Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏര്യാ സമ്മേളന റാലിക്ക് നേരെ കൂകി വിളിച്ചത് പ്രകോപനമായി; പാതിരാത്രിയിൽ ബ്രാഞ്ച് സെക്രട്ടറിയുടെ വീട് എറിഞ്ഞ് തകർത്ത് എസ് ഡി പി ഐ പ്രതികാരം; പ്രാദേശിക ഹർത്താലുമായി സി.പി.എം; ചവറയിൽ സംഘർഷം തുടരുന്നു

ഏര്യാ സമ്മേളന റാലിക്ക് നേരെ കൂകി വിളിച്ചത് പ്രകോപനമായി; പാതിരാത്രിയിൽ ബ്രാഞ്ച് സെക്രട്ടറിയുടെ വീട് എറിഞ്ഞ് തകർത്ത് എസ് ഡി പി ഐ പ്രതികാരം; പ്രാദേശിക ഹർത്താലുമായി സി.പി.എം; ചവറയിൽ സംഘർഷം തുടരുന്നു

കൊല്ലം: സി.പി.എം റാലിക്ക് നേരെ എസ്.ഡി.പി.ഐ പ്രവർത്തകർ കൂകി വിളിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് സി.പി.എം ചവറ ബ്രാഞ്ച് സെക്രട്ടറിയുടെ വീട് എറിഞ്ഞു തകർത്തു. ചവറ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പൊന്മന ചോലയിൽ രതീഷ് ബാബുവിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. വീടിന്റെ ജനാല ചില്ലുകൾ പൂർണ്ണമായും തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ബഹുജന റാലിക്ക് ഇടയിലേക്ക് എസ്.ഡി.പി.ഐ ജാഥ കടന്നു വന്നതോടെയുണ്ടായ സംഘർഷത്തിന്റെ ഭാഗമായാണ് അക്രമം നടന്നിരിക്കുന്നത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഘർഷം. സി.പി.എം ഏരിയ സമ്മേളനത്തിനു സമാപനം കുറിച്ചു ശങ്കരമംഗലത്തുനിന്ന് ആരംഭിച്ച പ്രകടനം പൊതുസമ്മേളനം നടക്കുന്ന ചവറയിലേക്കു പോകുന്നതിനിടെ കൊല്ലത്തു നിന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി നയിച്ച ബഹുജൻ മുന്നേറ്റയാത്ര എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

എസ്ഡിപിഐ ജാഥയ്‌ക്കൊപ്പം ബൈക്കുകളിൽ സഞ്ചരിച്ച പ്രവർത്തകർ സി.പി.എം പ്രകടനത്തിനു നേരെ കൂകിവിളിക്കുകയും കൊടിവീശുകയും ചെയ്തതിനു പിന്നാലെ ഇരുവിഭാഗവും കല്ലേറു തുടങ്ങി. നാമമാത്രമായ പൊലീസാണ് സ്ഥലത്തുണ്ടായിരുന്നത്. ഒട്ടേറെ പ്രവർത്തകർക്കും വഴിയാത്രക്കാർക്കും എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും കല്ലേറിൽ പരുക്കേറ്റു. വാഹനങ്ങൾക്കു നേരെയും കല്ലേറുണ്ടായി.

ഇതിനിടെ സി.പി.എം റെഡ് വൊളന്റിയർമാർ കുറുവടികളുമായി എസ്ഡിപിഐ പ്രവർത്തകരെ നേരിട്ടു. വാഹനങ്ങൾ ഉപേക്ഷിച്ച് ഓടിയവരെ പിന്തുടർന്നു മർദിച്ചു. ഒട്ടേറെ ബൈക്കുകളും അടിച്ചു തകർത്തു. എസ്ഡിപിഐ ജാഥാ ക്യാപ്റ്റൻ സഞ്ചരിച്ച വാഹനവും ഓട്ടോറിക്ഷയും തകർന്നിട്ടുണ്ട്. മർദനമേറ്റു ചിലർ ഓടിക്കയറിയതിനെ തുടർന്നുണ്ടായ അക്രമത്തിൽ ഡിടിഡിസി കൊറിയർ സർവീസ് നടത്തുന്ന മോഹനൻ പിള്ളയുടെ കടയിലെ ഫർണിച്ചർ തകർത്തു.

കൊറ്റംകുളങ്ങരയിലെ വ്യാപാരിയുടെ കാറും കല്ലേറിൽ തകർന്നു. സി.പി.എം പ്രകടനത്തിൽ പങ്കെടുത്ത വനിതകളടക്കം ഒട്ടേറെ പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സതേടി.എസിപി ശിവപ്രസാദ്, തീരദേശ പൊലീസ് സിഐ ആർ.ഷാബു, എസ്‌ഐമാരായ വി.ജയകുമാർ, രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. സി.പി.എം ചവറ ഏരിയ കമ്മിറ്റി ഓഫിസിനു പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.

സി.പി.എം തേവലക്കര, പന്മന, നീണ്ടകര, തെക്കുംഭാഗം, ചവറ പഞ്ചായത്തുകളിൽ ഇന്നു ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്ഡിപിഐ ഇന്നു പ്രതിഷേധദിനം ആചരിക്കും.വ്യാപാരി വ്യവസായി ഏകോപനസമിതി ഹർത്താലുമായി സഹകരിക്കില്ലെന്ന് അറിയിച്ചു. കടകൾ തുറന്നുപ്രവർത്തിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP