Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ല; പ്രത്യേക ജാമ്യവുമായി ബിന്ധ്യ സംസ്‌കാരത്തിന് എത്തും; ദുരൂഹമായി പൊലിഞ്ഞത് കേരളം ആദരിച്ച നാടകക്കാരി മോളിയുടെ ജീവിതം

മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ല; പ്രത്യേക ജാമ്യവുമായി ബിന്ധ്യ സംസ്‌കാരത്തിന് എത്തും; ദുരൂഹമായി പൊലിഞ്ഞത് കേരളം ആദരിച്ച നാടകക്കാരി മോളിയുടെ ജീവിതം

കൊല്ലം: നാടകനടി മോളി തോമസിന്റെ (52) മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചി ബ്ലാക്‌മെയിൽ പെൺവാണിഭ കേസിലെ പ്രതി മകൾ ബിന്ധ്യയ്ക്ക് കോടതിയുടെ പ്രത്യേകാനുമതി ലഭിച്ചു. അതിനിടെ ബ്ലാക്ക് മെയ്‌ലിങ് കേസിലെ പ്രതി ബിന്ധ്യാസ് തോമസിന്റെ അമ്മ മോളി തോമസിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല. മോളിയുടേത് ആത്മഹത്യയോ അപകട മരണമേ എന്ന് ഇതുവരെയും സ്ഥിരീകരിക്കാൻ പൊലീസിന് ആയിട്ടില്ല.

ബ്ലാക്ക് മെയിലിങ് കേസിൽ തിരുവനന്തപുരം വനിതാ ജയിലിൽ കഴിയുന്ന ബിന്ധ്യ ഇന്ന് ഉച്ചയോടെ പുന്നപ്ര സെന്റ് ജോസഫ് ഫെറോന ദേവാലയത്തിൽ നടക്കുന്ന സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം തിരികെ പോകും. ഇതിനുള്ള കോടതി ഉത്തരവ് ജയിലിൽ കിട്ടിക്കഴിഞ്ഞു. അമ്മയുടെ മരണം ചൂണ്ടിക്കാട്ടിയാണ് ബിന്ധ്യ കോടതിയെ സമീപിച്ചത്.

മോളി മരിച്ച് കിടന്ന കപ്പക്കട പനച്ചുവട് ഭാഗത്തുള്ള തന്റെ സഹോദരന്റെ വീട്ടിൽ മോളി രണ്ട് ദിവസം മുമ്പ് വന്നിരുന്നതായി നാട്ടുകാർ പറയുന്നു. ബിന്ധ്യയെ സന്തത സഹചാരിയായി കൊണ്ടു നടന്നിരുന്നത് മോളിയുടെ സഹോദരീ പുത്രനായിരുന്നു. എന്നാൽ ബിന്ധ്യ കേസിൽ അകപ്പെട്ടതോടെ എല്ലാവരും ഈ കുടുംബത്തിൽ നിന്ന് അകന്നു. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന ബാഗിൽ നിന്ന് ബിന്ധ്യയ്ക്ക് വേണ്ടി ജാമ്യാപേക്ഷ നൽകിയിരുന്നതിന്റെ ചില രേഖകൾ പൊലീസ് കണ്ടെത്തിയിരുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മോളിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബിന്ധ്യ എത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും. കഴിഞ്ഞ ദിവസമാണ് ബിന്ധ്യാസിന്റെ അമ്മ മോളി തോമസിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തീരദേശ റെയിൽപാതയിൽ പുന്നപ്രയ്ക്ക് സമീപത്താണ് മോളി തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാൽ മൃതദേഹം ഏറ്റെടുക്കാൻ ആരും തയ്യാറായുമില്ല.

വർഷങ്ങളായി കൊച്ചിയിലെ ഫ്‌ലാറ്റിൽ താമസിച്ചിരുന്ന മോളിയെ ആത്മഹത്യ ചെയ്യാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. കൊച്ചി പെൺവാണിഭ വിവാദം കത്തിനിന്ന സമയത്ത് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച ഇവർ വിഷയം കെട്ടടങ്ങിയപ്പോൾ ആത്മഹത്യ ചെയ്യുമോ എന്ന സംശയമായാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. പുന്നപ്രയിൽ നിന്ന് മോളിയും മകൾ ബിന്ധ്യയും കൊച്ചിയിലേക്ക് താമസം മാറിയെങ്കിലും ഏക സഹോദരനെ കാണാനാണ് ഇവർ ഇടയ്ക്ക് നാട്ടിൽ വന്നിരുന്നത്.

പ്രശസ്ത നാടക നടിയായിരുന്ന മോളി എസ്.എൽ പുരം സൂര്യസോമ, കെ.പി.എ.സി, ആലപ്പി തിയറ്റേഴ്‌സ് തുടങ്ങിയ പ്രമുഖ നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തി. നീല സാരി എന്ന സിനിമയിൽ ശ്രീവിദ്യയോടൊപ്പം കോളേജ് വിദ്യാർത്ഥിനിയുടെ വേഷം ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP