Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലവർഷക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയ മുഴുവൻ കുടുംബങ്ങൾക്കും ആയിരം രൂപ ഒറ്റത്തവണ സഹായം പ്രഖ്യാപിച്ച് മന്ത്രിസഭ തീരുമാനം; വാണിജ്യ നയത്തിനും അംഗീകാരം; ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ

കാലവർഷക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയ മുഴുവൻ കുടുംബങ്ങൾക്കും ആയിരം രൂപ ഒറ്റത്തവണ സഹായം പ്രഖ്യാപിച്ച് മന്ത്രിസഭ തീരുമാനം; വാണിജ്യ നയത്തിനും അംഗീകാരം; ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: കാലവർഷക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയ മുഴുവൻ കുടുംബങ്ങൾക്കും ആയിരം രൂപ വീതം ഒറ്റത്തവണയായി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ജൂലൈ 17 വൈകിട്ട് ആറ് മണിവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർക്കും ക്യാമ്പുകളിൽ എത്തി തിരിച്ചുപോയവർക്കും സഹായധനം ലഭിക്കും. വീട്ടുസാധനങ്ങൾ, വസ്ത്രങ്ങൾ മുതലായവ നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് സഹായം നൽകുന്നത്.

കയർ മാർക്കറ്റിങ് കമ്പനി രൂപീകരിക്കും

കയർ മേഖലയിൽ ഫലപ്രദമായ വിപണി ഇടപെടലുകൾ നടത്തുന്നതിന് കേരള കയർ മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റ്ഡ് എന്ന പേരിൽ പത്തു കോടി രൂപ അംഗീകൃത ഓഹരി മൂലധനത്തോടെ കമ്പനി രൂപീകരിക്കാൻ മന്ത്രിസഭ അനുമതി നൽകി.

കയർ ഉൽപ്പന്നങ്ങളുടെ വിപണനം ആധുനിക സങ്കേതങ്ങളുടെ പിൻബലത്തോടെ മത്സരക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്കറ്റിങ് കമ്പനി രൂപീകരിക്കുന്നത്. നിർദ്ദിഷ്ട കമ്പനിയിൽ കേരള സർക്കാരിന് 49 ശതമാനം ഓഹരിയുണ്ടാകും. ബാക്കി 51 ശതമാനം ഓഹരി കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനും അതുപോലെയുള്ള സ്ഥാപനങ്ങൾക്കും നൽകും.

അമ്പലവയലിൽ കാർഷിക കോളേജ്

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ വയനാട് ജില്ലയിൽ അമ്പലവയലിലുള്ള പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാർഷിക കോളേജായി ഉയർത്തുന്നതിനും ഈ അധ്യയന വർഷം തന്നെ ബി.എസ്.സി. അഗ്രികൾച്ചർ (ഹോണേഴ്‌സ്) കോഴ്‌സ് തുടങ്ങാനും തീരുമാനിച്ചു. ആദ്യവർഷം 60 സീറ്റുകൾ ഉണ്ടാകും. കോളേജ് തുടങ്ങുന്നതിന് ആവശ്യമായ ക്ലാസുകളും ലാബുകളും ഹോസ്റ്റൽ സൗകര്യവും ഗവേഷണ കേന്ദ്രത്തിൽ ഇപ്പോൾ തന്നെ ഉണ്ട്. അത് പ്രയോജനപ്പെടുത്തിയാണ് കാർഷിക കോളേജ് ആരംഭിക്കുന്നത്. ഇപ്പോൾ കാർഷിക സർവ്വകലാശാലയ്ക്കു കീഴിൽ തിരുവനന്തപുരം, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കാർഷിക കോളേജുകൾ ഉള്ളത്. നിർദ്ദിഷ്ട കോളേജ് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുള്ള വിദ്യാർത്ഥികൾക്ക് വലിയ പ്രയോജനമാകും.

മത്സ്യബന്ധന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്) യിലെ 37 ഫാം തൊഴിലാളികളുടെ ശമ്പളവും അലവൻസും പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചു.

സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിന് ജില്ലാതലത്തിൽ അദാലത്ത് സംഘടിപ്പിക്കാൻ അനുമതി നൽകി. 31-01-2018-ലെ കണക്കുപ്രകാരം 215 കോടി രൂപ ബോർഡിന് പിരിഞ്ഞുകിട്ടാനുണ്ട്.

ഗുരു പ്രതിമ സ്ഥാപിക്കാൻ ഭൂമി

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് തൈക്കാട് വില്ലേജിൽ മ്യൂസിയത്തിന് എതിർവശം 8.02 ആർ സ്ഥലം സാംസ്‌കാരിക വകുപ്പിന് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ട് സാംസ്‌കാരിക വകുപ്പിന് കൈവശാവകാശം നൽകാനാണ് തീരുമാനം. ഗുരുവിന്റെ 'ജാതിയില്ലാ വിളംബരം' നൂറാം വാർഷികത്തോടനുബന്ധിച്ച് നഗരത്തിൽ പ്രതിമ സ്ഥാപിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

സി-ഡിറ്റിൽ ശമ്പള പരിഷ്‌കരണം

കല്ലറ-പാങ്ങോട് സമരത്തിലെ ആദ്യ രക്തസാക്ഷി പണയിൽ കൃഷ്ണപിള്ളയുടെ മകളും വിധവയുമായ സേതു അമ്മയ്ക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർക്കുള്ള പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചു.

എല്ലാ പൊലീസ് ജില്ലകളിലെയും മൊബൈൽ ഫോറൻസിക് യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും തൃശ്ശൂർ റീജിണൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഹൈടെക് ആക്കുന്നതിനും വിവിധ വിഭാഗങ്ങളിലായി 59 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.

കേരള സബോർഡിനേറ്റ് ജുഡീഷ്യറിയിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള നിയമനം പൊതുവിഭാഗത്തിൽ നിന്ന് മാറ്റി കേരള സബോർഡിനേറ്റ് ജുഡീഷ്യറിയിൽ സി.എ ഗ്രേഡ് 2 വിഭാഗം പ്രത്യേകമായി സൃഷ്ടിച്ച് പി.എസ്.സി. മുഖേന നിയമനം നടത്താൻ മന്ത്രിസഭ അനുമതി നൽകി.

വ്യവസായ-വാണിജ്യ നയം അംഗീകരിച്ചു

വ്യവസായ വളർച്ചയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകുന്ന വ്യവസായ-വാണിജ്യ നയം അംഗീകരിച്ചു. നയത്തിന്റെ കരട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട വിഭാഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് നയത്തിന് അന്തിമ രൂപം നൽകിയത്. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും സമയബന്ധിതമായി അനുമതി നൽകുമെന്നും നയം പ്രഖ്യാപിക്കുന്നു. പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലയിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ആരംഭിച്ച് കൂടുതൽ തൊഴിൽ അവസരങ്ങളുണ്ടാക്കും. പ്രവാസികളെയും സ്ത്രീകളെയും യുവാക്കളെയും വിമുക്ത ഭടന്മാരെയും വ്യവസായ സംരംഭം തുടങ്ങുന്നതിന് പ്രോത്സാഹിപ്പിക്കും. സ്വകാര്യവ്യവസായ എസ്റ്റേറ്റുകൾ പ്രോത്സാഹിപ്പിക്കും. മലബാർ മേഖലയിൽ പ്രകൃതിവാതകം ഉപയോഗിച്ചുള്ള വ്യവസായം തുടങ്ങുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തും. മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് പ്രത്യേക പരിഗണന നൽകും.

മുഴുവൻ പൊതുമേഖലാ വ്യവസായങ്ങളെയും ലാഭത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. സ്വന്തം ലാഭം ഉപയോഗിച്ച് ഓരോ പൊതുമേഖലാ വ്യവസായവും വിപുലീകരിക്കും. മലബാർ സിമന്റ്‌സിലേയും ടി.സി.സിയിലേയും ഉൽപാദനം ഇരട്ടിയാക്കും. ട്രാവൻകൂർ സിമന്റ്‌സിൽ ഗ്രേ സിമന്റ് ഉൽപാദനം ആരംഭിക്കും.

സംസ്ഥാനത്തെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും നവീകരണത്തിനും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും. കേന്ദ്രസർക്കാർ പൂട്ടാനോ സ്വകാര്യവൽക്കരിക്കാനോ തീരുമാനിച്ച ബി.എച്ച്.ഇ.എൽ-ഇ.എം.എൽ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് എന്നിവ ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും.

സർവ്വകക്ഷി പ്രതിനിധി സംഘം നാളെ പ്രധാനമന്ത്രിയെ കാണും

റേഷൻ വിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയിൽപാത, കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാർശ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി പ്രതിനിധി സംഘം ജൂലൈ 19-ന് പ്രധാനമന്ത്രിയെ സന്ദർശിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിവിധ പാർട്ടികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.

നിയമനം

ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണർ എൻ. പത്മകുമാറിനെ ഗ്രാമവികസന വകുപ്പ് കമ്മീഷണറായി മാറ്റി നിയമിക്കും. കയർ ഡയറക്ടറുടെ ചുമതല തുടർന്നും അദ്ദേഹം വഹിക്കും.ലാന്റ് റവന്യൂ കമ്മീഷണർ എ.ജെ. ജെയിംസിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജ്‌സ് കോർപ്പറേഷൻ എം.ഡിയുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോറിന് എം.ജി.എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകാൻ തീരുമാനിച്ചു. ദിവ്യ എസ് അയ്യർ അവധിയിൽ പോയ ഒഴിവിലാണ് ഹരികിഷോറിന് ചുമതല നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP