Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഊർക്കടവ് ചെറപുഴയോട് ചേർന്ന സ്ഥലത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളി; വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് മുന്നറിയിപ്പ് തുടരുമ്പോഴും ചാലിയാറിലേക്ക് മാലിന്യം തള്ളുന്നു

ഊർക്കടവ് ചെറപുഴയോട് ചേർന്ന സ്ഥലത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളി; വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് മുന്നറിയിപ്പ് തുടരുമ്പോഴും ചാലിയാറിലേക്ക് മാലിന്യം തള്ളുന്നു

കോഴിക്കോട്; ബ്ലൂ ആൽഗകളുടെ സാന്നിദ്ധ്യം ഉണ്ടായതിനാൽ ചാലിയാറിലെ വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ചാലിയാറിലേക്ക് മാലിന്യം തള്ളുന്നത് നിർബാധം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാവൂരിൽ രണ്ടിടങ്ങളിലാണ് ചാലിയാറിലേക്ക് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട കേസുകളെടുത്തത്. ഇന്നലെ ചെറൂപ്പ ഊർക്കടവ് ചെറപുഴയോട് ചേർന്ന സ്ഥലത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളിയതുമായി ബന്ധപ്പെട്ട് സ്ഥലമുടമ പൊലീസിൽ പരാതി നൽകിയിരുന്നു.

ചാലിയാറിന്റെ പോഷക പുഴയായ ചെറുപുഴയോട് ചേർന്ന സ്വാകര്യ വ്യക്തിയുടെ സ്ഥലത്താണ് രാത്രിയിൽ അജ്ഞാതർ കക്കൂസ് മാലിന്യം തള്ളിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ രാത്രിയുടെ മറവിൽ മാലിന്യം തള്ളിയത്. ചാലിയാറിൽ ഏറ്റവും കൂടുതൽ ജലം സംരക്ഷിക്കപ്പെടുന്ന ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തായാണ് ചെറുപുഴയോട് ചേർന്ന് കക്കൂസ് മാലിന്യ തള്ളിയത്. നേരത്തെ സമീപത്തെ ഒരു ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് പുഴയിലേക്ക് തുറന്നതുമായി ബന്ധപ്പെട്ട ഒരു കേസും നിലനിൽക്കുന്നുണ്ട്. ചെറുപുഴയോട് ചേർന്ന രണ്ട് സ്ഥലങ്ങളിലാണ് കക്കൂസ് മാലിന്യങ്ങൾ തള്ളിയത്. സംഭവത്തിൽ സ്ഥലമുടമ മാവൂർ പൊലീസിൽ പരാതി നൽകി. മാവൂർ എസ് ഐ പിപി മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കൃഷ്ണൻ എന്നിവർ മാലിന്യ തള്ളിയ സ്ഥലം സന്ദർശിച്ചു. കുറ്റകാർക്കെതിരെ കർഷന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അതേ സമയം ശുചിത്വ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള കമ്പോസ്റ്റ് യൂണിറ്റുകൾക്ക് നൽകാനുള്ള കോൺഗ്രീറ്റ് റിംഗുകൾ പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം കരാറുകാരൻ നിർമ്മിക്കുന്നതും ചാലിയാറിലേക്ക് വൻതോതിൽ മാലിന്യം തള്ളിക്കൊണ്ടാണെന്നും പരാതി ഉയർന്നിട്ടുണ്ട്. ചാലിയാറിൽ എളമരം കടവിലാണ് കരാറുകാരൻ കോൺഗ്രീറ്റ് റിംഗുകൾ നിർമ്മിക്കുന്നത്. നിർമ്മാണത്തിന്റെ ഭാഗമായി വരുന്ന സിമന്റും, പാറപ്പൊടിയുമൊക്കെ പുഴയിലേക്ക് ഒഴുകുന്നതയാണ് പരാതി. വെള്ളം ലഭിക്കുന്നതിനായി പുഴക്കടവിൽ വച്ചാണ് റിങ് നിർമ്മാണം. ഊർക്കടവ് പാലത്തിലെ ഷട്ടറുകളടക്കുമ്പോൾ വെള്ളത്തിനടിയിലാകുന്ന ഭാഗത്ത് വച്ചാണ് സിമന്റ് മിക്സ് ചെയ്തുള്ള റിങ് നിർമ്മിക്കുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിയാണ് പഞ്ചായത്തിന്റെ പ്രവർത്തി കരാരെടുത്തിരിക്കുന്നത്.

കരാർ പ്രകാരം കരാറുകാരന്റെ കേന്ദ്രത്തിൽ വെച്ച് നിർമ്മിച്ച് പഞ്ചായത്തിന് വിതരണം ചെയ്യേണ്ട റിംഗുകളാണ് ഇത്തരത്തിൽ പുഴയിലേക്ക് വൻതോതിൽ സിമന്റ് മാലിന്യം തള്ളി പുഴക്കടവിൽ വെച്ച് നിർമ്മിക്കുന്നത്. ഒരുപാട് പേർ കുളിക്കാനെത്തുന്ന ഒരു കടവ് കൂടിയാണിത്. ഇത്തരത്തിൽ മാലിന്യം പുഴയിലേക്കെത്തുന്നതും, ഇതിന്റെ ഭാഗമായി വെള്ളത്തിൽ സിമന്റ് കലരുന്നതും ഇവിടെ കുളിക്കാനെത്തുന്നവരിൽ വൻതോതിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കൂടുതലായും അയൽ സംസ്ഥാന തൊഴിലാളികളാണ് ഇവിടം കുളിക്കടവായി ഉപയോഗിക്കുന്നത്. പഞ്ചായത്തിന്റെ പ്രവർത്തിയായതിനാൽ തന്നെ പരാതികളും കുറവാണ്. ഇത്തരത്തിൽ നൂറുകണക്കിന് കോൺക്രീറ്റ് റിംഗുകൾ നിർമ്മിക്കാനാണ് കാരർ. നിർമ്മാണം പൂർത്തിയായവ ഇവിടെ നിന്നും കയറ്റിപ്പോകുന്നുണ്ട്. പഞ്ചായത്തിന്റെ ശുചിത്വ പദ്ധതിയുടെ ഭാഗമായുള്ള കമ്പോസ്റ്റ് യൂണിറ്റുകൾക്ക് നൽകാനാണ് റിംഗുകൾ നിർമ്മിക്കുന്നത്.

പുഴയെ വൻതോതിൽ മലിനമാക്കുന്ന ഈ നിർമ്മാണ പ്രവർത്തിക്കെതിരെ ചാലിയാർ സംരക്ഷണ സമിതി പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരത്തിൽ നിരവധി കേന്ദ്രങ്ങലിൽ നിന്ന് ചാലിയാറിലേക്ക് മാലിന്യം ഒഴുക്കുന്നത് ഇപ്പോഴും തുടരുകയാണ്. അരീക്കോട് ഭാഗങ്ങളിൽ നേരത്തെ ബ്ലൂആൽഗകൾ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ വിവിധ സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തങ്ങൾ നടത്തിയിരുന്നു. ഇവിടെ പുഴയിലേക്ക് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ഒഴുക്കുന്നതിനെതിരെ വ്യാപാര സംഘടനകളും നടപടികളെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP