Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൻസർ രോഗികൾ ഇനി മാന്ത്രിക ചികിത്സ തേടി അലയേണ്ട; എല്ലാ കാൻസർ രോഗികൾക്കും ചികിത്സയും പരിചരണവും നൽകാൻ പ്രത്യേക പദ്ധതി തയ്യാറാക്കി സർക്കാർ: ആർസിസിയും മലബാർ കാൻസർ സെന്ററും കേന്ദ്രമാക്കി സ്വകാര്യ ആശുപത്രികളെയും ബന്ധിപ്പിക്കും

കാൻസർ രോഗികൾ ഇനി മാന്ത്രിക ചികിത്സ തേടി അലയേണ്ട; എല്ലാ കാൻസർ രോഗികൾക്കും ചികിത്സയും പരിചരണവും നൽകാൻ പ്രത്യേക പദ്ധതി തയ്യാറാക്കി സർക്കാർ: ആർസിസിയും മലബാർ കാൻസർ സെന്ററും കേന്ദ്രമാക്കി സ്വകാര്യ ആശുപത്രികളെയും ബന്ധിപ്പിക്കും

തിരുവനന്തപുരം: ഒടുവിൽ പാവപ്പെട്ട കാൻസർ രോഗികൾക്ക് വേണ്ടി സർക്കാർ കണ്ണ് തുറക്കുന്നു. എല്ലാ കാൻസർ രോഗികൾക്കും ചികിത്സയും പരിചരണവും നൽകാൻ സർക്കാർ പ്രത്യേക പദ്ധതിയൊരുക്കുന്നു. സംസ്ഥാനത്തെ മുഴുവൻ ക്യാൻസർ ആശുപത്രികളെയും ഒരു കുടക്കീഴിൽ നിർത്തി കാൻസർ രോഗികളുടെ ചികിത്സയക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും ചികിത്സാചെലവ് കുറയ്ക്കുന്നതിനുമായി നയം രൂപീകരിക്കാനൊരുങ്ങുകയാണ് കേരള സർക്കാർ.

എല്ലാ കാൻസർ ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിച്ച് കെയർ ഗ്രിഡ് (കെസിസിജി) എന്ന പദ്ധതിക്ക് രൂപീകരിക്കാനാണ് സർക്കാർ തീരുമാനിച്ചു. ചികിത്സയുടെ ഏക നെറ്റ്‌വർക്കായി കെസിസിജി മാറും. തെക്കൻ ജില്ലകളിൽ റീജ്യണൽ ക്യാൻസർ സെന്ററിനെയും വടക്കൻ ജില്ലകളിൽ മലബാർ ക്യാൻസർ സെന്ററിനെയും കേന്ദ്രസ്ഥാനത്ത് നിർത്തിയാകും പ്രഥമഘട്ട ഏകോപനം. ക്യാൻസർ ചികിത്സാമേഖലയുടെ നട്ടെല്ലായി കെസിസിജി മാറുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

സ്വകാര്യ ആശുപത്രികൾക്കും സർക്കാരിന്റെ ചികിത്സാ നയം അംഗീകരിച്ചാൽ ഈ പദ്ധതിയുടെ ഭാഗമാകാം. സംസ്ഥാനത്ത് ചികിത്സ ലഭ്യമാകുന്ന, മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ സർക്കാർ, സ്വകാര്യ ആശുപത്രികളെയും കെസിസിജിയുടെ ഭാഗമാക്കും. മുഴുവൻ രോഗികൾക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക, ചികിത്സ-പരിചരണരംഗത്തെ തടസ്സങ്ങൾ ഉടൻ നീക്കുക, ആശുപത്രികളിൽ ഉന്നത ചികിത്സാ നിലവാരം ഉറപ്പാക്കുക, ചികിത്സാചെലവ് കുറയ്ക്കുക, സർക്കാരിന്റെ കുടുംബാരോഗ്യകേന്ദ്രം മുതലുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളുമായി ക്യാൻസർ ആശുപത്രികളെ ബന്ധിപ്പിക്കുക, അർബുദ ചികിത്സയെക്കുറിച്ച് കൃത്യമായ ധാരണയും സമീപിക്കേണ്ട ആശുപത്രികളെക്കുറിച്ച് രോഗികൾക്ക് മാർഗനിർദേശങ്ങളും നൽകുക, ബോധവൽക്കരണത്തിലൂടെ രോഗത്തെയും രോഗീപരിപാലനത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

രോഗികൾക്ക് നിരന്തര ചികിത്സയും പരിചരണവും രോഗമുക്തർക്ക് പുനരധിവാസവും ഉറപ്പാക്കുന്നതിന് സ്റ്റേറ്റ് ക്യാൻസർ കൺട്രോൾ ബോർഡ് രൂപീകരിക്കും. പ്രധാനപ്പെട്ട 10 അർബുദ രോഗങ്ങൾക്ക് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ രൂപീകരിക്കും. ഇത് അഞ്ചുവർഷം കൂടുമ്പോൾ പുതുക്കും. രണ്ടോ മൂന്നോ ആശുപത്രികളെ ബന്ധിപ്പിച്ച് മരുന്നു ലഭ്യത, ഉപകരണലഭ്യത, പരിശീലനം എന്നിവയ്ക്കായി ക്‌ളസ്റ്ററുകൾ രൂപീകരിക്കും. ഇതിനായി ജില്ലകളിലെ പ്രധാന ആശുപത്രികളെ കുടുംബാരോഗ്യകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. അർബുദ പ്രതിരോധ ജീവിതചര്യ പുതുതലമുറയിൽ വളർത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിപുലമായ ബോധവൽക്കരണം സംഘടിപ്പിക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് മരുന്നുകൾ ഉൾപ്പെടെ സർക്കാരിന് നേരിട്ട് ലഭ്യമാക്കാൻ കഴിയും വിധമാകും കെസിസിജിയുടെ പ്രവർത്തനം.

ക്യാൻസർ കെയർ ഗ്രിഡിൽ പങ്കാളികളാക്കാൻ കഴിയുന്ന ആശുപത്രികളുടെ ലിസ്റ്റ് തയ്യാറാക്കാൻ ആർസിസി ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. കെസിസിജി ലക്ഷ്യങ്ങൾ കൂടി ഉൾപ്പെടുത്തി ക്യാൻസർ ചികിത്സാനയ രൂപീകരണ നടപടികൾ ആരംഭിച്ചെന്നും കരട് നയം വൈകാതെ സർക്കാരിന് സമർപ്പിക്കുമെന്നും ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP