Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് ലക്ഷം താറാവുകളെ കൊന്നൊടുക്കാൻ ഒരുക്കം തുടങ്ങി; കർഷകർ പ്രതിഷേധിച്ചപ്പോൾ താറാവ് കുഞ്ഞിന് 75 രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം; പ്രതിരോധ കിറ്റും നടപടികളുമില്ലാതെ ഇരുട്ടിൽ തപ്പി സർക്കാർ സംവിധാനം

രണ്ട് ലക്ഷം താറാവുകളെ കൊന്നൊടുക്കാൻ ഒരുക്കം തുടങ്ങി; കർഷകർ പ്രതിഷേധിച്ചപ്പോൾ താറാവ് കുഞ്ഞിന് 75 രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം; പ്രതിരോധ കിറ്റും നടപടികളുമില്ലാതെ ഇരുട്ടിൽ തപ്പി സർക്കാർ സംവിധാനം

ആലപ്പുഴ: മൂന്ന് ജില്ലകളെ ആശങ്കയിലാഴ്‌ത്തി പക്ഷിപ്പനി പടരുന്നതിനിടെ രോഗ പ്രതിരോധമെന്ന നിലയിൽ രണ്ട് ലക്ഷം താറാവുകളെ കൊന്നൊടുക്കാൻ സർക്കാർ നടപടി തുടങ്ങി. അർഹമായ നഷ്ടപരിഹാരം നൽകാതെ താറാവുകളെ കൊന്നൊടുക്കാനുള്ള നീക്കത്തെ എതിർത്തുകൊണ്ട് കർഷകർ രംഗത്തെത്തിയതോടെ പ്രശ്‌നം പരിഹരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ശ്രമം. ഇന്ന് തന്നെ ഒരു ലക്ഷം താറാവുകളെ തല്ലിക്കൊന്ന് ചുട്ടെരിക്കാനാണ് നീക്കം. ഇതിനുള്ള ഒരുക്കങ്ങളാണ് ആലപ്പുഴയിൽ ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നും മരുന്നുകൾ ആലപ്പുഴയിൽ എത്തിച്ചിട്ടുണ്ട്. ഹൈദരാബാദിൽ നിന്നും മരുന്നുകൾ കൂടി എത്തിക്കും.

അതേസമയം പക്ഷിപ്പനി ബാധിച്ചല്ല താറാവുകൾ മരിച്ചതെന്ന വാദത്തിലായിരുന്നു കർഷകർ. മറ്റ് രോഗങ്ങളാണ് ബാധിച്ചത്. പക്ഷിപ്പനിയാണെന്ന് പറയുന്നതിനെ അംഗീകരിക്കില്ലെന്നും അവർ പറയുന്നു. അതുകൊണ്ട് തന്നെ ഒരു കാരണവശാലും തങ്ങളുടെ താറാവുകളെ കൊന്നൊടുക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു. നഷ്ടപരിഹാര തുകയെ ചൊല്ലിയും തർക്കം ഉടലെടുത്തിട്ടുണ്ട്. നിലവിൽ കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒരു താറാവിന് 37 രൂപയെന്ന നിലയിലാണ് പണം നൽകുന്നത്. എന്നാൽ ഇത് പര്യാപതമല്ലെന്നും പറഞ്ഞ് പ്രതിഷേധക്കാർ രംഗത്തെത്തിയോടെയാണ് സർക്കാർ തീരുമാനം കൈകൊണ്ടത്. താറാവ് കുഞ്ഞുങ്ങൾക്ക് 75 രൂപ മുതൽ നൽകാനാൻ തീരുമാനിച്ചതായി മന്ത്രി കെ പി മോഹനൻ അറിയിച്ചിട്ടുണ്ട്.

നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഉറപ്പുവരുത്താതെ താറാവുകളെ കൊല്ലാൻ അനുവദിക്കില്ലെന്നാണ് കർഷകർ നേരത്തെ പറഞ്ഞിരുന്നത്. ക്രിസ്മസ് സീസൺ മുന്നിൽ കണ്ടാണ് പലരും താറാവ് വളർത്തിയിരുന്നത്. എന്നാൽ പക്ഷിപ്പനിമൂലം ചത്തൊടുങ്ങിയത് കൂടാതെ കൊല്ലാൻ തീരുമാനവും കൈക്കൊണ്ടതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുക.

ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമൊക്കെ ക്രിസ്മസ് മുന്നിൽ കണ്ട് വളർത്തിയ താറാവുകളെ കൊന്നൊടുക്കുമ്പോൾ കൂടുതൽ നഷ്ടപരിഹാരം വേണമെന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത്. അല്ലാത്തപക്ഷം താറാവുകളെ കൊല്ലാൻ അനുവദിക്കില്ലെന്ന് പറഞ്ഞത് സർക്കാറിനെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇന്നലെയാണ് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട്ടിലും കോട്ടയത്തും താറാവുകൾ ചത്തൊടുങ്ങിയത് പക്ഷിപ്പനിമൂലമാണെന്നാണ് കണ്ടെത്തൽ.

ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ മുഴുവൻ ചുട്ടുകരിക്കും. കർഷകർക്കുള്ള നഷ്ടപരിഹാരം സർക്കാർ നൽകും.

എച്ച് 5 വിഭാഗത്തിലെ വൈറസ് പരത്തുന്ന ഏവിയൻ ഇൻഫ്‌ലുവൻസ മൂലമാണ് താറാവുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. എച്ച്5എൻ1, എച്ച്5എൻ2 തുടങ്ങിയ വൈറസുകളിലേതെങ്കിലുമൊന്നാണ് താറാവുകളെ ബാധിച്ചിരിക്കുന്നതെന്നാണ് മൃഗസംരക്ഷണവകുപ്പ് നൽകുന്ന വിവരം. ഈ വൈറസുകൾ മനുഷ്യരിലേക്കും പടരാം. സമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ മരണ സാധ്യതയുള്ളതുമാണ്. എന്നാൽ, താറാവുമുട്ടയോ മാംസമോ പാചകം ചെയ്ത് കഴിക്കുന്നതിന് കുഴപ്പമില്ല. ഉയർന്ന താപനിലയിൽ പാചകം ചെയ്താൽ വൈറസുകൾ നശിച്ചുപൊയ്‌ക്കൊള്ളുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. ആലപ്പുഴയിൽ അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങളിൽ താറാവ് വില്പന നിരോധിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ പുറക്കാട് വട്ടക്കായൽ, തലവടി, കൈനകരി എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ അയ്മനത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ ചുട്ടുകൊല്ലണമെന്നാണ് നിർദ്ദേശം. ആലപ്പുഴയിൽ 14 കേന്ദ്രങ്ങളിലെ വളർത്തുപക്ഷികളെ കൊല്ലും. ഇതിനായി ദ്രുതകർമസേന രൂപവത്കരിച്ചു. ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ഇതിന് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ കരുതൽ മേഖല (ബഫർ സോൺ)യായി പ്രഖ്യാപിക്കും. കരുതൽമേഖലയിലെ വളർത്തുപക്ഷികളെ മറ്റിടങ്ങളിലേക്ക് മാറ്റുകയും ഇവിടങ്ങളിലേക്ക് പുറത്തുനിന്ന് വളർത്തുപക്ഷികളെ കൊണ്ടുവരുന്നത് നിരോധിക്കുകയും ചെയ്യും.

രോഗഭീഷണിയുള്ള ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരും. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിലാണ് യോഗം. മരുന്നും മറ്റ് മുൻകരുതലുകളും സ്വീകരിക്കാൻ മൃഗസംരക്ഷണവകുപ്പിനും നിർദ്ദേശം നൽകി. എന്നാൽ പക്ഷിപ്പനിയെ നേരിടുന്നകാര്യത്തിൽ കേരളത്തിന് മുൻപരിചയമൊന്നുമില്ല. അതുകൊണ്ട് തന്നെ സർക്കാറിന് വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്.

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് മുൻകരുതൽ സ്വീകരിച്ചതായി ഇതുസംബന്ധിച്ച് ചേർന്ന ആരോഗ്യവകുപ്പ ്അധികൃതരുടെ യോഗത്തിനുശേഷം മന്ത്രി വി എസ്.ശിവകുമാർ അറിയിച്ചിട്ടുണ്ട്. ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മരുന്നിനും മറ്റുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹായവും തേടിയിട്ടുണ്ട്. വൈറസ് മൂലമാണ് പക്ഷിപ്പനി പകരുന്നത്. നിലവിൽ ഇതിന് ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ലഭ്യമാണ്. അണുബാധ പകരുന്നത് തടയാൻ ഊർജിത ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP