Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥലം കാണാൻ പോലും കേന്ദ്രം ആളെ അയച്ചില്ല; പേരിനു പ്രൊപ്പോസൽ നൽകി കേരളം വെറുതെയിരുന്നു: കേരളത്തിന്റെ എയിംസ് സ്വപ്‌നം വെറുതെയാകുമോ?

സ്ഥലം കാണാൻ പോലും കേന്ദ്രം ആളെ അയച്ചില്ല; പേരിനു പ്രൊപ്പോസൽ നൽകി കേരളം വെറുതെയിരുന്നു: കേരളത്തിന്റെ എയിംസ് സ്വപ്‌നം വെറുതെയാകുമോ?

തിരുവനന്തപുരം: സ്ഥലം നിർദേശിച്ചു കൈയും കെട്ടി നോക്കിയിരുന്ന കേരളത്തിന് എയിംസ് എന്ന സ്വപ്‌നം നഷ്ടമാകുമോ. ആയേക്കുമെന്നാണ് കേന്ദ്രത്തിന്റെ നീക്കം നൽകുന്ന സൂചനകൾ.

രാഷ്ട്രീയ ലാഭമുണ്ടാക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിൽ മാത്രം പദ്ധതി നടപ്പാക്കി കേരളത്തെ തഴയാനാണിപ്പോൾ കേന്ദ്രത്തിന്റെ നീക്കം. എയിംസ് സ്ഥാപിക്കാൻ 200 ഏക്കർവീതം നാല് സ്ഥലങ്ങളിൽ കഴിഞ്ഞ ജൂലായിൽത്തന്നെ കേരളം ശുപാർശ ചെയ്‌തെങ്കിലും സ്ഥലപരിശോധനയ്ക്ക് പോലും ആരും ഇതുവരെ എത്തിയില്ല.

ആന്ധ്രാപ്രദേശ്, കർണാടകം, ഗോവ സംസ്ഥാനങ്ങളിലെ സ്ഥലപരിശോധനയ്ക്കായി ദക്ഷിണേന്ത്യയിലേക്ക് വിദഗ്ദ്ധസമിതിയെ അയച്ച കേന്ദ്രസർക്കാർ കേരളത്തെ മനഃപൂർവം ഒഴിവാക്കുകയായിരുന്നു. സ്ഥലങ്ങൾ ശുപാർശചെയ്ത് കൈയും കെട്ടി നോക്കിയിരുന്ന കേരളത്തിന് എയിംസ് നഷ്ടമാകുമെന്ന സ്ഥിതിയാണിപ്പോൾ.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുടെ ജന്മസ്ഥലമായ ഹിമാചലിലെ ബിലാസ്പൂരുമാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. കേന്ദ്രമന്ത്രിയുടെ നാട്ടിൽ 1600 കോടിയുടെ എയിംസ് പദ്ധതിക്ക് 150 കോടിയുടെ പ്രാഥമിക സഹായം നൽകും. ഇത് കേരളത്തോടൊപ്പം പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ ആഗസ്റ്റിൽ പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ ആറ് എയിംസ് പദ്ധതികൾക്കായി പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജനയിൽനിന്ന് കോടികളുടെ സഹായം അനുവദിക്കുകയും ചെയ്തു. ഉത്തരഗോവയിലും ഗുജറാത്തിലെ വഡോദരയിലും എയിംസിനായി ബഡ്ജറ്റിൽ വിഹിതം ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് കേന്ദ്രത്തെ സമീപിച്ചത്. ആന്ധ്രയിലെ മംഗളഗിരിയിൽ 196 ഏക്കറിൽ എയിംസിന് അടുത്തയാഴ്ച തറക്കല്ലിടുകയാണ്. കർണാടകയിൽ ബാംഗ്‌ളൂരിനടുത്ത് കനക്പുരയിലെ പദ്ധതിക്ക് കർണാടക മെഡിക്കൽ വിദ്യാഭ്യാസമന്ത്രി നേരിട്ട് രംഗത്തുണ്ട്.

എന്നാൽ, ഇക്കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെയിരുന്നതാണ് കേരളത്തിനു വിനയായത്. വെള്ളം, വൈദ്യുതി, റോഡ് അടിസ്ഥാന സൗകര്യങ്ങളുള്ള 200 ഏക്കർ സ്ഥലമാണ് എയിംസിനായി കേന്ദ്രം ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് ആഭ്യന്തരവകുപ്പിന്റെ കൈവശമുള്ള തേവൻകോട്ടെ 200 ഏക്കർ, കോട്ടയത്ത് മെഡിക്കൽകോളേജും അതിനോട് ചേർന്നുള്ള പ്രദേശവും എറണാകുളത്ത് കളമശേരിയിൽ എച്ച്.എം ടി കോമ്പൗണ്ടിലെ 200 ഏക്കർ, കോഴിക്കോട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ എസ്റ്റേറ്റ് എന്നിവയുമാണ് എയിംസിനായി സർക്കാർ കണ്ടെത്തിയത്. നാലിടങ്ങളിൽ ഭൂമി ലഭ്യമാണെന്ന ഒഴുക്കൻ ശുപാർശയാണ് ആരോഗ്യവകുപ്പ് കേന്ദ്രത്തിലേക്കയച്ചത്.

സർവേ നമ്പരും രൂപരേഖയുമടക്കം ഭൂമിയുടെ രേഖകൾ, കളക്ടർമാരുടെ റിപ്പോർട്ട്, അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്ന സത്യവാങ്മൂലം, ഗതാഗതസൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി കേന്ദ്രം ആവശ്യപ്പെട്ട വിശദറിപ്പോർട്ട് നൽകാനും കാലതാമസമുണ്ടായി. ഡിസംബർ ആദ്യവാരത്തിൽ മാത്രമാണ് ആരോഗ്യവകുപ്പ് മറുപടി നൽകിയത്. നടപടിക്രമങ്ങളിലെ തടസം നീക്കാൻ ആരോഗ്യസെക്രട്ടറി ഡോ. ഇളങ്കോവനെ ഡൽഹിക്ക് പോകാൻ ചുമതലപ്പെടുത്തിയതോടെ സർക്കാരിന്റെ ബാദ്ധ്യതയും തീർന്നു. ഇതേസമയം ശക്തമായ സമ്മർദ്ദം ചെലുത്തി അന്യസംസ്ഥാനങ്ങൾ എയിംസിനുള്ള ആദ്യഗഡു നേടിയെടുക്കുകയും ചെയ്തു.

സംസ്ഥാനത്തിന്റ ആരോഗ്യമേഖലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് എയിംസ്. റഫറൽ സൗകര്യമുള്ള ആശുപത്രിയിൽ എല്ലാ വൈദ്യശാസ്ത്രശാഖകളിലും ഗവേഷണവുമുണ്ടാകും. പ്രാദേശികമായി സംവരണമില്ലെങ്കിലും എം.ബി.ബി.എസ്, നഴ്‌സിങ് അടക്കമുള്ളവയിൽ സംസ്ഥാനത്തെ കുട്ടികൾക്കും പ്രവേശന സാദ്ധ്യതയുണ്ടാവും. പോസ്റ്റുമോർട്ടം, രാസപരിശോധന എന്നിവയ്ക്കടക്കം പൊലീസിനും അന്വേഷണ ഏജൻസികൾക്കും എയിംസ് സഹായകമാകും. എന്നാൽ, അടുത്തൊന്നും ഇക്കാര്യങ്ങൾ പ്രതീക്ഷിക്കേണ്ടെന്നതാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചന. അതേസമയം, ബീഹാറിൽ പാട്‌ന, ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്പൂർ, ഉത്തരാഖണ്ഡിൽ ഋഷികേശ്, ഒഡിഷയിൽ ഭുവനേശ്വർ, മദ്ധ്യപ്രദേശിൽ ഭോപ്പാൽ, രാജസ്ഥാനിൽ ജോധ്പൂർ എന്നിവിടങ്ങളിൽ 2012ൽ അനുവദിച്ച എയിംസുകൾ പ്രവർത്തനംതുടങ്ങി.

അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രസർക്കാരിലേക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും സ്ഥലപരിശോധന നടത്തുന്നതിനുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP