Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചനക്ഷത്ര ബാറുകൾക്ക് തുണയാകുന്നത് കേന്ദ്ര നിയമത്തിലെ വ്യവസ്ഥ; ബാർ കേസിൽ സംസ്ഥാന സർക്കാറിന് 'തട്ടു'കിട്ടാതിരിക്കാൻ മോദി കനിയണം

പഞ്ചനക്ഷത്ര ബാറുകൾക്ക് തുണയാകുന്നത് കേന്ദ്ര നിയമത്തിലെ വ്യവസ്ഥ; ബാർ കേസിൽ സംസ്ഥാന സർക്കാറിന് 'തട്ടു'കിട്ടാതിരിക്കാൻ മോദി കനിയണം

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രീസ്റ്റാർ ബാറുകൾ വരെയുള്ള ബാറുകൾ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ പഞ്ചനക്ഷത്രബാറുകൾ എന്തുകൊണ്ട് അടപ്പിക്കുന്നില്ല എന്ന ചോദ്യമാണ് സുപ്രീംകോടതി ഉന്നയിച്ചത്. എന്നാൽ പഞ്ചനക്ഷത്രബാറുകൾ അടപ്പിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന കാര്യമാകും കേരളം കോടതിയിൽ ബോധിപ്പിക്കുക. സംസ്ഥാനത്തെ പഞ്ചനക്ഷത്ര ബാറുകൾക്ക് സംരക്ഷണം നൽകുന്നത് കേന്ദ്രസർക്കാർ നിയമത്തിലെ വ്യവസ്ഥയാണെന്നാണ് വ്യക്തമാകുന്നത്. ഹോട്ടലുകൾക്ക് നക്ഷത്ര പദവി നൽകാനുള്ള കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്തിയാൽ സംസ്ഥാനത്ത് മുഴുവൻ ബാർ ഹോട്ടലുകളും അടപ്പിക്കാമെന്നിരിക്കെ ഇക്കാര്യത്തിലെ കേന്ദ്രസർക്കാറിന്റെ തീരുമാനവും കേരളത്തിന് നിർണായകമാകും.

നക്ഷത്ര പദവി അനുവദിക്കുന്ന കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിലെ പഞ്ചനക്ഷത്ര പദവിക്ക് ബാർ വേണമെന്ന നിബന്ധനയാണ് സർക്കാറിന് സുപ്രീംകോടതിയുടെ പഴികേൾക്കാൻ ഇടയാക്കിയത്. മദ്യനയത്തിന്റെ ഭാഗമായി 292 ബാറുകൾക്ക് കൂടി താഴുവീഴാൻ മണിക്കൂറുകൾ ബാക്കിയിരിക്കെയാണ് സുപ്രീംകോടതിയിൽനിന്ന് സർക്കാറിന് തിരിച്ചടിയേറ്റത്. പുതുതായി തുടങ്ങുന്ന ഹോട്ടലുകൾക്ക് നക്ഷത്രപദവി ലഭിക്കണമെങ്കിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സൂചിപ്പിക്കുന്ന അനുബന്ധം രണ്ടിലാണ് ബാർ ലൈസൻസ് വേണമെന്ന് പറയുന്നത്. ഫോർ, ഫൈവ്, ഡീലക്‌സ്, ഹെറിറ്റേജ് ക്‌ളാസിക്, ഹെറിറ്റേജ് ഗ്രാൻഡ് എന്നീ വിഭാഗത്തിനാണ് ബാർ ലൈസൻസ് നിർബന്ധം. അപേക്ഷ സമർപ്പിക്കുമ്പോൾ കേന്ദ്രമന്ത്രാലയത്തിന് ലഭ്യമാക്കേണ്ട രേഖകളുടെ പട്ടികയിൽ ബാർ ലൈസൻസിന്റെ വിശദാംശങ്ങളും നൽകണമെന്നാണ് ചട്ടം.

കേന്ദ്രം ചട്ടത്തിൽ ഭേദഗതി വരുത്താൻ തയാറായാൽ സർക്കാറിന് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഗ്ലൈലസൻസ് റദ്ദാക്കാനാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ചട്ടത്തിൽ ഭേദഗതി വരുത്താൻ തയാറാണെന്ന് ടൂറിസത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീപാദ് യെശ്വ നായ്ക് നേരത്തേ പ്രസ്താവന ഇറക്കിയിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് കേന്ദ്രസർക്കാർ ആയതിനാലാണ് അവയിലെ ബാറുകളെ അടച്ചുപൂട്ടലിൽ നിന്ന് ഒഴിവാക്കിയതെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ ബോധിപ്പിക്കും. മദ്യനയത്തിനെതിരെ ബാറുടമകൾ നൽകിയ ഹർജിയിൽ സമർപ്പിക്കുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുക. മദ്യവില്പന മൗലികാവകാശമല്ല. ബാറുകൾ പൂട്ടാനുള്ള നടപടി സർക്കാരിന്റെ നയപരമായ തീരുമാനമാണ്. ഇത് അനുസരിക്കാൻ ബാർ ഉടമകൾ ബാദ്ധ്യസ്ഥരാണെന്നും സർക്കാർ അറിയിക്കും.

ബാറുകൾ സെപ്റ്റംബർ 12ന് അടയ്ക്കണമെന്ന സർക്കാർ നിർദ്ദേശത്തിനെതിരെ ഉടമകൾ സുപ്രീംകോടതിയെ സമീപിച്ച് 30 വരെ സമയം വാങ്ങിയിരുന്നു. നിലപാട് വ്യക്തമാക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകണമെന്നും 18ന് കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

സമ്പൂർണ മദ്യനിരോധനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പത്രികയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്നും സത്യവാങ്മൂലത്തിൽ അറിയിക്കും. സർക്കാരിന്റെ മദ്യനയം ഒറ്റരാത്രി കൊണ്ട് രൂപമെടുത്തതാണെന്ന് നേരത്തേ എതിർ കക്ഷികൾ ആരോപിച്ചിരുന്നു. ഇതിനെയും ഖണ്ഡിക്കും. 312 ബാറുകൾക്ക് ഒരു വർഷത്തേക്ക് താത്കാലിക ലൈസൻസാണ് നൽകിയിരുന്നത്. പുതിയ മദ്യനയം ഉണ്ടാക്കുമ്പോൾ അതിലെ വ്യവസ്ഥകൾക്കു വിധേയമായി മാറ്റംവരാമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP