ഇന്ധന വില വർദ്ധനവിന്റെ അധിക ലാഭം വേണ്ടെന്ന് വച്ചാൽ വർദ്ധനവ് ഒഴിവാക്കാം; ബസ് യാത്രാക്കൂലി വർദ്ധനവ് ജനദ്രോഹമെന്ന് രമേശ് ചെന്നിത്തല
February 14, 2018 | 01:09 PM IST | Permalink

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബഡ്ജറ്റിൽ 970 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെ ചുമലിൽ കെട്ടി വച്ച സർക്കാർ ബസ് യാത്രാക്കൂലി വർദ്ധനവിലൂടെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ധനവില വർദ്ധനവിലൂടെ സർക്കാരിന ് കിട്ടുന്ന അധിക നികുതി ലാഭം വേണ്ടെന്ന് വച്ചിരുന്നെങ്കിൽ യാത്രക്കൂലി ഇപ്പോൾ വർദ്ധിപ്പിക്കേണ്ടി വരില്ലായിരുന്നു. സർക്കാർ തന്നെ ഡീസൽ വില വർദ്ധിപ്പിക്കുകയും എന്നിട്ട് വില വർദ്ധിച്ചു എന്ന കാരണം പറഞ്ഞു യാത്രക്കൂലി കൂട്ടുകയുമാണ് ചെയ്തിരിക്കുന്നത്.
സർക്കാർ ചെയ്ത കുറ്റത്തിന് സാധാരണ ജനങ്ങൾ പിഴ മൂളേണ്ടി വന്നിരിക്കുന്നു. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ ജനങ്ങൾക്ക് യാത്രക്കൂലി വർദ്ധനവ് കനത്ത പ്രഹരമാണ് നൽകുക. വിദ്യാർത്ഥികളുടെ യാത്രാക്കൂലിയും സർക്കാർ വർദ്ധിപ്പിച്ചിരിക്കുകയാണ്. സാധാരണ യാത്രാ നിരക്ക് വർദ്ധിപ്പിക്കുമ്പോഴൊക്കെ വിദ്യാർത്ഥികളെ ഒഴിവാക്കുകുകയാണ് ചെയ്യുന്നത്. അതിനുള്ള സന്മനസ് പോലും സർക്കാർ കാണിച്ചിട്ടില്ല.
ജനദ്രോഹം മാത്രം മുഖമുദ്രയാക്കിയ സർക്കാർ ഈ നടപടിയിൽ നിന്ന് പിന്തിരിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
