Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അടിപിടിക്കേസിൽ യുവാവിനെ തിരക്കിയെത്തിയ പൊലീസ് പിടികൂടിയത് പിതാവിനെ; പാതിരാത്രി വീട്ടിൽ നിന്ന് പിടിച്ചിറക്കിയ അർബുദരോഗിയായ വയോധികൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ

അടിപിടിക്കേസിൽ യുവാവിനെ തിരക്കിയെത്തിയ പൊലീസ് പിടികൂടിയത് പിതാവിനെ; പാതിരാത്രി വീട്ടിൽ നിന്ന് പിടിച്ചിറക്കിയ അർബുദരോഗിയായ വയോധികൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ജനമൈത്രിയുടെ കാലത്തും ഇങ്ങനെയും പൊലീസ് മുറയോ? അടിപിടിക്കേസിൽ യുവാവിനെ തിരക്കി വന്ന പൊലീസുകാർ പാതിരാത്രി വീട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത് അർബുദരോഗിയായ പിതാവിനെ. അവശനിലയിലായ ഇയാൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് പൊലീസിന്റെ കിളികൊല്ലൂർ സ്റ്റൈൽ.

കഴിഞ്ഞ ദിവസം കൊല്ലം ചാത്തിനാംകുളത്ത് രണ്ടുപേർ തമ്മിലുള്ള ചെറിയ അടിയാണ് സംഭവങ്ങൾക്കെല്ലാം തുടക്കം. സിഐടിയു ലോഡിങ് തൊഴിലാളിയായ ജിഞ്ചുവും എസ്ഡിപിഐ പ്രവർത്തകൻ സലിമും തമ്മിലായിരുന്നു വഴക്കുണ്ടായത്. ബൈക്ക് തട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഒടുവിൽ ഉന്തിലും തള്ളിലും ഇത് കലാശിച്ചു.

തുടർന്ന് സലിം പൊലീസിന് പരാതി നൽകുകയായിരുന്നു. ജിഞ്ചുവിനെ അന്വേഷിച്ച് കരിക്കോട്ടെ വീട്ടിലെത്തിയ പൊലീസുകാർ വീട്ടിലുണ്ടായിരുന്ന ജിഞ്ചുവിന്റെ അച്ഛൻ തങ്കച്ചനെയാണ് കസ്റ്റഡിയിലെടുത്തത്. തൊണ്ടയിൽ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഈ അറുപതുകാരനെ കഴുത്തിൽ കുത്തിപ്പിടിച്ചാണ് പൊലീസ് കൊണ്ടുപോയത്. തങ്കച്ചന്റെ ഭാര്യയെയും മരുമകളെയും രണ്ടുവയസുള്ള കൊച്ചുമകളെയും പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. എല്ലാവരെയും സ്റ്റേഷനിൽ കയറ്റുമെന്നും കിളികൊല്ലൂർ എസ്‌ഐ അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭീഷണിപ്പെടുത്തി.

ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾക്കൊന്നും വില നൽകാതെയാണ് തങ്കച്ചനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അകാരണമായി രാത്രി മുഴുവനും സ്റ്റേഷനിൽ പിടിച്ചുവയ്ക്കുകയും ചെയ്തു. ഭക്ഷണമൊന്നും കഴിക്കാതെ അവശനായ തങ്കച്ചനെ പുറത്തുവിടണമെന്ന് അപേക്ഷിച്ച് സ്റ്റേഷനിലെത്തിയ ബന്ധുവായ യുവാവിനെയും പൊലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചു. അതിനുശേഷമാണ് തങ്കച്ചനെ പൊലീസ് പുറത്തുവിട്ടത്. രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത വയോധികനെ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വിട്ടയച്ചത്. ജാമ്യത്തിലിറക്കാൻ വന്ന ബന്ധുവിനെ ഉച്ചകഴിഞ്ഞ് മൂന്നുവരെയും സ്റ്റേഷനിൽ പിടിച്ചുവച്ചു.
തങ്കച്ചനിപ്പോൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് തങ്കച്ചന്റെ കുടുംബാംഗങ്ങൾ. അടിപിടിക്കേസിന്റെ പരാതിയുടെ പേരിൽ ഒരു കുടുംബത്തെ മുഴുവൻ ഭീഷണിപ്പെടുത്തുകയും രോഗബാധിതനായ ഗൃഹനാഥനെ ഒരു രാത്രി മുഴുവൻ സ്റ്റേഷനിലിരുത്തി പീഡിപ്പിക്കുകയും ചെയ്ത പൊലീസിനെതിരെ പ്രദേശത്ത് പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP