Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാരകവിഷം സൂക്ഷിക്കുന്ന ഡെൽറ്റ പ്ലൈവുഡ് കമ്പനി പൂട്ടണമെന്ന ആവശ്യവുമായി നഗരസഭ സിഡിഎസ് ചെയർപേഴ്‌സൺ; മൂന്നു നില കെട്ടിടത്തിനു മുകളിൽ നിലയുറപ്പിച്ചതു മണിക്കൂറുകൾ; സന്ധ്യ മണികണ്ഠൻ താഴെയിറങ്ങിയത് ആർഡിഒയുടെ ഉറപ്പു ലഭിച്ച ശേഷം

മാരകവിഷം സൂക്ഷിക്കുന്ന ഡെൽറ്റ പ്ലൈവുഡ് കമ്പനി പൂട്ടണമെന്ന ആവശ്യവുമായി നഗരസഭ സിഡിഎസ് ചെയർപേഴ്‌സൺ; മൂന്നു നില കെട്ടിടത്തിനു മുകളിൽ നിലയുറപ്പിച്ചതു മണിക്കൂറുകൾ; സന്ധ്യ മണികണ്ഠൻ താഴെയിറങ്ങിയത് ആർഡിഒയുടെ ഉറപ്പു ലഭിച്ച ശേഷം

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: മാരകവിഷം സൂക്ഷിച്ചിട്ടുള്ള പ്ലൈവുഡ് കമ്പനി അടച്ചുപൂട്ടാൻ നടപടി സ്വീകരിച്ചില്ലങ്കിൽ ആത്മഹത്യചെയ്യുമെന്ന് പ്രഖ്യാപിച്ച് മൂന്നുനിലകെട്ടിടത്തിന് മുകളിൽ കയറി നിലയുറപ്പിച്ചു. അനുനയവുമായി അധികൃതരും പൊതുപ്രവർത്തകരുമെത്തിയെങ്കിലും വഴങ്ങിയില്ല. കളക്ടർ ഉറപ്പുനൽകാതെ ഇറങ്ങില്ലന്ന് ശഠിച്ചപ്പോൾ ചീഫ് സെക്രട്ടറിയുൾപ്പെടെ ഉന്നതരുടെ ഇടപെടൽ. ആർ ഡി ഒ സ്ഥലത്തെത്തി ചർച്ചനടത്തിയതിനെതുടർന്ന് അവശതയോടെ മടക്കം.തുടർന്ന് ആമ്പുലൻസിൽ ആശുപത്രിയിലേക്ക്.

നഗരത്തെ മണിക്കൂറുകളോളം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പെരുമ്പാവൂർ നഗരസഭയിലെ 16-ാംവാർഡ് സി ഡി എസ് ചെയർപേഴ്‌സൺ സന്ധ്യ മണികണ്ഠന്റെ പ്ലൈവുഡ് കമ്പനിക്കെതിരെയുള്ള 'ഒറ്റയാൾ സമരം' ഒറ്റനോട്ടത്തിൽ ഇങ്ങിനെ. ഇരിങ്ങോളിലെ ഡെൽറ്റ പ്ലൈവുഡ്‌സിനെതിരെയായിരുന്നു സന്ധ്യയുടെ 'ജീവന്മരണ പോരാട്ടം'.

കമ്പനി അടച്ചുപൂട്ടിയില്ലങ്കിൽ അത്മഹത്യചെയ്യുമെന്ന ഭീഷിണിയുമായി ഇന്നലെ രാവിലെ 11 .30 തോടെയാണ് സന്ധ്യ ആലുവ-മൂന്നാർ പാതയോരത്തുള്ള നഗരസഭയുടെ സസ്യമാർക്കറ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കയറി സന്ധ്യ നിലയുറപ്പിച്ചത്. രാവിലെ മുൻസിപ്പൽ സെക്രട്ടറിയെകണ്ട് കമ്പനി അടച്ചുപൂട്ടുന്ന വിഷയം സംസാരിച്ചെങ്കിലും അനുകൂലതീരുമാനമുണ്ടാവത്ത സാഹചര്യത്തിലാണ് സന്ധ്യ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം.

കെട്ടിടത്തിന് മുകളിൽ കയറിനിന്ന ശേഷമാണ് സന്ധ്യ മൊബൈലിൽ തന്റെ ആവശ്യം അധികൃതരെയും പൊതുപ്രവർത്തകരെയും അറിയച്ചത്. കമ്പനിക്കതിരെ സമരം ചെയ്തുവരുന്ന ജനകീയസമരസമിതി നേതാക്കളെയും സന്ധ്യ വിവരം ധരിപ്പിച്ചു. ഇതേത്തുടർന്ന് സമരസമിതി പ്രസിഡന്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ ഉടൻ സ്ഥലത്തെത്തി.

ഇതിനിടയിൽ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി സന്ധ്യയെ അനുനയിപ്പിച്ച് താഴെയിറക്കുന്നതിനുള്ള നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. ഒരുഘട്ടത്തിൽ കെട്ടിടത്തിന് മുകളിൽകയറി ബലം പ്രയോഗിച്ച് സന്ധ്യയെ ഇറക്കാൻ അധികൃതർ തയ്യാറെടുത്തപ്പോൾ നാട്ടുകാർ ഇത് തടഞ്ഞു. പൊലീസ് അടുത്തേക്കുവന്നാൽ താൻ താഴേക്ക് ചാടുമെന്നുള്ള സന്ധ്യയുടെ ഭീഷണിയായിരുന്നു ഇതിന് കാരണം.

തുടർന്ന് സമരസമിതി ഭാരവാഹികൾ കളക്ടറുമായി വിഷയം ചർച്ചചെയ്തു. ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് ഉടൻ വേണ്ടതുചെയ്യാമെന്ന് കളക്ടർ ഇവർക്ക് ഉറപ്പുനൽകി. താമസിയാതെ കളക്ടർ നിർദ്ദേശിച്ച പ്രകാരം മുവാറ്റുപുഴ ആർ ഡി ഒ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും കളക്ടർ സ്ഥലത്തെത്തി ഉറപ്പുനൽകാതെ താൻ താഴെയിറങ്ങില്ലെന്ന് സന്ധൃ വ്യക്തമാക്കി.

പിന്നെ നിരവധിതവണ സമരസമിതി ഭാരവാഹികളും നാട്ടുകാരും അഭ്യർത്ഥിച്ചപ്പോൾ ആർ ഡി ഒ കമ്പനിയിലെത്തി പരിശോധിച്ച് നടപടി സ്വീകരിച്ചാൽ താഴേക്കിറങ്ങാൻ തയ്യാറാണെന്ന് സന്ധ്യ അറിയിച്ചു. ഇതേത്തുടർന്ന് ആർ ഡി ഒ പ്ലൈവുഡ് കമ്പനി സന്ദർശിച്ച് പരിശോധന നടത്തുകയും സ്‌റ്റോപ്പ് മെമ്മൊ നൽകുകയും ചെയ്തു. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടടുത്ത് ആർഡിഒ മടങ്ങിയെത്തി വിവരം അറിയിച്ചതോടെ താഴേക്ക് ഇറങ്ങാൻ ഒരുമ്പെട്ട സന്ധ്യകെട്ടിടത്തിന് മുകൾ നിലയിൽ മോഹാലസ്യപ്പെട്ടുവീണു. ഉടൻ സ്ഥലത്തുണ്ടായിരുന്നവർ താങ്ങിയെത്ത് താഴെയുണ്ടായിരുന്ന ആമ്പുലൻസിൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെയിൽകൊണ്ടതിതിനെ തുടർന്നാണ് സന്ധ്യമയങ്ങിവീണതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെയാണ് പൊലീസും ഫയർഫോഴ്‌സും സംഭവമറിഞ്ഞ് ഓടിക്കൂയിയവരും സംഭലസ്ഥത്തുനിന്നും യാത്രയായത്.

പുരാതനമായ പെരുമ്പാവൂർ ഇരിങ്ങോൾ കാവിന് സമീപം പ്രവർത്തിക്കുന്ന ഡെൽറ്റ പ്ലൈവുഡ് ഫാക്ടറിയിൽ മാരകവിഷമുള്ള രാസപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള അനധികൃത പശനിർമ്മാണം നടക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമീപത്തെ ആറ് റസിഡൻസ് അസോസീയേഷനിലെ അംഗങ്ങൾ ചേർന്ന് രൂപീകരിച്ച സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പ്രക്ഷോഭ പരിപാടികൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചവരെ നീക്കുന്നതിനുള്ള പൊലീസ് നീക്കത്തിൽ മൂന്ന് സ്ത്രീകള്ൾ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റിരുന്നു.

സമാധാനപരമായി സമരം ചെയ്ത തങ്ങൾക്കുനേരെ പെരുംമ്പാവൂർ സി ഐ യുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം അകാരണമായി അക്രമണം അഴിച്ചുവിടുകയായിരുന്നാണ് സമരക്കാരുടെ ആരോപണം. റോഡിലൂടെ വലിച്ചിഴച്ചതിലും പിടിവലിക്കിടയിലുമാണ് സ്ത്രീകളുൾപ്പെടെയുള്ള സമരക്കാർക്ക് പരിക്കേറ്റതെന്നാണ് അറിയുന്നത്.

നാടിനെ നശിപ്പിക്കുന്ന കമ്പനിയുടെ നടപടികൾക്ക് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ സംഘവും വേണ്ട സഹായങ്ങൾ നൽകുന്നുണ്ടെന്നും തങ്ങളുടെ പ്രതിഷേധത്തെ രാഷ്ട്രീയ-പണ സ്വാധീനത്താൽ തകർക്കുന്നതിനാണ് കമ്പനി ഉടമയുടെ നീക്കമെന്നും ജീവൻ ബലിനൽകേണ്ടി വന്നാൽപോലും ഇതിനെതിരെ തങ്ങൾ സമരരംഗത്തുണ്ടാവുമെന്നും സമരസമിതി പ്രസിഡന്റ് സുനിൽകുമാർ പറഞ്ഞു.

അടുത്തിടെ ജനപ്രതിനിധികളടക്കമുള്ളവർ കമ്പനിയിൽ പരിശോധന നടത്തിയപ്പോൾ പശനിർമ്മാണത്തിനായി ഉപയോഗിക്കുന്ന പല ഇനത്തിൽപ്പെട്ട നൂറുകളക്കിന് ലിറ്റർ ആസിഡുകളും മറ്റ് മാരകവിഷമുള്ള ടൺ കണക്കിന് രാസപദാർത്ഥങ്ങളും കണ്ടെത്തിയെന്നും ഇത് ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലന്നും സുനിൽകുമാർ ആരോപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP