിടെ, ബാർ കോഴക്കേസിലെ തുടരന്വേഷണ ചുമതലയിൽനിന്ന് ആർ.സുകേശനെ ഒഴിവാക്കി. അന്വേഷണത്തിനു താൽപ്പര്യമില്ലെന്ന് സുകേശൻ അറിയിച്ചതിനെ തുടർന്നാണ് നടപടിയെന്ന് വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. സുകേശനു പകരം പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി നജ്മൽ ഹസനാകും ബാർക്കോഴ കേസിൽ തുടരന്വേഷണം നടത്തുക. കേസിൽ അന്വേഷണം പൂർണമായിട്ടില്ലെന്നും കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

വിജിലൻസ് ഇപ്പോൾ കൂട്ടിലടച്ച തത്തയല്ലെന്ന് വിജിലൻസ് ഡയറക് ടർ ജേക്കബ് തോമസ് പ്രതികരിച്ചിട്ടുമുണ്ട്. ബാർകോഴക്കേസിൽ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെയുള്ള ശക്തമായ അന്വേഷണം ഉണ്ടാകും. ബാർകോഴക്കേസുമായി ബന്ധപ്പെട്ട് 2014 മുതൽ പല നിയമോപദേശങ്ങൾ വിജിലിൻസിന് മുമ്പാകെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാർ കോഴയിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി: ആർ.സുകേശന്റെ ഹർജിയിലാണു നടപടി. ഈ സാഹചര്യത്തിലാണ് സുകേശൻ പിന്മാറുന്നത്. ബാർ കോഴക്കേസ് അട്ടിമറിച്ചത് വിജിലൻസ് ഡയറക്ടറായിരുന്ന എൻ.ശങ്കർ റെഡ്ഡിയാണെന്ന് സുകേശൻ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ധനമന്ത്രിയായിരുന്ന കെ.എം.മാണിക്കെതിരെ കുറ്റപത്രം വേണമെന്ന റിപ്പോർട്ട് റെഡ്ഡി അംഗീകരിച്ചില്ലെന്നും സുകേശൻ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, കേസിൽ തുടരന്വേഷണം നടക്കട്ടെയെന്ന് ശങ്കർ റെഡ്ഡി പ്രതികരിച്ചു. എല്ലാ തെളിവുകളും രേഖകളും കോടതിയുടെ പക്കലുണ്ട്.

അടച്ച ബാറുകൾ തുറക്കാൻ കെ.എം മാണിക്ക് ഒരു കോടി രൂപ കോഴ നൽകിയെന്ന ബാർ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ത്വരിതപരിശോധന നടത്തുകയും കെ.എം മാണിക്കെതിരെ കേസ് എടുക്കാമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് അന്നത്തെ വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ എസ്‌പി സുകേശനെ കേസ് അന്വേഷണം ഏൽപിച്ചു. സുകേശൻ തന്നെ പുരസ്പര വിരുദ്ധമായ രണ്ട് റിപ്പോർട്ടുകൾ സമർപ്പിച്ചു. ഇതിൽ ഒന്ന് മാണിയെ പ്രതിയാക്കാമെന്നും മറ്റൊന്ന് മാണിയെ കുറ്റവിമുക്തനാക്കുന്നതുമായിരുന്നു. മാണിയെ കുറ്റവിമുക്തനാക്കിയ രണ്ടാമത്തെ അന്വേഷണ റിപ്പോർട്ട് നൽകിയത് അന്നത്തെ വിജിലൻസ് ഡയറക് ടർ എൻ.ശങ്കർറെഡ്ഡി ഇടപെട്ട് കേസ് ഡയറിയിൽ നിർബന്ധിച്ച് കൃത്രിമം വരുത്തിയതിനാലാണെന്നും ചൂണ്ടിക്കാട്ടി സുകേശൻ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു. അന്വേഷണം കൃത്യമായി പൂർത്തീകരിക്കാനും കഴിഞ്ഞില്ല. തെളിവുകൾ തിരസ്‌കരിച്ചു.

ശങ്കർ റെഡ്ഡിയുടെ നിർബന്ധത്തെ തുടർന്നാണ് അന്വേഷണ റിപ്പോർട്ടിൽ തിരുത്തൽ വരുത്തി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് കൊടുക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലും സുകേശൻ ഹർജിയിൽ ഉന്നയിച്ചിരുന്നു. കെ.എം മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ റിപ്പോർട്ട് ശങ്കർ റെഡ്ഡി തള്ളിക്കളഞ്ഞുവെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. സുകേശന്റെ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്.

ജേക്കബ് തോമസിനെതിരെ ആരോപണവുമായി മാണിയും

അതിനിടെ കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുതയും വിജിലൻസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഒത്തുകളിയാണ് ബാർ കേസുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി പറഞ്ഞു. കുറ്റം തെളിയുന്നത് വരെ ഒരാൾ നിഷ്‌കളങ്കനാണെന്നും മാണി പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്റെ നിലപാട് നീതീകരിക്കാവുന്നതല്ല. യാതൊരു തെളിവുമില്ലെന്നും താൻ കുറ്റക്കാരനല്ലെന്നുമാണ് ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞത്. പിന്നീട് മൂന്ന് കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടപ്പോഴും കോടതിയിൽ ഇതേ നിലപാട് തന്നെയാണ് ഉദ്യോഗസ്ഥൻ ആവർത്തിച്ചത്. ഇദ്ദേഹം ഇപ്പോൾ തുടരന്വേഷണം ആവശ്യപ്പെട്ടതിൽ ദുരൂഹതയുണ്ട്.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുമ്പ് പോർട്ട് ട്രസ്റ്റ് ചെയർമാനായിരിക്കെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ താൻ അതിന് അനുമതി നൽകിയിരുന്നു. ജേക്കബ് തോമസിന് തന്നോടുള്ള നീരസത്തിന് ഇതാകാം കാരണമെന്നും മാണി പറഞ്ഞു. ആരോപണങ്ങൾ കൊണ്ടും ഗൂഢാലോചന കൊണ്ടും പ്രതികാര നടപടി കൊണ്ടും കേരളാ കോൺഗ്രസിനെ തകർക്കാമെന്ന് കരുതേണ്ട. കേരളാ കോൺഗ്രസ് കൂടുതൽ ശക്തി പ്രാപിക്കുകയാണ് ഇതിലൂടെ ചെയ്യുകയെന്നും മാണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP