Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമ്പൂർണ്ണ സാക്ഷര കേരളത്തിൽ 11.38 ശതമാനം നിരക്ഷരർ! 70 ശതമാനം കുടുംബങ്ങൾക്കും പ്രതിമാസ വരുമാനം 5,000 രൂപയിൽ താഴെ; സംസ്ഥാനത്ത് എലി പിടിച്ച് ജീവിക്കുന്നത് 5911 പേരെന്നും സെൻസസ് റിപ്പോർട്ട്; മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് 60 ശതമാനത്തിലേറെ പേർ

സമ്പൂർണ്ണ സാക്ഷര കേരളത്തിൽ 11.38 ശതമാനം നിരക്ഷരർ! 70 ശതമാനം കുടുംബങ്ങൾക്കും പ്രതിമാസ വരുമാനം 5,000 രൂപയിൽ താഴെ; സംസ്ഥാനത്ത് എലി പിടിച്ച് ജീവിക്കുന്നത് 5911 പേരെന്നും സെൻസസ് റിപ്പോർട്ട്; മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് 60 ശതമാനത്തിലേറെ പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യ രാജ്യത്തെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. വ്യാവസായങ്ങൾ കുറവാണെങ്കിലും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഏറ്റവും കുറവുള്ള സാമൂഹ്യനീതിയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, ഏറ്റവും ഒടുവിൽ പുറത്തുവന്ന സാമൂഹിക-സാമ്പത്തിക സെൻസസ് കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ മേൽക്കൈ അൽപ്പമൊന്ന് നഷ്ടമായോ എന്ന സംശയം തോന്നിപ്പോകും. എലിപിടിച്ച ജീവിക്കുന്ന 5911 പേർ കേരളത്തിലുണ്ടെന്നാണ് സെൻസസ് റിപ്പോർട്ടിൽ പറയുന്നത്.

കേരളത്തിൽ 70 ശതമാനം കുടുംബങ്ങൾക്കും പ്രതിമാസ വരുമാനം 5,000 രൂപയിൽ താഴെയാണെന്ന് സാമൂഹിക, സാമ്പത്തിക സെൻസസ് വിശദീകരിക്കുന്നത്. 10,000ൽ കൂടുതൽ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങൾ 17 ശതമാനം. 5000 മുതൽ 10,000 രൂപ വരെ ശമ്പളക്കാരുള്ള കുടുംബങ്ങൾ 12.35 ശതമാനം. സാക്ഷരതയുടെ കാര്യത്തിലും കേരളം പിന്നോക്കം പോയെന്ന വെളിപ്പെടുത്തലും സെൻസസ് റിപ്പോർട്ടിലുണ്ട്. സമ്പൂർണ സാക്ഷരരെന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും കേരളത്തിൽ 11.38 ശതമാനം നിരക്ഷരരാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനും താഴെ സാക്ഷരരായ 7.93 ശതമാനം പേരുണ്ട്. ബിരുദമോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ളവർ 21 ലക്ഷം അഥവാ 7.75 ശതമാനം.

ആകെ വീടുകൾ 62,89,649. ഗ്രാമീണ കുടുംബങ്ങളാണ് 82 ശതമാനം. താൽക്കാലിക തൊഴിലെടുത്ത് കഴിയുന്ന കുടുംബങ്ങൾ 25.34 ലക്ഷം. കാർഷികേതര സംരംഭമുള്ള ഗ്രാമീണ കുടുംബങ്ങൾ 1.37 ലക്ഷം. 30.5 ശതമാനം കുടുംബങ്ങളിലും വാഹനമുണ്ട്. ഇതിൽ ഇരുചക്ര വാഹനക്കാർ 18.59 ശതമാനം. കാറും മറ്റുമുള്ളവർ 9.55 ശതമാനം. 42 ശതമാനം വീടുകളിൽ ഫ്രിഡ്ജുണ്ട്.

ടെലിഫോണും മൊബൈൽ ഫോണുമുള്ള കുടുംബങ്ങൾ 3.63 ശതമാനമാണ്. മൊബൈൽ ഫോൺ മാത്രമുള്ളവർ 60 ശതമാനത്തിൽ കൂടുതലുണ്ട്. രണ്ടും സ്വന്തമായുള്ള കുടുംബങ്ങൾ 17.81 ലക്ഷം. ഫോണില്ലാത്ത കുടുംബങ്ങൾ നാലര ലക്ഷം. കേരളത്തിൽ ഒരു കുടുംബത്തിൽ ശരാശരി 4.30 ആളുണ്ട്. അവിവാഹിതർ 1.06 കോടി. വിവാഹിതർ 1.29 കോടി. വേർപിരിഞ്ഞു കഴിയുന്നവർ 1.54 ലക്ഷം. ദാമ്പത്യബന്ധം വേർപെടുത്തിയവർ 47,925. കേരളത്തിൽ പട്ടികജാതിക്കാർ 10.33 ശതമാനം. പട്ടിക വർഗക്കാർ 1.63 ശതമാനം. മറ്റു വിഭാഗങ്ങളിൽ പെടുന്നവർ 86.16 ശതമാനം.

ജാതിവർഗങ്ങളില്ലാത്തവരുടെ ഗണത്തിലാണ് 1.88 ശതമാനം അഥവാ 1,17,989 പേരെ ഉൾപ്പെടുത്തിയിരിക്കുന്നത്. 94 ശതമാനം പേർക്കും വീടുണ്ട്. വാടക വീട്ടിൽ കഴിയുന്നവർ നാലര ശതമാനം. ഒറ്റമുറി വീടു മാത്രമുള്ളവർ 4.08 ലക്ഷം കുടുംബങ്ങളാണ്. മൂന്നു മുറിയിൽ കൂടുതലുള്ളവർ 18.68 ലക്ഷം വരും. കോൺക്രീറ്റ് വീടുകൾ 2.75 ലക്ഷം. ആദായ നികുതി നൽകുന്നവർ 4.12 ലക്ഷം അഥവാ 6.56 ശതമാനം. സർക്കാർ ഉദ്യോഗസ്ഥരുള്ള കുടുംബങ്ങൾ ഏഴു ലക്ഷം. സ്വകാര്യ മേഖലയിൽ ജോലിയുള്ളവരുടെ കുടുംബങ്ങൾ ആറു ശതമാനം.

ഗ്രാമവികസന മന്ത്രാലയത്തിന്റെ പദ്ധതികൾ നടപ്പാക്കുന്നതിൽ സെൻസസ് വിവരങ്ങൾ പ്രയോജനപ്പെടുത്താനാണു കേന്ദ്ര സർക്കാരിന്റെ തീരുമാനം. എല്ലാവർക്കും ഭവനം, നൈപുണ്യവികസനം, തൊഴിലുറപ്പുപദ്ധതി, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കൽ, വിദ്യാഭ്യാസ പരിപാടികൾ, ജലസേചനം, ദാരിദ്ര്യനിർമ്മാർജനം, പോഷകക്കുറവു പരിഹരിക്കൽ, അന്ത്യോദയ തുടങ്ങിയ പദ്ധതികൾക്കെല്ലാം സെൻസസ് വിവരങ്ങൾ പ്രയോജനകരമാകും. സംസ്ഥാന സർക്കാരുകളുമായും ഗ്രാമ പഞ്ചായത്തുകളുമായും സഹകരിച്ചു സമഗ്രമായാകും പദ്ധതികൾ നടപ്പാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP