Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവേചനം ചൂണ്ടിക്കാട്ടിയതിന് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട; താനൊരു വർഗീയ പ്രഭാഷകയാണെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു; കേസ് കോടതിയിലെത്തിയാൽ താൻ അഗ്നിശുദ്ധി തെളിയിക്കും: മതവിദ്വേഷ പ്രസംഗത്തിന് കേസെടുത്ത കെ പി ശശികലയ്ക്ക് പറയാനുള്ളത്

വിവേചനം ചൂണ്ടിക്കാട്ടിയതിന് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട; താനൊരു വർഗീയ പ്രഭാഷകയാണെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു; കേസ് കോടതിയിലെത്തിയാൽ താൻ അഗ്നിശുദ്ധി തെളിയിക്കും: മതവിദ്വേഷ പ്രസംഗത്തിന് കേസെടുത്ത കെ പി ശശികലയ്ക്ക് പറയാനുള്ളത്

തിരുവനന്തപുരം: തനിക്കെതിരായ കേസ് കോടതിയിൽ എത്തിയാൽ താൻ അഗ്നിശുദ്ധി തെൡയിക്കുമെന്ന് മതവിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. തന്റെ പ്രസംഗങ്ങൾ മതപരമായ വിവേചനത്തെ കുറിച്ചായിരുന്നു. ഈ വിവേചനം ചൂണ്ടിക്കാട്ടാൻ എല്ലാവർക്കും അവകാശമുണ്ട്. അത് ഇനിയും തുടരുമെന്നും ശശികല വ്യക്തമാക്കി. റിപ്പോർട്ടർ ചാനലിനോടാണ് ശശികല തന്റെ പ്രതികരണം നടത്തിയത്.

തനിക്കെതിരായ കേസിനെ പോസിറ്റീവായാണ് കാണുന്നതെന്നും കെ പി ശശികല പറഞ്ഞു. തന്നെ വർഗീയ പ്രഭാഷകയാണെന്ന് വരുത്തീതീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കേസ് കോടതിയിലെത്തിയാൽ സ്വന്തം ഭാഗം തെളിയിക്കാനാകും. കോടതിയിൽ താൻ അഗ്‌നിശുദ്ധി തെളിയിക്കുമെന്നും അവർ പ്രതികരിച്ചു. കേസിനെ താൻ ഭയക്കുന്നില്ലെന്നും അതിനെ ധൈര്യമായി നേടിരുമെന്നും അവർ പറഞ്ഞു. കോടതിയിൽ വായിൽ തോന്നിയത് പറയാനാകില്ല, സ്വന്തം ഭാഗം തെളിയിക്കാൻ സൗകര്യമുണ്ടാകും. ഇങ്ങനെ തെളിയിക്കണമെന്ന ആവശ്യമുണ്ടായിട്ടല്ല. എങ്കിലും പ്രഭാഷണം നേരിട്ട് കോൾക്കാത്തവരും, അടർത്തിയെടുത്ത ഭാഗങ്ങൾ കേട്ട് തെറ്റിദ്ധരിച്ചവരും തന്നെ ശരിയായി മനസിലാക്കാൻ ഈ കേസ് ഉപകരിക്കുമെന്നും ശശികല വ്യക്തമാക്കി.

മതവിവേചനം ചൂണ്ടിക്കാട്ടിയതു കൊണ്ടാണ് തനിക്കെതിരെ പ്രതികരണങ്ങൾ ഉണ്ടാകുന്നതെന്നും ശശികല പറഞ്ഞു. ഇതേക്കുറിച്ച് താൻ പറഞ്ഞില്ലെങ്കിലും ജനങ്ങളോടെ തുറന്നുപറയാൻ പതിനായിരക്കണക്കിന് ആളുകൾ നാട്ടിലുണ്ടെന്നും ശശികല പറഞ്ഞു. ഇത്തരത്തിലുള്ള സംസാരങ്ങൾ ഒഴിവാക്കണമെങ്കിൽ വിവേചനം ഒഴിവാക്കുക എന്നതാണ് എളുപ്പവഴി. അല്ലാതെ ഇത്തരം കേസ് കൊണ്ടും കൂട്ടംകൊണ്ടും കാര്യമില്ലെന്നും ശശികല പറഞ്ഞു.

മതസ്പർദ വളർത്തൽ, മതവിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഹോസ്ദുർഗ് പൊലീസ് ശശികലയ്‌ക്കെതിരെ കേസെടുത്തിരുന്നു. കാസർകോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി ഷുക്കൂർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശശികലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കാസർകോഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. പ്രഭാകരനാണ് ശശികലയ്‌ക്കെതിരെ കേസെടുക്കാമെന്ന നിയമോപദേശം നൽകിയത്. ഹോസ്ദുർഗ് പൊലീസാണ് ശശികലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കെ.പി ശശികലയുടെ മതവിദ്വേഷ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടി പ്രസംഗത്തിന്റെ സിഡികളും ലിങ്കുകളും സഹിതം ഈ മാസം 15നായിരുന്നു കാസർകോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ്്അഡ്വ.സി ഷുക്കൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മുസ്ലിംലീഗ് നേതാവും എം.ജി യൂണിവേഴ്‌സിറ്റി പ്രൊ വൈസ്ചാൻസിലർ ഷീന ഷുക്കൂറിന്റെ ഭർത്താവുമാണ് പാരാതിക്കാരൻ. മതവിദ്വേഷ പ്രസംഗം നടത്തിയ സലഫി പ്രഭാഷകൻ ഷംസുദ്ദീൻ പാലത്തിനെതിരെയും അഡ്വ.ഷുക്കൂർ നേരത്തെ പരാതി നൽകിയിരുന്നു. ഈ കേസിൽ യുഎപിഎ ചുമത്തി കേസെടുത്ത് അന്വേഷണം നടന്നു വരികയാണ്.

കഴിഞ്ഞ 12 ദിവസമായി പരാതി ലഭിച്ചെങ്കിലും ശശികല ടീച്ചർക്കെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധം സോഷ്യൽ മീഡിയയിലും വിവിധ പ്രദേശങ്ങളിലുമായി നടന്നിരുന്നു. എന്നാൽ നിയമോപദേശത്തിനു വിട്ടെന്ന വാദം ഉന്നയിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിക്കുകയായിരുന്നു. ഇതിനിടെ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്നും പൊലീസിനു മേൽ കടുത്ത സമ്മർദവും ഉണ്ടായിരുന്നു. ഇതോടെ പൊലീസ് നിയമോപദേശത്തിനു വിട്ട് തടിതപ്പുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറോടാണ് നിയമോപദേശം തേടാറുള്ളത്. എന്നാൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തന്നെ പരാതിക്കാരനായ കേസിൽ നിയമോപദേശം തേടി പൊലീസ് പരിഹാസ്യരാവുകയായിരുന്നു.

നിയമോപദേശത്തിൽ ചാരിയെങ്കിലും പൊലീസ് ശശികലക്കെതിരെ കേസെടുക്കാൻ നിർബന്ധിതരായി. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ മത വിഭാഗങ്ങളെ അവേഹേളിക്കുന്നതും മതവിദ്വേഷം വളർത്തുന്നതുമായ 12 ലിങ്കുകളും ഇവ ഡൗൺലോഡ് ചെയ്ത് കോപ്പി ചെയ്ത സിഡികളും സഹിതമായിരുന്നു ഷുക്കൂർ വക്കീൽ പരാതി നൽകിയിട്ടുള്ളത്. സാധാരണ ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കുന്നതിനും ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയരെ അകറ്റാനും പരസ്പരം ശത്രുതയുണ്ടാക്കുവാനും ഉദ്ദേശിച്ചുള്ളതുമാണ് പ്രസംഗങ്ങളെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് ,ഒഡീഷ, യു.പി എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തും തരത്തിൽ മാറാട് നടത്തിയ പ്രസംഗം, മദർതരേസയെ ആക്ഷേപിക്കുകയും മതം മാറ്റാൻ വന്ന കാട്ടുകള്ളിയാണെന്നും പറഞ്ഞ് നടത്തിയ പ്രസംഗം, ഏറ്റവും ഒടുവിൽ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു കടലുകളെ കുറിച്ചു നടത്തിയ പ്രസംഗം എന്നിവയുടെ ലിങ്കുകളും പരാതിയിൽ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശശികലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP