Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിലക്കുറവും ഡിസ്‌കൗണ്ടുമേളയും പ്രഖ്യാപിച്ച് ബാറുകൾ പരമാവധി മദ്യം വിറ്റു; 11 മണിയോടെ എക്‌സൈസുകാർ സീലിങ്ങ് ആരംഭിച്ചു; തർക്കങ്ങൾക്ക് ഇട നൽകാതെ വിധി വന്ന ഉടൻ തന്നെ ബാറുകൾക്ക് താഴു വീണു; പലതവണ ആഘോഷപൂർവ്വം വിട ചൊല്ലിയ കുടിയന്മാർക്ക് ഇന്നലെ ആ ആശ്വാസവും നഷ്ടമായി

വിലക്കുറവും ഡിസ്‌കൗണ്ടുമേളയും പ്രഖ്യാപിച്ച് ബാറുകൾ പരമാവധി മദ്യം വിറ്റു; 11 മണിയോടെ എക്‌സൈസുകാർ സീലിങ്ങ് ആരംഭിച്ചു; തർക്കങ്ങൾക്ക് ഇട നൽകാതെ വിധി വന്ന ഉടൻ തന്നെ ബാറുകൾക്ക് താഴു വീണു; പലതവണ ആഘോഷപൂർവ്വം വിട ചൊല്ലിയ കുടിയന്മാർക്ക് ഇന്നലെ ആ ആശ്വാസവും നഷ്ടമായി

തിരുവനന്തപുരം: ഹൈക്കോടതിവിധിയോടെ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊഴികെ സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും താഴുവീണു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൂട്ടിയ ബാറുകൾ ഇന്നലെ രാത്രി തന്നെ എക്‌സൈസ് അധികൃതർ സീൽ ചെയ്തു. സ്റ്റോക്കുണ്ടായിരുന്ന മിച്ചം മദ്യം സ്റ്റോറിലാക്കി. രാത്രി 11 ഓടെ സി.ഐ മാരുടെയും ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിൽ എത്തിയാണ് ബാർപൂട്ടിയത്. ഇന്ന് ബിവറേജസ് കോർപ്പറേഷന് സ്റ്റോക്കെടുപ്പു ദിവസമാണ്. അതിനാൽ നാളെയോ അടുത്ത ദിവസങ്ങളിലോ മിച്ചമുള്ള മദ്യത്തിന്റെ കണക്ക് തിട്ടപ്പെടുത്തി ബിവറേജസ് ഗോഡൗണിലേക്കു മാറ്റും. ബാറുടമകൾക്ക് ഇതിന്റെ വില കിട്ടുമെങ്കിലും തിരിച്ചെടുത്ത മദ്യം എങ്ങനെ ഉപയോഗിക്കുമെന്ന കാര്യം പിന്നീട് സർക്കാർ തലത്തിൽ തീരുമാനിക്കും. ബാർ പൂട്ടൽ കേസിൽ നിയമപോരാട്ടം തുടരുമെന്നും ഉടൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും ബാർ ഹോട്ടൽ ഉടമാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജ്കുമാർ ഉണ്ണി പറഞ്ഞു.

ആഘോഷം പോലുമാക്കാതെയാണ് ബാറു പൂട്ടലിനോട് കുടിയന്മാർക്ക് പ്രതികരിക്കേണ്ടി വന്നത്. മുമ്പ് മദ്യനയത്തിന്റെ ഭാഗമായി ബാറുകൾ പൂട്ടുമെന്ന് അറിഞ്ഞപ്പോൾ ആ ദിവസം അവർ ആഘോഷമാക്കി. പിന്നീട് കോടതി സ്‌റ്റേയിലൂടെ ബാർ തുറന്നപ്പോഴും അത് തന്നെ സംഭവിച്ചു. എന്നാൽ ഇന്നലെ അതിനും സമയം കിട്ടിയില്ല. കോടതി വിധി അവസാന നിമിഷമാണ് എത്തിയത്. വിധി ബാറുകൾക്ക് അനുകൂലമാകുമെന്നാണ് കരുതിയത്. ഹൈക്കോടതിയെ സ്വാധീനിച്ചു എന്ന തരത്തിൽ ബാറുടമകൾ തന്നെ കഥകളും ഇറക്കി. അതുകൊണ്ട് തന്നെ ബാറു പൂട്ടില്ലെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് തന്നെ ത്രിസ്റ്റാർ ബാറുകളിലെ അവസാന ദിവസം ആഘോഷമാക്കാൻ അവർക്കായില്ല. അപ്രതീക്ഷിതമായെത്തിയ വിധിയെ ഞെട്ടലോടെ കേൾക്കാനെ അവർക്കായുള്ളൂ.

ചൊവ്വാഴ്ച രാത്രി 10.30ന് ശേഷമാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ബാറുകളിലെത്തി മദ്യശേഖരം തിട്ടപ്പെടുത്തി മുദ്രെവച്ചത്. ഡെപ്യൂട്ടി കമ്മീഷണർമാരും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർമാരും ഉദ്യോഗസ്ഥർക്ക് നേതൃത്വം നൽകി. 300 ബാറുകളാണ് പൂട്ടേണ്ടിയിരുന്നത്.
അബ്കാരി ചട്ടത്തിലെ ഭേദഗതിപ്രകാരം പൂട്ടിയ ബാറുകളിലെ മദ്യശേഖരം ബിവറേജസ് കോർപ്പറേഷനോ മറ്റ് ലൈസൻസികൾക്കോ കൈമാറാം. 24 പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമാണ് ബാർ ലൈസൻസുള്ളത്. ഇവർ മറ്റു ബാറുകളിലെ മദ്യശേഖരം ഏറ്റെടുക്കാനിടയില്ല. അതിനാൽ, ബിവറേജസ് കോർപ്പറേഷന് നൽകും. സർക്കാരിൽ മദ്യമെത്തുന്നത് പരമാവധി കുറയ്ക്കാൻ ബാറുടമകളും ശ്രമിച്ചു. ഹൈക്കോടതി വിധി എതിരായതോടെ മദ്യം മുഴുവൻ വിൽക്കാനും ശ്രമം നടന്നു. വിലകുറച്ചും ഡിസ്‌കൗണ്ടിലും പരമാവധി മദ്യം പലരും വിറ്റു തീർത്തു.

അതുകൊണ്ട് തന്നെ വലിയ അളവിൽ മദ്യം എക്‌സൈസുകാർ പിടിച്ചെടുത്തിട്ടില്ല. ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നതിനാൽ, പ്രവർത്തിച്ചിരുന്ന 300 ബാറുകളിലും കാര്യമായ മദ്യശേഖരമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. മാർച്ച് 31നാണ് ലൈസൻസ് കാലാവധി അവസാനിക്കുന്നത്. കോടതിവിധി അനുകൂലമായിരുന്നാൽപ്പോലും ലൈസൻസ് പുതുക്കി ലഭിക്കാൻ കാലതാമസമുണ്ടാകുമായിരുന്നു. ഏപ്രിൽ ഒന്നിന് ഡ്രൈ ഡേയാണ്. അതുകഴിഞ്ഞേ ലൈസൻസ് പുതുക്കൽ നടപടികൾ ആരംഭിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് കണക്കിലെടുത്ത് ബാർ ലൈസൻസികൾ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നില്ല.

ആദ്യഘട്ടത്തിൽ പൂട്ടിയ 418 ബാറുകളിലെ മദ്യശേഖരം ബിവറേജസ് കോർപ്പറേഷന് കൈമാറിയിരുന്നു. പൂട്ടിയ ബാറുകളിൽനിന്ന് തിരിച്ചെടുത്ത മദ്യം വിൽക്കാൻ ബിവറേജസ് കോർപ്പറേഷൻ തയ്യാറായില്ല. ഈ മദ്യശേഖരം ബിവറേജസിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. അബ്കാരി ചട്ടപ്രകാരം ബിവറേജസ് കോർപ്പറേഷനും ലൈസൻസിയാണ്. ഒരു ലൈസൻസ് റദ്ദാക്കേണ്ടിവരുമ്പോൾ അതിലെ മദ്യശേഖരം മറ്റൊരു ലൈസൻസിക്ക് നൽക്കാൻ വ്യവസ്ഥയുണ്ട്. ഇതു പ്രകാരമാണ് ബിവറേജസ് കോർപ്പറേഷന് മദ്യം കൈമാറുന്നത്.

നിലവാരമില്ലെന്ന പേരിൽ 2014 മാർച്ച് 31ന് 418 ബാറുകൾക്കു പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. സംസ്ഥാനത്ത് പകുതിയോളം ബാറുകൾ അടച്ചുപൂട്ടിയതും മറ്റുള്ളവയ്ക്ക് പ്രവർത്തനാനുമതി നൽകുകയും ചെയ്തതു കോളിളക്കം സൃഷ്ടിച്ചു. കോൺഗ്രസിലും യു.ഡി.എഫിലും നേതാക്കൾക്കിടയിൽ ഇതേച്ചൊല്ലി ശക്തമായ അഭിപ്രായഭിന്നത ഉടലെടുത്തു. തർക്കം രൂക്ഷമായതോടെ ഫൈവ് സ്റ്റാറുകൾ ഒഴികെയുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് 24 ഫൈവ് സ്റ്റാർ ബാർ ഹോട്ടലുകൾ ഒഴികെയുള്ളവയ്ക്ക് ലൈസൻസ് നിഷേധിച്ചു.

ഒരു വിഭാഗം ബാറുടമകളുടെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചതോടെ മുന്നൂറോളം ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഹെറിറ്റേജ് ബാറുകൾക്കു കൂടി പ്രവർത്തനാനുമതി ലഭിച്ചു. ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെ ഇവയ്ക്കും ഇന്നലെ താഴ് വീണു. നേരത്തേ അടച്ചുപൂട്ടിയ 418 ബാറുകളിൽ ഭൂരിപക്ഷവും പിന്നീട് ബിയർ ആൻഡ് വൈൻ പാർലറുകളായി മാറി. പുതിയ ഉത്തരവ് ഇവയുടെ പ്രവർത്തനത്തെ ബാധിക്കില്ല. ഇന്നലെ അടച്ചുപൂട്ടിയ ബാറുകൾക്കും ആവശ്യമെങ്കിൽ ബിയർ ആൻഡ് വൈൻ പാർലർ ലൈസൻസ് ലഭ്യമാക്കുമെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP