Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്‌നേഹിക്കാനും പ്രണയിക്കാനും പഠിപ്പിച്ച ഭഗവാൻ കൃഷ്ണന്റെ പേരിൽ കേരളം നാളെ കുരുതിക്കളമാകുമോ? സംസ്ഥാനത്ത് പരക്കെ സംഘട്ടനങ്ങളും ആക്രമങ്ങളും ഉണ്ടാകുമെന്ന് ഐബിയുടെ റിപ്പോർട്ട്; ബിജെപിയുടെ ശോഭായാത്രയ്ക്ക് സിപിഐ(എം) ഒരുക്കുന്ന ബദൽ യാത്ര തലവേദനയാകുന്നത് പൊലീസിന്

സ്‌നേഹിക്കാനും പ്രണയിക്കാനും പഠിപ്പിച്ച ഭഗവാൻ കൃഷ്ണന്റെ പേരിൽ കേരളം നാളെ കുരുതിക്കളമാകുമോ? സംസ്ഥാനത്ത് പരക്കെ സംഘട്ടനങ്ങളും ആക്രമങ്ങളും ഉണ്ടാകുമെന്ന് ഐബിയുടെ റിപ്പോർട്ട്; ബിജെപിയുടെ ശോഭായാത്രയ്ക്ക് സിപിഐ(എം) ഒരുക്കുന്ന ബദൽ യാത്ര തലവേദനയാകുന്നത് പൊലീസിന്

ന്യൂഡൽഹി: നാളെ ശ്രീകൃഷ്ണ ജയന്തി. രാജ്യമാകെ ആഘോഷത്തിലേക്ക് നീങ്ങുമ്പോൾ കേരളത്തിൽ കലാപമുണ്ടാകുമോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആശങ്കയിൽ. ശ്രീകൃഷ്ണ ജയന്തി ദിനമായ നാളെ കേരളത്തിൽ വ്യാപകമായി ആർഎസ്എസ്-സിപിഐ(എം) സംഘർഷത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും വിവരങ്ങൾ തൽസമയം അറിയിക്കാനും രാജ്‌നാഥ് ഐബിക്കു നിർദ്ദേശം നൽകി. ആർഎസ്എസും സിപിഎമ്മും വെവ്വേറെ ജയന്തി ആഘോഷങ്ങൾ നടത്തുന്നതാണ് ഇതിന് കാരണം. പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വ്യാപക സംഘർഷമുണ്ടാകുമെന്നാണ് രഹസ്യാന്വേഷണ വിവരം.

കഴിഞ്ഞ വർഷം സിപിഐ(എം) അക്രമത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് കതിരൂർ മനോജിന്റെ ചരമവാർഷിക ദിനത്തിൽ, കൊല്ലപ്പെട്ട സ്ഥലത്ത് നായകളെ കൊന്നു കെട്ടിത്തൂക്കിയ സംഭവത്തെക്കുറിച്ചും ഐബി ഉദ്യോഗസ്ഥർ രാജ്‌നാഥിനെ അറിയിച്ചു. കഴിഞ്ഞ വർഷം മനോജിന്റെ വസതി രാജ്‌നാഥ് സന്ദർശിച്ചിരുന്നു. കേസ് അന്വേഷണം സിബിഐക്കു വിടാനും അദ്ദേഹം സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. കേരളത്തിൽ ആർഎസ്എസിനെ പ്രകോപിപ്പിക്കാൻ സിപിഐ(എം) ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് ഐബിയുടെ നിഗമനം. ഇതു തന്നെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയേയും അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കർശന ഇടപെടലുകൾ നടത്താൻ സംസ്ഥാന പൊലീസിന് ഐബി നിർദ്ദേശം നൽകും.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സംഘപരിവാർ സംഘടിപ്പിക്കുന്ന ശോഭായാത്രകൾക്കു സമാന്തരമായി സിപിഎമ്മും ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതാണ് സംഘർഷത്തിനു കാരണമാകുമെന്ന് വിലയിരുത്തുന്നത്. കണ്ണൂരിൽ അക്രമങ്ങൾ നിയന്ത്രിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നു കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ഐബി കുറ്റപ്പെടുത്തുന്നുണ്ട്. ഡൽഹിയിൽ ആർഎസ്എസ് -ബിജെപി ഏകോപന സമിതി യോഗത്തിൽ പങ്കെടുക്കുന്ന ആർഎസ്എസ് - ബിജെപി കേന്ദ്ര നേതാക്കളും കേരളത്തിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന ശോഭായാത്ര പരിപാടികളിൽ എന്തെതിർപ്പുണ്ടായാലും മാറ്റം വരുത്തേണ്ടതില്ലന്നാണ് ആർഎസ്എസ് തീരുമാനം.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സിപിഐ(എം) ബിജെപി സംഘർഷമുണ്ടാകാൻ സാധ്യയുണ്ടെന്നു സംസ്ഥാന പൊലീസിന്റെ ഇന്റലിജൻസ് വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, കാസർകോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ആക്രമണ സാധ്യത ഉള്ളതായാണ് റിപ്പോർട്ട്. ശക്തി തെളിയിക്കാൻ ഇരുവിഭാഗവും ആയുധശേഖരണം നടത്തുന്നതായും വർഗീയ സംഘർഷത്തിലേക്ക് വഴിമാറാതിരിക്കാൻ അതീവ ജാഗ്രതപാലിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്തിടെ ഉണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. പ്രശ്‌നബാധിത മേഖലകളായി ജില്ലാ പൊലീസ് മേധാവികൾ കണ്ടെത്തി റിപ്പോർട്ടു നൽകിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചു.

ശ്രീകൃഷ്ണജയന്തി ദിനത്തിൽ സിപിഐ(എം) ബാലസംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഘോഷയാത്രയും പായസവിതരണവും നടത്താണ് ഈ വർഷമാണ് തീരുമാനിച്ചത്. കാലങ്ങളായി ബിജെപി ആർ.എസ്.എസ്. സംഘടനകൾ ബാലഗോകുലം മുഖേന നടത്തുന്ന ശോഭായാത്രക്ക് ബദലായാണ് സിപിഎമ്മിന്റെ 'ശ്രീകൃഷ്ണജയന്തി ആഘോഷം.' പാർട്ടി അംഗങ്ങളുടേയും പാർട്ടി അനുഭാവികളുടേയും മക്കൾ ശോഭായാത്രക്ക് പങ്കെടുക്കുന്നതു തടയുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിന്റെ ആഘോഷത്തിനുള്ളത്. ഹൈന്ദവ ആഘോഷങ്ങളുടെ മറവിൽ ആർ.എസ്.എസ് നടത്തുന്ന മുതലെടുപ്പ് തടയിടാനാണ് സിപിഐ.(എം) ബാലഗോകുലം മുഖേന ലോക്കൽ തലങ്ങളിൽ ശ്രീകൃഷ്ണ ജയന്തിദിനത്തിൽ ഘോഷയാത്രയും അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നത്.

ഓണാഘോഷത്തിന്റെ സമാപനമായാണ് ഘോഷയാത്രയും പായസ വിതരണവും നടത്തുന്നതെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. ശ്രീനാരായണ ജയന്തിയും സിപിഐ.(എം) പ്രവർത്തകർ ഇത്തവണ വിവിധ പരിപാടികളോടെ ആഘോഷിച്ചിരുന്നു. എന്നാൽ കണ്ണൂർ തളാപ്പ് അമ്പാടിമുക്കിൽ ബിജെപി. വിട്ടു വന്നവർ ഗണേശോൽസവം നടത്തിയത് പാർട്ടിക്ക് വിനയായിരുന്നു. ഓണാഘോഷത്തിന്റെ സമാപനമായാണ് സെപ്റ്റംബർ അഞ്ചാം തീയതി തങ്ങൾ ആഘോഷിക്കുന്നതെന്ന് സിപിഐ.(എം) വിശദീകരിക്കുന്നു. എന്നാൽ ശ്രീകൃഷ്ണ ജയന്തി ദിനം തന്നെ ആഘോഷത്തിനു തിരഞ്ഞെടുത്തതിനാൽ പാർട്ടി വിശദീകരണം ആരും വിശ്വസിക്കുന്നില്ല. തിരുവോണം കഴിഞ്ഞ് 7 ദിവസത്തിനു ശേഷം ശ്രീകൃഷ്ണ ജയന്തി ദിനത്തിൽത്തന്നെ ഘോഷയാത്രയും പായസദാനവും നടത്തുന്നത് ഫലത്തിൽ ഏതാണ്ടു ശ്രീകൃഷ്ണ ജയന്തി ദിനാഘോഷം പോലെയാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP