കെ എസ് ആർ ടി സി-സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 10പേർക്ക് പരിക്ക്; അപകടം ഉണ്ടായത് പുനലൂർ-പൊൻകുന്നം പാതയിൽ
April 17, 2018 | 07:55 AM | Permalink

സ്വന്തം ലേഖകൻ
പുനലൂർ: പുനലൂർ-പെൻകുന്നം പാതയിലെ വെട്ടിത്തിട്ടയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് ഡ്രൈവർ അടക്കം 10പേർക്ക് പരിക്കേറ്റു.
കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറായ പെൻകുന്നം പള്ളത്ത് ചെറുവള്ളിയിൽ പി.പി.ഉണ്ണികൃഷ്ണൻനായർ(51), യാത്രക്കാരായ തെങ്കാശി സ്വദേശി ശിവകുമാർ(41), വാഴവിള സ്വദേശിനി ചന്ദ്രിക(50), കൂടൽ സ്വദേശിനി ലില്ലി(49) എന്നിവർക്കാണ് സാരമായി പരിക്കേറ്റത് . ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും, മറ്റുള്ളവരെ നിസാര പരിക്കുകളോടെ പത്തനാപുരത്തെ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5.15 ഓടെ ആയിരുന്നു അപകടം. പുനലൂർ ഡിപ്പോയിൽ നിന്ന് പെൻകുന്നത്തേക്ക് പോയ ഫാസ്റ്റ് പാസാഞ്ചർ ബസും പത്തനാപുരത്ത് നിന്ന് പുനലൂരിലേക്ക് വന്ന സ്വകാര്യബസും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ സ്റ്റിയറിങ് വളഞ്ഞ് ഡ്രൈവർ സീറ്റിനിടയിൽ കുരുങ്ങി. നാട്ടുകാരും, മറ്റ് യാത്രക്കാരും ഫയർഫേഴ്സും ചേർന്ന് പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.