Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിസാം കേസിൽ പണത്തിന് മേൽ ഇച്ഛാശക്തിക്ക് വിജയം ഉണ്ടാകുമോ? സാക്ഷികൾ കൂറു മാറ്റാനുള്ള ശ്രമം അമ്പേ പൊളിഞ്ഞു; രാമൻ പിള്ളയോട് കട്ടയ്ക്ക് പിടിച്ച് ഉദയഭാനു

നിസാം കേസിൽ പണത്തിന് മേൽ ഇച്ഛാശക്തിക്ക് വിജയം ഉണ്ടാകുമോ? സാക്ഷികൾ കൂറു മാറ്റാനുള്ള ശ്രമം അമ്പേ പൊളിഞ്ഞു; രാമൻ പിള്ളയോട് കട്ടയ്ക്ക് പിടിച്ച് ഉദയഭാനു

തൃശൂർ: ചന്ദ്രബോസ് എന്ന സാധാരാക്കാരനെ പണത്തിന്റെ ഹുങ്കിൽ അതിക്രൂരമായി കാർ ഇടിപ്പിച്ചും മർദ്ദിച്ചും കൊലപ്പെപ്പെടുത്തി മുഹമ്മദ് നിസാം പണമെറിഞ്ഞ് ശിക്ഷയിൽ നിന്നും രക്ഷപെടുമോ എന്ന ആശങ്ക നിരവധി പേർ പങ്കുവച്ചിരുന്നു. നിസാമിന് വേണ്ടി ഉന്നതരുടെ ഇടപെടലായിരുന്നു ഈ ആശങ്കയ്ക്ക്കാരണം. വിചാരണ തുടങ്ങിയതോടെ ആദ്യദിവസം ഒന്നാം സാക്ഷി കൂറുമാറാൻ നടത്തിയ ശ്രമങ്ങൾ പ്രോസിക്യൂഷന്റെ ഇടപെടൽ കൊണ്ട് പരാജയപ്പെടുത്തി. പണത്തിന്റെ മേൽ ഇച്ഛാശക്തി വിജയിക്കുമെന്ന പ്രതീക്ഷയാണ് വിചാരണ പുരോഗമിക്കുമ്പോൾ എല്ലാവർക്കുമുള്ളത്. സാക്ഷികളെ കൂറുമാറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ അഭിഭാഷകൻ ഉദയഭാനുവിനുള്ള മിടുക്കാണ് കേസിന് ഗുണകരമാകുന്നത്.

ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം സെക്യൂരിറ്റി ക്യാബിനുള്ളിൽ കയറി ക്രൂരമായി മർദിക്കുന്നതും കാറിടിപ്പിച്ചു വീഴ്‌ത്തുന്നതും നേരിട്ടു കണ്ടുവെന്നു രണ്ടാം സാക്ഷി അജീഷ് കോടതിയിൽ ഇന്നലെ കോടതിയിൽ മൊഴി നൽകി. ജില്ലാ അ!ഡീഷനൽ സെഷൻസ് കോടതിയിലാണ് ചന്ദ്രബോസിനെ ആശുപത്രിയിലെത്തിച്ചവരിലൊരാളായ അജീഷ് മൊഴി നൽകിയത്. അജീഷിന്റെ പ്രൊസിക്യൂഷൻ വിസ്താരം പൂർത്തിയായി. അജീഷിന്റെ മൊഴിയിൽ വൈരുധ്യം കണ്ടെത്താനുള്ള ശക്തമായ ശ്രമം പ്രതിഭാഗം വക്കീൽ നടത്തി. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്നും തുടരും.

ജനുവരി 29നു പുലർച്ചെ ചന്ദ്രബോസിനെ നിഷാം ആക്രമിച്ചതുമുതലുണ്ടായ സംഭവങ്ങൾ അജീഷ് വിവരിച്ചു. പ്രതിയെ തിരിച്ചറിയാം. ചന്ദ്രബോസിനെ അടിക്കാനുപയോഗിച്ച വടിക്കഷണങ്ങൾ, ചന്ദ്രബോസിന്റെ ഷൂസുകൾ, കണ്ണട, മൊബൈൽ ഫോൺ, ഫോണിന്റെ കവർ എന്നിവ തിരിച്ചറിഞ്ഞു. ചന്ദ്രബോസിനെ ഇടിച്ചു തെറിപ്പിച്ച ഹമ്മർ കാറും തിരിച്ചറിഞ്ഞു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിലും പ്രോസിക്യൂഷന് അനുകൂലമായാണു മൊഴി നൽകിയത്. പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്കുപരിയായ വിശദീകരണവും നൽകി. താൻ കണ്ട സത്യങ്ങളാണു മുമ്പും പറഞ്ഞിട്ടുള്ളതെന്നും അജീഷ് പറഞ്ഞു.

'നിഷാം എന്നെയും ചന്ദ്രബോസേട്ടനെയും തല്ലുന്നെന്നും ഓടിവായോ'യെന്നും ഒന്നാംസാക്ഷി ഫോണിലൂടെ അറിയിച്ചതിനെ തുടർന്നാണു സംഭവസ്ഥലത്തെത്തിയത്. ഓഫീസിലായിരുന്ന ഞാൻ ഓടിയെത്തുമ്പോൾ ഔട്ടർ ഗേറ്റിലൂടെ കമ്പനിയുടെ പിക്കപ് വാൻ വരുന്നുണ്ടായിരുന്നു. വാഹനത്തിൽ സഹപ്രവർത്തകരായ കിങ്‌സിലിയും ഹസനാരുമുണ്ടായിരുന്നു. രണ്ടു വടികൾകൊണ്ട് സെക്യൂരിറ്റി ക്യാബിന്റെ ജനൽ അടിച്ചുപൊളിച്ച് പൊട്ടിയ ജനലിലൂടെ നൂഴ്ന്നുകടന്ന് നിഷാം അകത്തുണ്ടായിരുന്ന ചന്ദ്രബോസിനെ ക്രൂരമായി മർദിച്ചു. ക്യാബിന്റെ ഉള്ളിലെ വസ്തുക്കൾ നശിപ്പിച്ചു. നിഷാം ചന്ദ്രബോസിനെ വടികൊണ്ട് അടിക്കുകയും ചവിട്ടുകയുമായിരുന്നു. ചില്ലുകൊണ്ട് പോറി വരച്ചു. ജനലിലൂടെ പുറത്തേക്കു വന്ന നിഷാം, ഹമ്മർ കാറിനടുത്തേക്ക് പോയി. ഇതു ശോഭാ സിറ്റിയുടെ അകത്തേക്കു പോകാനുള്ള ഇരുമ്പുഗേറ്റിന്റെ അടുത്താണു കിടന്നത്.

ഈസമയം 'ചന്ദ്രബോസേട്ടാ വേഗം രക്ഷപ്പെടൂ, നിഷാം കാറിനടുത്തേക്ക് പോയിട്ടുണ്ട്' എന്ന് അനൂപ് വിളിച്ചു പറഞ്ഞു. ബോസേട്ടൻ ജനലിലൂടെ പുറത്തുവന്നു ഫൗണ്ടന്റെ അരികിലേക്ക് പോയി. ഇതു കണ്ട് ഓടിവന്ന നിഷാം തന്നെയും അസനാരെയും കണ്ടു 'പിടിക്കെടാ അവനെ' എന്നു ഞങ്ങളോടായി പറഞ്ഞു. 'നിന്നെ ശരിയാക്കിത്തരാമെടാ, നിന്നെ വണ്ടിയിടിപ്പിച്ചു കൊല്ലുമെന്നു' ബോസേട്ടനോട് പറഞ്ഞ് കാറിനടുത്തേക്ക് ഓടി. ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു ഹമ്മർ കാർ വേഗത്തിൽ പിന്നോട്ടെടുത്തു. ചന്ദ്രബോസേട്ടൻ പോയ വഴിയിലൂടെ അതിവേഗം മുന്നോട്ടെടുത്തു. രണ്ടു സെക്കൻഡ് നിർത്തി, ചന്ദ്രബോസേട്ടൻ പോയ സ്ഥലം ലക്ഷ്യമാക്കി കാർ ഇടിച്ചുകയറ്റി.

ബോസേട്ടൻ ഫൗണ്ടന്റെ കർവിൽ നിന്നിരുന്നു. തുടർന്ന് ചന്ദ്രബോസേട്ടനെ കാറിടിപ്പിച്ചു തെറിപ്പിക്കുന്നതും കണ്ടു. പിന്നീട് ബോസേട്ടനെ രക്ഷപ്പെടുത്താൻവേണ്ടി ആംബുലൻസ് എടുക്കാൻപോയി. ആംബുലൻസിൽ കമ്പനിയിലെ ഓട്ടോ ഇലക്ട്രീഷ്യനായ കിങ്‌സിലിയും ഉണ്ടായിരുന്നു. ഞങ്ങൾ ഔട്ടർ ഗേറ്റിലൂടെ പോകുന്നതിനിടയിൽ അവിടെ വെളുത്ത ജഗ്വാർ കാർ നിന്നിരുന്നു. അതിൽനിന്ന് ഒരു സ്ത്രീ ഇറങ്ങി.
ഇതേസമയം ഇന്നർ ഗേറ്റിലൂടെ ഹമ്മർ കാർ ഭയങ്കരശബ്ദത്തോടുകൂടി വരുന്നുണ്ടായിരുന്നു. നിഷാമാണ് ഓടിച്ചിരുന്നത്. നിഷാമിന്റെ ഭാര്യയായ അമൽ എന്ന സ്ത്രീ ഹമ്മറിനടുത്തെത്തി എന്തോ സംസാരിച്ചു.

നിഷാമിനോട് ചേർന്നു കാറിന്റെ ഇടതുഭാഗത്ത് കയറി. കാർ ഫ്ളാറ്റ് ലക്ഷ്യമാക്കി പാഞ്ഞു. ബോസേട്ടൻ ഫൗണ്ടനരികിൽ ഉണ്ടാകുമെന്നു കരുതി അവിടേക്ക് പോയി. ബോസേട്ടനെ നിഷാം കാറിൽ കയറ്റി കൊണ്ടുപോയതായി അവിടെയുണ്ടായിരുന്നഅനൂപ് പറഞ്ഞു. പിന്നീട് പാർക്കിങ് ഏരിയയിൽവച്ചാണു ഗുരുതരമായ പരുക്കേറ്റ നിലയിൽ ബോസേട്ടനെ കണ്ടത്. തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയതും പൊലീസെത്തി വിവരങ്ങൾ തിരക്കിയതും സ്‌റ്റേഷനിലും മജിസ്‌ട്രേറ്റിനു മുന്നിലും നൽകിയ മൊഴികളും മറ്റും വിശദീകരിച്ചു.

പൊലീസിനും മജിസ്‌ട്രേറ്റിനു മുന്നിലും നൽകിയ മൊഴികളിൽ വൈരുധ്യങ്ങൾ ഉണ്ടെന്നും പൊലീസിന്റെ പ്രേരണ പ്രകാരം കളവായി കാര്യങ്ങൾ പറയുന്നതല്ലെന്നായിരുന്നു ക്രോസ് വിസ്താരത്തിൽ പ്രതിഭാഗം ഉന്നയിച്ചത്. എന്നാൽ താൻ കണ്ടതും സത്യവുമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതെന്നും അജീഷ് പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി.പി. ഉദയഭാനുവും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. രാമൻ പിള്ളയും കോടതിയിൽ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP