Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകക്കേസ് അന്വേഷണം അട്ടിമറിക്കാൻ പിന്നെയും നീക്കം; അപകട സമയത്ത് ചന്ദ്രബോസ് ധരിച്ച വസ്ത്രം കാണാതായി; നഷ്ടമായത് നിർണായക തെളിവ്

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകക്കേസ് അന്വേഷണം അട്ടിമറിക്കാൻ പിന്നെയും നീക്കം; അപകട സമയത്ത് ചന്ദ്രബോസ് ധരിച്ച വസ്ത്രം കാണാതായി; നഷ്ടമായത് നിർണായക തെളിവ്

തൃശൂർ: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കൊലപാതകക്കേസ് അന്വേഷണം അട്ടിമറിക്കാൻ പിന്നെയും നീക്കം. വ്യവസായി നിസാം കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം ദുരൂഹ സാഹചര്യത്തിൽ കാണാതായി.

കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിർണായകമാവേണ്ട തെളിവാണ് കാണാതായത്. ജനുവരി 29ന് ചന്ദ്രബോസിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ആശുപത്രി അധികൃതരിൽ നിന്ന് തിരിച്ചു വാങ്ങിയില്ല എന്ന നിരുത്തരവാദപരമായ മറുപടിയാണ് ഇക്കാര്യത്തിൽ പൊലീസ് നൽകുന്നത്.

വസ്ത്രത്തിൽ ചന്ദ്രബോസിന്റെ രക്തം കലർന്നിരുന്നതിനാൽ കോടതിയിൽ ഇതു നിർണായക തെളിവാകുമായിരുന്നു. വസ്ത്രം ശാസ്ത്രീയ പരിശോധനകൾ നടത്തി തെളിവ് ശേഖരിച്ച ശേഷം കോടതിയിൽ ഹാജരാക്കേണ്ടതു പൊലീസിന്റെ ചുമതലയാണ്. ഈ വസ്ത്രത്തിൽ നിസാമിന്റെ ചോരപ്പാടുകൾ ഉണ്ടെങ്കിൽ അതും കേസിൽ നിർണായകമാകുമായിരുന്നു.

ആദ്യം മുതൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന ആരോപണത്തിനാണ് വസ്ത്രം കാണാതായതോടെ ബലമേറുന്നത്. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ സംരക്ഷിക്കാൻ പൊലീസും രാഷ്ട്രീയ നേതാക്കളും ശ്രമിച്ചെന്ന ആരോപണത്തിനിടെയാണ് സംഭവം. വസ്ത്രം കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കേണ്ടതാണ്. പ്രമാദമായ കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഇത്തരം വീഴ്ചയുണ്ടായത് കേസ് അട്ടിമറിക്കാനുള്ള നീക്കമെന്നു തന്നെയാണ് വിലയിരുത്തൽ.

ആശുപത്രിക്കിടക്കയിൽ ചന്ദ്രബോസ് ബോധം കൈവരിച്ചെങ്കിലും മൊഴിയെടുക്കാൻ പൊലീസിനെ അറിയിക്കാതിരുന്നതിന് തൃശൂർ അമല ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. നേരത്തെ പ്രതി നിസാമുമായി ഒറ്റയ്ക്ക് കൂടിക്കാഴ്‌ച്ച നടത്തിയതിന് തൃശൂർ മുൻ കമ്മിഷണർ ജേക്കബ് ജോബിനെ ആഭ്യന്തരമന്ത്രി സസ്‌പെൻഡ് ചെയ്തിരുന്നു. കേസിലെ പ്രതിയെ ഒറ്റയ്ക്ക് കണ്ടത് ചട്ടലംഘനമാണെന്ന ഐജിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. നിസാമിനെതിരെ കാപ്പാ നിയമം ചുമത്തുന്നതിലും പൊലീസ് കാലതാമസം വരുത്തിയിരുന്നു.

ജനുവരി 29നാണ് ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാം സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ചും മർദിച്ചും അപായപ്പെടുത്തിയത്. കഴിഞ്ഞ 16ന് ചന്ദ്രബോസ് ആശുപത്രിയിൽ മരിക്കുകയായിരുന്നു.

പ്രതിയെ സഹായിക്കുന്ന നിലപാടാണ് പൊലീസ് തുടക്കം മുതൽ സ്വീകരിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഉന്നത രാഷ്ട്രീയക്കാരും നിസാമിനു വേണ്ടി ഇടപെടൽ നടത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP