Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഡിഎമ്മിനെ ആക്രമിച്ച ബിജിമോൾക്കെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി; നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ അറസ്റ്റ്

എഡിഎമ്മിനെ ആക്രമിച്ച ബിജിമോൾക്കെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി; നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ അറസ്റ്റ്

ടുക്കി എഡിഎം മോൻസി പി. അലക്‌സാണ്ടറെ ആക്രമിച്ച സംഭവത്തിൽ പീരുമേട് എംഎൽഎ ബിജിമോളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മാസം 30 വരെ നടക്കുന്ന നിയമസഭാ സമ്മേളനത്തിനു ശേഷം കേസിൽ ബിജിമോളുടെ അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്നാണു പൊലീസിന് ഉന്നതരുടെ നിർദ്ദേശം. കുറ്റം തെളിയിക്കപ്പെട്ടാൽ ബിജിമോൾക്ക് രണ്ടുവർഷവും ഏഴു മാസവും തടവു ലഭിക്കുന്ന വകുപ്പുകളാണു പൊലീസ് ചുമത്തിയിരിക്കുന്നത്.

ക്രിമിനൽ കേസിൽ പ്രതിയായ ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യുന്നതിനു നിയമസഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ അറസ്റ്റ് വിവരം മുൻകൂട്ടി അറിയിക്കണമെന്നതാണു കീഴ്‌വഴക്കം. കേസിൽ നിന്നും രക്ഷപ്പെടാനും അറസ്റ്റ് ഒഴിവാക്കാനുമായി ബിജിമോളും ശ്രമങ്ങൾ ആരംഭിച്ചതായാണ് സൂചന. മുൻകൂർ ജാമ്യത്തിനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം ട്രാവൻകൂർ റബർ ആൻഡ് ടീ എസ്‌റ്റേറ്റിന്റെ തെക്കേമലയിലെ പൊളിച്ചുമാറ്റിയ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ അവസരത്തിൽ ഇടുക്കി എഡിഎം മോൻസി പി. അലക്‌സാണ്ടറെ ബിജിമോൾ കയ്യേറ്റം ചെയ്‌തെന്നാണു കേസ്. ബിജിമോൾ ബലമായി പിടിച്ചുതള്ളിയപ്പോൾ വീണു വലതുകാൽ ഒടിഞ്ഞ എഡിഎം മോൻസി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മോൻസിയുടെ വലതുകാലിന്റെ കുഴയിലെ കണ്ണയ്ക്കു പൊട്ടലുള്ളതിനാൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. പിടിവലിയിൽ കഴുത്തിലും ചതവേറ്റിട്ടുണ്ടെന്നും മറ്റു മുറിവുകൾ ഇല്ലെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് പറഞ്ഞു. പ്രകോപനമില്ലാതെയാണ് തന്നെ എംഎൽഎ കയ്യേറ്റം ചെയ്തതായി എഡിഎം പൊലീസിന് മൊഴിനൽകിയത്.

വിശദമായി അന്വേഷിക്കാനും സാക്ഷിമൊഴി രേഖപ്പെടുത്താനും ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ് നിർദ്ദേശം നൽകി. സംഭവസമയത്തുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥരിൽ നിന്നു മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യൽ, നിയമവിരുദ്ധമായ സംഘം ചേരൽ, കോടതി നിർദ്ദേശം പാലിക്കുന്നതു തടയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തതെന്നു പീരുമേട് സിഐ പി.വി. മനോജ് കുമാർ പറഞ്ഞു. അതേസമയം സംഭവത്തെപ്പറ്റി റിപ്പോർട്ട് നൽകാൻ ഇടുക്കി ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി സിപിഐ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു. ഇടുക്കിയിൽ നടന്നതു ജനകീയപ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും കേസെടുത്തതിനെ നിയമപരായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സമാധാനപരമായി സമരം നടത്തിയ ജനങ്ങളെ പ്രകോപിപ്പിക്കാനാണ് എഡിഎം ശ്രമിച്ചതെന്നും, തോട്ടമുടമയുടെ പിണിയാളായാണ് എഡിഎം പ്രവർത്തിച്ചതെന്നും ബിജിമോൾ ആരോപിച്ചു. എഡിഎമ്മിനെ കയ്യേറ്റം ചെയ്‌തെന്ന പേരിൽ താനുൾപ്പെടെ മുന്നൂറിലധികം ആളുകളുടെ പേരിലെടുത്ത കള്ളക്കേസ് പൊലീസ് പിൻവലിക്കണമെന്നും ബിജിമോൾ ആവശ്യപ്പെട്ടു. തോട്ടത്തിന്റെ ഗേറ്റ് പൊളിച്ചുമാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവ് സർക്കാർ നടപ്പാക്കണം. തോട്ടത്തിലൂടെയുള്ള മണിക്കൽ-കുപ്പക്കയം-വള്ളിയാങ്കാവ് റോഡ് സർക്കാർ ഏറ്റെടുക്കണമെന്നും ബിജിമോൾ പറഞ്ഞു. മന്ത്രി അടൂർ പ്രകാശിനെ തിങ്കളാഴ്ച കാണുമെന്നും എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹത്തിൽ നിന്ന് എഴുതിവാങ്ങുമെന്നും ബിജിമോൾ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ തന്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ നല്ല ശ്രമമുണ്ടാകുമെന്നും ബിജിമോൾ പ്രതികരിച്ചു.

അതേസമയം സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ ബിജിമോൾ എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനമാണ് മുണ്ടക്കയത്ത് സംഘർഷത്തിനും എഡിഎമ്മിനെ കയ്യേറ്റം ചെയ്തതിനും ഇടയാക്കിയതെന്നാണ്് പറയുന്നത്. എഡിഎം സംയമനം പാലിച്ചെന്നും പ്രശ്‌നങ്ങളുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ എംഎൽഎ പ്രകോപിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമസഭാ സ്പീക്കർ, ഡിജിപി, ഇന്റലിജൻസ് എഡിജിപി എന്നിവർക്കും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

എഡിഎമ്മിനെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ജില്ലാ കലക്ടറേറ്റിലെ റവന്യു ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തു. സമരം നിർത്തണമെന്നു മന്ത്രി അടൂർ പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണാധികാരി എന്ന നിലയിലാണു കോടതിവിധി നടപ്പാക്കാൻ എഡിഎമ്മിനു പോകേണ്ടിവന്നതെന്നു മന്ത്രി അടൂർ പ്രകാശ് പത്തനംതിട്ടയിൽ പറഞ്ഞു. നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച സ്വകാര്യ എസ്‌റ്റേറ്റ് ഉടമയുടെ നടപടി അംഗീകരിക്കാനാവില്ല. എന്നാൽ കോടതിവിധി നടപ്പാക്കുകയും വേണം. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP