Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാൻസർ ചികിത്സ സൗജന്യമാക്കും; കാൽ ലക്ഷംപേർക്ക് വീട്; സമ്പൂർണ വൈദ്യുതി സംസ്ഥാനം; മുഖ്യമന്ത്രിക്കും സ്വപ്നങ്ങൾ കുറവല്ല

ക്യാൻസർ ചികിത്സ സൗജന്യമാക്കും; കാൽ ലക്ഷംപേർക്ക് വീട്; സമ്പൂർണ വൈദ്യുതി സംസ്ഥാനം; മുഖ്യമന്ത്രിക്കും സ്വപ്നങ്ങൾ കുറവല്ല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനങ്ങൾക്കു പിന്നാലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രാജ്യത്തിന്റെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തിന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വാതന്ത്ര്യദിന പരേഡിനെ അഭിവാദ്യംചെയ്തത്. സർക്കാർ ആശുപത്രികളിൽ സൗജന്യ അർബുദ ചികിത്സ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ 25,000 പേർക്ക് വീട് നിർമ്മിച്ച് നൽകും. കേരളത്തെ സമ്പൂർണ വൈദ്യുതി സംസ്ഥാനമാക്കും. കാഴ്ച വൈകല്യമുള്ളവർക്ക് പഠനസഹായം, തിരുവനന്തപുരത്ത് കുറഞ്ഞ ചെലവിൽ ഉച്ചഭക്ഷണ പദ്ധതി, മൂന്ന് വർഷത്തിനുള്ളിൽ സമ്പുർണ്ണ ഇ-സാക്ഷരത എന്നിവയാണ് മറ്റ് പദ്ധതികൾ.

ആഗോള പ്രശ്‌നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന നാടാണ് കേരളമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഏതു വിദേശരാജ്യവും സ്വദേശിവൽക്കരണം നടത്തുമ്പോൾ അത് കേരളത്തിനെ ശക്തമായി ബാധിക്കും. ഇറാഖിലെയും ലിബിയയിലെയും പ്രശ്‌നങ്ങൾ കേരളത്തിന്റെ വിദേശനാണ്യത്തെ കാര്യമായി ബാധിച്ചു. ഇതിനെ നേരിടാൻ കേരളത്തിന് അകത്തു നിന്നുള്ള വളർച്ചയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകളാകും ഭവനരഹിതർക്ക് നിർമ്മിച്ചു നൽകുക. അടുത്ത രണ്ടുവർഷത്തിനുള്ളിൽ തന്നെ കാൽലക്ഷംപേർക്ക് വീടു നിർമ്മിച്ചു നൽകും. ഇതിനായി ഓരോ വീടിനും മൂന്നു ലക്ഷം രൂപ ധനസഹായം നൽകും അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധികളെല്ലാം പരിഹരിച്ച് കേരളത്തെ സമ്പൂർണ വൈദ്യുതി സംസ്ഥാനമാക്കും. എല്ലാ ആശുപത്രികളിലും 'സുകൃതം' എന്ന പേരിലാണ് സൗജന്യ അർബുദ ചികിത്സാപദ്ധതി നടപ്പിലാക്കുക. അക്ഷയകേന്ദ്രങ്ങൾ വഴി ഇ-സാക്ഷരതാപദ്ധതി നടപ്പിലാക്കും. കാഴ്ച വൈകല്യമുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്പ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൊബൈൽ ആപ്ലിക്കേഷനും ഇന്റർ ആക്ടീവ് വെബ് പോർട്ടൽ ലിങ്കുകളും ഇവരെ സഹായിക്കാനായി ലഭ്യമാക്കും.

സാമ്പത്തികമേഖലയിലെ പുരോഗതിയിൽ രാജ്യം ഏറെ മുന്നോട്ടു പോയി. രാജ്യം കൈവരിച്ചതിനേക്കാൾ മികച്ച വളർച്ചയാണ് സംസ്ഥാനം കൈവരിച്ചത്. സംസ്ഥാനം 78 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു. സാമ്പത്തിക അന്തരം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങുകളിൽ രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പതാക ഉയർത്തി. ഇതിന് പിന്നാലെ പൊലീസ് പരേഡ് സ്വീകരിച്ചു. ഡിസിപി അജിതാ ബീഗമാണ് പൊലീസ് പരേഡ് നയിച്ചത്. ഇതാദ്യമായാണ് ഒരു വനിത സ്വാതന്ത്ര്യദിനത്തിൽ പൊലീസ് പരേഡ് നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP