Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് ചൂടിൽ കാട്ടായിക്കോണം മാസ്റ്റർപ്ലാനിൽ ബിജെപി-സിപിഐ(എം) സംഘർഷം; തെരുവിലെ ഏറ്റുമുട്ടലിൽ ഒറ്റ രാത്രിയിൽ നാടിന് നഷ്ടം കോടികൾ; ജനങ്ങളെ വലയ്ക്കാൻ തിരുവനന്തപുരത്ത് ഇന്ന് ബിജെപി ഹർത്താലും

തെരഞ്ഞെടുപ്പ് ചൂടിൽ കാട്ടായിക്കോണം മാസ്റ്റർപ്ലാനിൽ ബിജെപി-സിപിഐ(എം) സംഘർഷം; തെരുവിലെ ഏറ്റുമുട്ടലിൽ ഒറ്റ രാത്രിയിൽ നാടിന് നഷ്ടം കോടികൾ; ജനങ്ങളെ വലയ്ക്കാൻ തിരുവനന്തപുരത്ത് ഇന്ന് ബിജെപി ഹർത്താലും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. കാട്ടായിക്കോണത്തെ ബിജെപി-സിപിഐ(എം) സംഘർത്തെത്തുടർന്നാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്. കഴക്കൂട്ടം-കാട്ടായിക്കോണം മേഖലയിൽ സിപിഎമ്മും ഹർത്താൽ ആചരിക്കുന്നുണ്ട്.

കാട്ടായിക്കോണത്ത് ബിജെപി-സിപിഐ(എം) പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ അക്രമികൾ കത്തിച്ചു. നിരവധി കടകളും തകർത്തു. 10 പൊലീസുകാരടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പരിക്കേറ്റതിൽ പ്രതിഷേധിച്ചാണ് ബിജെപി ഹർത്താൽ. പരീക്ഷകളും ഉൽസവങ്ങളും നടക്കുന്ന സാഹചര്യത്തിൽ വാഹനം തടയാതെയും സ്‌കൂൾ കോളേജ് പരീക്ഷകൾക്ക് തടസമുണ്ടാകാതെയും സമാധാനപരമായ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബിജെപി നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. അവശ്യ മേഖലകളെയും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

കാട്ടായിക്കോണം മാസ്റ്റർപ്ലാൻ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രകടനമാണ് സംധർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. രാത്രി വൈകിയും സംഘർഷം തുടർന്നു. മുന്മേയറുടെ കോലംകത്തിച്ചാണ് അക്രമങ്ങൾക്ക് കാരണമായത്. നാലു ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. ചേങ്കോട്ടുകോണം സ്വദേശി സതീശൻ (48), ലക്ഷംവീട് കോളനി അനീഷ് (31) എന്നിവരുടെ നില അതീവഗുരുതരമാണ്. 15 ഓളം ബിജെപി പ്രവർത്തകർക്ക് മാരകമായി പരിക്കേറ്റു. സംഘടിച്ചെത്തിയ ബിജെപി ആർഎസ്എസ് പ്രവർത്തകരും തിരിച്ചടിച്ചു. ഇതോടെ സംഘർഷം ശക്തമായി. ഇതാണ് രണ്ട് കോടി രൂപയുടെ നഷ്ടം സംഘർഷത്തിൽ ഉണ്ടായെന്നാണ് കണക്ക്.

ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴക്കൂട്ടത്ത് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി. സിപിഎമ്മിനായി ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും. ഈ സാഹചര്യത്തിൽ ഇവിടെ ശക്തമായ പ്രചരണമാണ് ഇരു പാർട്ടികളും നടത്തുന്നത്. അതിനിടെയാണ് സംഘർഷവും. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടത്തെ പ്രചരണ ചൂടിന്റെ യഥാർത്ഥ ചിത്രം കൂടിയാണ് സംഘർഷം. 

കാട്ടായിക്കോണം മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് നേരത്തേയും ഈ മേഖലയിൽ സംഘർഷം ഉണ്ടായിരുന്നു. സിപിഐ(എം) നിയന്ത്രണത്തിലുള്ള കോർപ്പറേഷനാണ് പദ്ധതിക്ക് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ എല്ലാത്തിനും പിന്നിൽ കോൺഗ്രസും സംസ്ഥാന സർക്കാരും ആണെന്ന് സിപിഎമ്മും പറയുന്നു. ഇത് തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാനാണ് ബിജെപിയുടേയും സിപിഎമ്മിന്റേയും തീരുമാനം. ഈ സാഹചര്യത്തിലാണ് ഈ വിഷയമുയർത്തി പ്രതിഷേധവും ഈ മേഖലയിൽ സജീവമാകുന്നത്. ഈ പ്രശ്‌നം സിപിഎമ്മിന് മേൽ അടിച്ചേൽപ്പിക്കാനുള്ള ബിജെപി നീക്കത്തെ ചെറുക്കുമെന്നാണ് സിപിഐ(എം) നിലപാട്.

ബിജെപി നേതാവും ഞാണ്ടൂർക്കോണം വാർഡ് കൗൺസിലറുമായ പ്രദീപ്, മാങ്ങാട്ടുകോണം അശോക് തുടങ്ങിയവരുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകർക്കും ആറ്റിങ്ങൽ ഡി.വൈ.എസ്‌പി. ചന്ദ്രശേഖരപിള്ള, കഴക്കൂട്ടം സിഐപ്രമോദ് കൃഷ്ണ, പോത്തൻകോട് എസ്.ഐ. പ്രശാന്ത് , സ്‌പെഷ്യൽബ്രാഞ്ചിലെ നിസാർ എന്നിവരുൾപ്പെടെ ആറോളം പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവർത്തകരായ അമൽകൃഷ്ണ, അർജ്ജുൻഗോപാൽ എന്നിവരെ മെഡിക്കൽ കോളേജിൽ നിന്ന്കിംസിലേക്ക് മാറ്റി. സംഭവസ്ഥലം സന്ദർശിക്കാനെത്തിയപ്പോഴാണ് ബിജെപി നേതാവ് വി. മുരളീധരന് കല്ലേറിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നേതാക്കളെ ആക്രമിച്ചതറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ ക്ഷുഭിതരായി നഗരത്തിൽ അക്രമം അഴിച്ചുവിട്ടു. ഇതിനെതിരെ പ്രതികരിക്കാനെത്തിയ സിപിഐ(എം) പ്രവർത്തകരും റോഡിലെത്തി കണ്ണിൽകണ്ടതെല്ലാം അടിച്ചുതകർത്തു. അക്രമത്തിൽ നിരവധി വാഹനങ്ങളും കടകളും വീടുകളും നശിപ്പിക്കപ്പെട്ടു.കഴക്കൂട്ടം പോത്തൻകോട് റോഡിൽ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. ബിജെപി അക്രമത്തിൽ സി.പി. എം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.

വികസനത്തിനായി സ്ഥലങ്ങളേറ്റെടുക്കാനിടയുണ്ടാക്കുന്ന നഗരത്തിന്റെ മാസ്റ്റർപ്‌ളാൻ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്നാരോപിച്ച് സിപിഎമ്മും സർക്കാർ നീക്കത്തിന് സിപിഐ(എം) നേതൃത്വത്തിലുള്ള നഗരസഭ ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് ബിജെപിയും സമരത്തിനിറങ്ങിയതാണ് സംഘർഷത്തിനിടയാക്കിയത്. മാസ്റ്റർപ്‌ളാൻ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സിപിഐ(എം) ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തിയിരുന്നു. എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും നഗരസഭ മാസ്റ്റർ പ്‌ളാൻ നടപ്പാക്കാൻ ഒരുക്കം നടത്തുകയാണെന്നും ആരോപിച്ച് കാട്ടായിക്കോണത്ത് പ്രകടനം നടത്തിയ ബിജെപിക്കാർ മേയറുടെ കോലം കത്തിക്കാൻ ശ്രമിച്ചു. ഇതിനെ സിപിഐ(എം) പ്രവർത്തകർ ബലംപ്രയോഗിച്ച് തടയാൻ ശ്രമിച്ചതോടെ രാത്രി ഏഴുമണിക്കാണ് സംഘർഷം തുടങ്ങിയത്.

സമരത്തിന് നേതൃത്വം നൽകിയ ബിജെപി നേതാവ് ഞാണ്ടൂർകോണം കൗൺസിലർ പ്രദീപിന് സംഘർഷത്തിൽ പരിക്കേറ്റു. ഇതോടെ പ്രകോപിതരായ ബിജെപിക്കാൻ കൂടുതൽ സംഘടിച്ച് മരങ്ങാട്ടുകോണം, കഴക്കൂട്ടം മേഖലകളിൽ സിപിഐ(എം) പ്രവർത്തകരുടെ വീടുകൾക്കും കടകൾക്കും നേരെ കല്ലേറ് നടത്തി. ഏതാനും പൊലീസ് വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കാട്ടായികോണം, മരങ്ങാട്ടുകോണം ഭാഗങ്ങളിൽ പലയിടത്തുവച്ചും സി.പി. എം, ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.

സംഘർഷം നിയന്ത്രിക്കാൻ കഴക്കൂട്ടം, പോത്തൻകോട് ഭാഗങ്ങളിൽ നിന്നും എ. ആർ.പി.ക്യാമ്പ്,ദ്രുതകർമ്മ സേന തുടങ്ങി വിഭാഗങ്ങളിൽ നിന്നും കൂടുതൽ പൊലീസ് സേനയെ രംഗത്തിറക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മേയർ വി. കെ. പ്രശാന്തും സ്ഥലം സന്ദർശിച്ചു. സംഘർഷം അനാവശ്യമാണെന്നും മാസ്റ്റർപ്‌ളാൻ വീണ്ടും കൊണ്ടുവരാനുള്ളഒരു നീക്കവും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മേയർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP