Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ചാക്കിൽ മൂന്ന് കിലോ വരെ വെട്ടിച്ച് സിമന്റ് കമ്പനികൾ; പരിശോധനയിൽ കുടുങ്ങിയത് ശങ്കറും എസിസിയും ഡാൽമിയയും ചെട്ടിനാടും അടക്കം എല്ലാ വമ്പൻ സ്രാവുകളും; വിൽപ്പനക്കാർക്കെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഒരു ചാക്കിൽ മൂന്ന് കിലോ വരെ വെട്ടിച്ച് സിമന്റ് കമ്പനികൾ; പരിശോധനയിൽ കുടുങ്ങിയത് ശങ്കറും എസിസിയും ഡാൽമിയയും ചെട്ടിനാടും അടക്കം എല്ലാ വമ്പൻ സ്രാവുകളും; വിൽപ്പനക്കാർക്കെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

തിരുവനന്തപുരം: സിമന്റിന്റെ പൊള്ളുന്ന വില മൂലം നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കയാണ്. നാനൂറ് രൂപയ്ക്ക് മുകളിലാണ് ഒരു ചാക്ക് സിമന്റിന്റെ വില. ഇങ്ങനെ പൊന്നും വിലകൊടുത്ത് സിമന്റ് വാങ്ങുമ്പോൾ അതിലും ഉപഭോക്താവ് വഞ്ചിക്കപ്പെടുകയാണ്. മിക്ക പ്രമുഖ ബ്രാൻഡ് സിമന്റ് കമ്പനികളും തൂക്കത്തിൽ വെട്ടിപ്പു നടത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. ലീഗൽ മെട്രോളജി വകുപ്പ് കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിൽപ്പന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ശങ്കർ, ഇന്ത്യാന, എ.സി.സി, ഡാൽമിയ, ചെട്ടിനാട്, അൾട്രാടെക് ബ്രാൻഡ് സിമന്റ് പായ്ക്കറ്റുകളിൽ മൂന്ന് കിലോഗ്രാം വരെ തൂക്കക്കുറവുള്ളതായി കണ്ടെത്തി.

ഡിസ്‌കവറി ബ്രാൻഡ് ടൈൽസ് ഒട്ടിക്കുന്ന അഡ്ഹസീവിന്റെ 25 കിലോഗ്രാം പാക്കറ്റിൽ 500 ഗ്രാം തൂക്കക്കുറവുള്ളതായി തെളിഞ്ഞു. സിമന്റ്, ടൈൽസ്, സാനിട്ടറി ഫിറ്റിങ്‌സ് തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കിയതിനുൾപ്പെടെ 91 സ്ഥാപനങ്ങൾക്കെതിരെ വിവിധ ക്രമക്കേടുകൾക്ക് കേസെടുത്തു. സിമന്റ് വിൽപ്പനക്കാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കെട്ടിട നിർമ്മാണ സാമഗ്രികളുടെ പാക്കറ്റുകളിലെ തൂക്കക്കുറവ്, അമിത വില ഈടാക്കൽ, പാക്കറ്റുകളിൽ നിയമാനുസൃത വിവരങ്ങൾ രേഖപ്പെടുത്താതിരിക്കൽ, മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കൽ, ഉപകരണങ്ങളുടെ സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിക്കാതിരിക്കൽ തുടങ്ങിയവ കണ്ടെത്താനാണ് പരിശോധന നടത്തിയത്. ലീഗൽ മെട്രോളജി കൺട്രോളർ മുഹമ്മദ് ഇക്‌ബാലിന്റെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയ്ക്ക് ദക്ഷിണ മേഖലാ ഡെപ്യൂട്ടി കൺട്രോളർ സി.വി. ബാബു നേതൃത്വം നൽകി. എല്ലാ ജില്ലകളിലെയും അസിസ്റ്റന്റ് കൺട്രോളർമാരും ഇൻസ്‌പെക്ടർമാരും പരിശോധനയിൽ പങ്കെടുത്തു.

സംസ്ഥാനത്ത് പ്രതിമാസം ഒൻപത് ലക്ഷം ടൺ സിമന്റ് വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. സിമന്റ് വില കൂടിയത് വിൽപ്പനയെയും ബാധിക്കുന്നുണ്ട്. 411 രൂപയാണ് എ ഗ്രേഡ് സിമന്റുകൾക്ക് ഈടാക്കുന്നത്. ചില്ലറ വിപണിയിൽ 15 രൂപയുടെ വരെ വർദ്ധനവുമുണ്ടാകും. രാംകോ, ഇന്ത്യാ സിമന്റ്, ഡാൽമിയ, ചെട്ടിനാട്, അൾട്രാടെക് തുടങ്ങിയ കമ്പനികളുടെ സിമന്റുകളാണ് സംസ്ഥാനത്ത് കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. ഇതിൽ പ്രമുഖ ബ്രാൻഡുകളാണ് തൂക്കത്തിൽ വെട്ടിപ്പ് നടത്തിയത്.

തമിഴ്‌നാട്ടിൽനിന്ന് പാക്ക് ചെയ്ത് എത്തിക്കുന്നതാണ് സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നതിൽ ഏറേയും. അംബുജാ സിമന്റസിനും അൾടോടെക്കിനുമാണ് ഇപ്പോൾ കൊച്ചിയിൽ പാക്കിങ് സംവിധാനമുള്ളത്. ഈ സംവിധാനം ലാഭം വർദ്ധിപ്പിക്കുന്നുവെന്ന് വ്യക്തമായതോടെ മറ്റ് കമ്പനികളും കൊച്ചിയിൽ പാക്കിങ് യൂണിറ്റുകൾ തുടങ്ങാൻ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. പുറമേ നിന്നും വരുന്ന സിമന്റുകളിലാണ് തൂക്കത്തിൽ വെട്ടിപ്പ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ കേരളത്തിലെ ലീഗൽ മെട്രോളജി വകുപ്പിന് എത്രകണ്ട തീരുമാനം കൈക്കൊള്ളാൻ സാധിക്കുമെന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP