Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിവസ്ത്രമുരിഞ്ഞു പരിശോധിച്ച വിദ്യാർത്ഥിനിയോടു ടിസ്‌ക് സ്‌കൂളിലെ പ്രിൻസിപ്പൽ നിരുപാധികം മാപ്പു പറയണമെന്ന് സിബിഎസ്ഇ; വീഴ്ച സംഭവിച്ചത് വനിതാ ജീവനക്കാരുടെ അമിതാവേശംമൂലം; നാല് വനിതാ അദ്ധ്യാപകർക്ക് സസ്‌പെൻഷൻ; കൊച്ചിയിൽ വിദ്യാർത്ഥിയുടെ പരാതിയിൽ കുറുപ്പംപടി സെൻ മേരീസ് സ്‌കൂൾ ജീവനക്കാർക്കെതിരേ കേസ്

അടിവസ്ത്രമുരിഞ്ഞു പരിശോധിച്ച വിദ്യാർത്ഥിനിയോടു ടിസ്‌ക് സ്‌കൂളിലെ പ്രിൻസിപ്പൽ നിരുപാധികം മാപ്പു പറയണമെന്ന് സിബിഎസ്ഇ; വീഴ്ച സംഭവിച്ചത് വനിതാ ജീവനക്കാരുടെ അമിതാവേശംമൂലം; നാല് വനിതാ അദ്ധ്യാപകർക്ക് സസ്‌പെൻഷൻ; കൊച്ചിയിൽ വിദ്യാർത്ഥിയുടെ പരാതിയിൽ കുറുപ്പംപടി സെൻ മേരീസ് സ്‌കൂൾ ജീവനക്കാർക്കെതിരേ കേസ്

ന്യൂഡൽഹി: മെഡിക്കൽ, ഡന്റൽ പ്രവേശനത്തിനായി നടന്ന നാഷണൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ് ടെസ്‌റ് (നീറ്റ്) പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയെ കണ്ണൂരിലെ സ്‌കൂളിൽ അടിവസ്ത്രമുരിഞ്ഞു പരിശോധനയ്ക്കു വിധേയമാക്കിയ സംഭവത്തിൽ നടപടികളെടുത്തു സിബിഎസ്ഇ. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തതിനു പിന്നാലെയാണ് സിബിഎസ്ഇ നടപടികൾ പ്രഖ്യാപിച്ചത്. രണ്ടുദിവസം മുമ്പ് കണ്ണൂരിലെ കുഞ്ഞിമംഗലം കൊവ്വപുരം ടിസ്‌ക് സ്‌കൂളിലായിരുന്നു സംഭവം.

അപമാനിക്കപ്പെട്ട വിദ്യാർത്ഥിനിയോട് കണ്ണൂരിലെ ടിസ്‌ക് സ്‌കൂളിലെ പ്രിൻസിപ്പൽ മാപ്പു പറയണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു. സ്‌കൂളിൽ നടന്ന സംഭവം തികച്ചും ദൗർഭാഗ്യകരമാണ്. സ്ത്രീജീവനക്കാരുടെ അമിതാവേശമാണ് വീഴ്ചയ്ക്കു കാരണം. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സിബിഎസ്ഇ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്കു സമ്മർദമില്ലാതെ പരീക്ഷ എഴുതാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

ഇതിനിടെ കൊച്ചിയിൽ നീറ്റ് പരീക്ഷയ്‌ക്കെത്തി വിദ്യാർത്ഥിയുടെ മുഴുക്കയ്യൻ ഷർട്ട് മുറിച്ച് അരക്കൈ ആക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിയായ രജത് എന്ന വിദ്യാർത്ഥി നല്കിയ പരാതിയിൽ കുറുപ്പംപടി പൊലീസ് ആണു കേസ് എടുത്തിരിക്കുന്നത്. പരീക്ഷയ്ക്കു മുമ്പുള്ള പരിശോധനയുടെ ഭാഗമായമായി തന്റെ മുഴുക്കയ്യൻ ഷർട്ട് മുറിച്ച് അരക്കൈ ആക്കി മാറ്റിയെന്നാണ് വിദ്യാർത്ഥി പൊലീസിൽ പരാതിപ്പെട്ടത്. കുറുപ്പംപടി സെൻ മേരീസ് സ്‌കൂളിലാണ് വിദ്യാർത്ഥി പരീക്ഷ എഴുതിയത്. സ്‌കൂളിലെ കണ്ടാൽ അറിയാവുന്ന ജീവനക്കാർക്കെതിരേ, മാനഹാനി, നാശനഷ്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരീക്ഷാ ഹാളിലേക്ക് കയറും മുമ്പേ ഡ്രസ് കോഡിന്റെ പേരിൽ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം വരെ അഴിച്ചു പരിശോധിച്ച നടപടി ഏറെ വിവാദമായിരുന്നു. സംഭവത്തിൽ നാല് അദ്ധ്യാപികമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ടിസ്‌ക് സ്‌കൂളിളെ ഷീജ, ഷഫീന, ബിന്ദു,ഷിജിന എന്നിവരെയാണ് അന്വേഷണ വിധേയമായി മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തത്. ഒരു മാസത്തേക്കാണ് സസ്‌പെൻഷൻ.

നേരത്തെ, അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കൂടാതെ, അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നേരത്തെ കേസെടുത്തിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് കമ്മിഷൻ കേസെടുത്തത്.

പെൺകുട്ടികളുടെ അടിവസ്ത്രം ഉൾപ്പെടെ അഴിപ്പിച്ച് പരിശോധന നടത്തിയത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്. പെൺകുട്ടികൾക്കു നേരെയുള്ള അവഹേളനമാണ് സംഭവം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കമ്മിഷൻ വ്യക്തമാക്കി.

സിബിഎസ്ഇ റീജിയണൽ ഡയറക്ടർ മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയോട് മൂന്നാഴ്ചയ്ക്കം റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയയ്ക്കുകയും ചെയ്തു.

രാവിലെ 8.30ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുൻപാണ് അധികൃതർ വിദ്യാർത്ഥികളെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ചത്. പരീക്ഷാ ഹാളിനു പുറത്ത് ഡ്രസ് മുഴുവൻ മാറ്റിച്ചു. പരിശോധനയ്ക്കിടെ മെറ്റൽ ഡിറ്റക്ടറിൽ നിന്നു ബീപ് ശബ്ദം വന്നപ്പോൾ അടിവസ്ത്രമുൾപ്പെടെയുള്ള വസ്ത്രങ്ങൾ ഊരി പരിശോധിച്ചെന്നും പെൺകുട്ടികൾ പറഞ്ഞു. മകൾ പരീക്ഷാ ഹാളിലേക്ക് പോയി ഉടൻ തിരിച്ചെത്തിയെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. പരീക്ഷാച്ചുമതലയുള്ളവർ അടിവസ്ത്രം നിർബന്ധിച്ച് ഊരിപ്പിച്ചെന്നാണ് മകൾ പറഞ്ഞതെന്നും അമ്മ വ്യക്തമാക്കി. നേരിട്ട അപമാനത്തിൽ മനംനൊന്ത് കുട്ടികൾ പൊട്ടിക്കരയുകയായിരുന്നു.

ജീൻസ് ധരിച്ചതിനാണ് മറ്റൊരു വിദ്യാർത്ഥിനിയെ അപമാനിച്ചത്. ജീൻസിലെ പോക്കറ്റും മെറ്റൽ ബട്ടണും മാറ്റണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ പെൺകുട്ടിയുടെ പിതാവ് മൂന്നു കിലോമീറ്റർ യാത്രചെയ്തു കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ടി വന്ന ശേഷമാണ് പരീക്ഷയെഴുതിയത്. കടുത്ത നിബന്ധനകളാൽ ഒരു മുസ്ലിം വിദ്യാർത്ഥി ആറു ജോടി ഉടുപ്പുമായാണ് പരീക്ഷാ സെന്ററിൽ എത്തിയത്. എന്നിട്ടും മുഴുനീള ഉടുപ്പിന്റെ കൈ വെട്ടിച്ചെറുതാക്കിയശേഷം മാത്രമേ പരീക്ഷാ ഹാളിലേക്കു കയറ്റിയുള്ളൂവെന്നു രക്ഷിതാവ് പരാതിപ്പെട്ടു.

തട്ടമിട്ടുവന്ന പെൺകുട്ടികളോട് അവ നീക്കം ചെയ്തശേഷം മാത്രം പരീക്ഷ എഴുതിയാൽ മതിയെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ചുരിദാർ ധരിച്ചുവന്ന പെൺകുട്ടികളോട് ഷാൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. പല പെൺകുട്ടികളെയും സ്പർശിച്ചുകൊണ്ടു ശരീരപരിശോധനനടത്തിയതായും ആരോപണമുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായുള്ള നടപടി എന്ന ന്യായീകരണത്തോടെയായിരുന്നു പരിശോധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP