വെള്ളപ്പൊക്കത്തിനിടയിൽ സമൂഹ മാധ്യമം വഴി വ്യാജ സന്ദേശ പ്രചരണം; സന്ദേശയമയച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്; നടപടിയെടുത്തത് സമൂഹ മാധ്യമത്തിൽ പ്രചരിച്ച പോസ്റ്റുകൾ സംബന്ധിച്ചുള്ള സൈബർ ഡോമിന്റെ റിപ്പോർട്ടിന് പിന്നാലെ; ശക്തമായ നടപടിയെടുക്കുമെന്നറിയിച്ച് ഐജി മനോജ് ഏബ്രഹാം
August 19, 2018 | 08:54 AM IST | Permalink

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ വലയുമ്പോൾ സമൂഹ മാധ്യമം വഴി വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്. സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ സംബന്ധിച്ച് സൈബർ ഡോം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ.ജി മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്നതുൾപ്പെടെയുള്ള പ്രചാരണം നടത്തിയവർക്കെതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ. ജി അറിയിച്ചു. ഭീതിപരത്തുന്ന രീതിയിൽ യൂടൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും സൈബർ ഡോം നീക്കം ചെയ്തിട്ടുണ്ട്.
വാട്സാപ്പിലൂടെയും വ്യാജ ശബ്ദ സന്ദേശം
പൊന്നാനിയിൽ കടലിലേക്ക് വെള്ളം ഒഴുകുന്നില്ലെന്നും കുണ്ടുകടവ് പട്ടണം വരെയുള്ളവരും ദേശീയപാതയ്ക്കിപ്പുറമുള്ളവരും ഉടനടി മാറിത്താമസിക്കണമെന്നും രാത്രിയോടെ കടൽ കയറുമെന്നുമെല്ലാമുള്ള ശബ്ദസന്ദേശം വെള്ളിയാഴ്ച്ച പ്രചിരിച്ചിരുന്നു. ഇതുകേട്ട് നൂറുകണക്കിനാളുകളാണ് പരിഭ്രാന്തരായി പൊലീസിനെയും റവന്യു അധികാരികളെയും വിളിച്ചുകൊണ്ടിരുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്ന ഉദ്യോഗസ്ഥർക്ക് ഇവരെ ആശ്വസിപ്പിക്കാനും വാർത്ത നിഷേധിക്കാനും തന്നെ ഏറെ പണിപ്പെടേണ്ടിവന്നു. രാത്രിയോടെ നഗരസഭാധ്യക്ഷനും തഹസിൽദാറും സിഐയുമൊന്നിച്ചിരുന്ന് വീഡിയോ സന്ദേശം റെക്കോർഡ് ചെയത് പ്രചരിപ്പിക്കേണ്ട അവസ്ഥവരെയുണ്ടായി.
വ്യാജസന്ദേശം റെക്കോർഡ് ചെയ്ത ആളെയും ഷെയറും ഫോർവേഡും ചെയ്തവരെയും ഗ്രൂപ്പ് അഡ്മിന്മാരെയും രാത്രിയോടെ മലപ്പുറം ഐ.ടി. സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഇവർക്കെതിരേ ഐ.പി.സി., ഐ.ടി.ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് തീരദേശ എസ്ഐ. ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. അഞ്ചുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്നവയാണ് ഈ വകുപ്പുകൾ. ജാമ്യമില്ലാ വകുപ്പു ചുമത്തുന്നകാര്യം പരിഗണിക്കുമെന്നും എസ്ഐ. അറിയിച്ചു.
