Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗാനമേളക്കിടെ ഡാൻസ് ചെയ്ത യുവാക്കൾക്ക് നേരെ പൊലീസ് ലാത്തിവീശി; അടികൊണ്ട യുവാവ് വേദിയിൽ കയറി തന്നെ അകാരണമായി പൊലീസ് മർദ്ദിച്ചെന്ന് മൈക്കിലൂടെ പറഞ്ഞു; തുടർന്ന് നടന്നത് പിടിവലിയും കൂട്ടത്തല്ലും; ചെല്ലാനത്തെ തമ്മിൽ തല്ലിൽ പരിക്കേറ്റത് പൊലീസുകാർക്കും നാട്ടുകാർക്കും

ഗാനമേളക്കിടെ ഡാൻസ് ചെയ്ത യുവാക്കൾക്ക് നേരെ പൊലീസ് ലാത്തിവീശി; അടികൊണ്ട യുവാവ് വേദിയിൽ കയറി തന്നെ അകാരണമായി പൊലീസ് മർദ്ദിച്ചെന്ന് മൈക്കിലൂടെ പറഞ്ഞു; തുടർന്ന് നടന്നത് പിടിവലിയും കൂട്ടത്തല്ലും; ചെല്ലാനത്തെ തമ്മിൽ തല്ലിൽ പരിക്കേറ്റത് പൊലീസുകാർക്കും നാട്ടുകാർക്കും

കൊച്ചി: നാട്ടിൻപുറങ്ങളിൽ ഗാനമേള സംഘടിപ്പിക്കുമ്പോഴുണ്ടാകുന്ന സംഘർഷങ്ങൾ പതിവാണ്. എന്നാൽ, സംഘർഷം മൂത്ത് കൂട്ടത്തല്ലിലേക്ക് എത്തുന്ന സംഭവങ്ങളും ഇടക്കിടെ അരങ്ങേറുന്നു. കൊച്ചിയിലെ ചെല്ലാനത്ത് കഴിഞ്ഞദിവസം നടന്നത് ഇത്തരമൊരു കൂട്ടത്തല്ലായിരുന്നു. ഗാനമേളക്കിടെ ഡാൻസ് കളിച്ച യുവാക്കളെ തടയാൻ പൊലീസ് ശ്രമിച്ചതോടെ കൂട്ടത്തല്ലാണ് നടന്നത്. അക്രമത്തിൽ പരിക്കേറ്റ് നാല് പൊലീസുകാരും ആശുപത്രിയിലായി. മൂന്ന് എസ്‌ഐമാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. 20തോളം നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് മുപ്പതോളം പേർക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ടു തുടർ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.

കായംകുളം കെപിഎസ്‌സിയുടെ ഗാനമേള നടക്കുന്നതിനിടെയാണു സംഭവം. ഏതാനും പേർ നൃത്തം ചെയ്തതിനെത്തുടർന്നുണ്ടായ സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് ഇടപെടുകയായിയിരുന്നു. അക്രമം നടത്താൻ തുനിഞ്ഞവരെ ലാത്തിവീശി ഓടിക്കാനാണ് പൊലീസ് ശ്രമിച്ചത്. എന്നാൽ, ബഹളത്തിൽ നിന്നു മാറിനിന്നവർക്കും പൊലീസിന്റെ ലാത്തിയടി കിട്ടി. ഇതോടെ ബഹളം രൂക്ഷമായി. വീണ്ടും പൊലീസ് ലാത്തി വീശി ആളുകളെ ഓടിച്ചു. നിർത്തിവച്ച ഗാനമേള പിന്നീട് പുനരാരംഭിച്ചപ്പോൾ ഒരു യുവാവ് വേദിയിലേക്കു കയറി ഗായകന്റെ കൈവശമുണ്ടായിരുന്ന മൈക്ക് പിടിച്ചു വാങ്ങുകയും നിരപരാധിയായ തന്നെ പൊലീസ് അകാരണമായി മർദിച്ചെന്നു വിളിച്ചുപറയുകയും ചെയ്തു. ഇതോടെ യുവാവിനു പിന്തുണയുമായി മറ്റു ചിലരും വേദിയിലേക്കു കയറി. പിന്നാലെ പൊലീസും കയറിയതോടെ തമ്മിൽ ഉന്തുംതള്ളും പിടിവലിയുമായി. ഗാനമേള കാണാൻ എത്തിയവരെ കാഴ്ചക്കാരാക്കി പൊലീസും യുവാക്കളും തമ്മിൽ വേദിയിൽ ഏറെനേരം വാക്കേറ്റം നടന്നു.

ഇതിനിടെ പൊലീസും ഒരു യുവാവും തമ്മിൽ പിടിവലി ഉണ്ടായി. പുറത്തു കാണികളായി നിന്ന യുവാക്കൾ കൂടി ഇടപെട്ടതോടെ ഇതു കൂട്ടത്തല്ലായി മാറി. പുറത്തുനിന്നു കല്ലും കസേരകളും വേദിയിലേക്കു വലിച്ചെറിഞ്ഞു. പെട്ടെന്ന് ലൈറ്റ് അണഞ്ഞതോടെ യുവാക്കളെ തലങ്ങും വിലങ്ങും തല്ലി പൊലീസ് വിരട്ടിയോടിച്ചു. ചെല്ലാനം പള്ളിക്കു സമീപം താമസിക്കുന്ന തോപ്പിൽ ഫാബിൻ പ്രശ്‌നമുണ്ടാക്കിയ യുവാക്കളുടെ സംഘത്തിലുണ്ടായിരുന്നെന്ന സംശയത്തിൽ പുലർച്ചെ മൂന്നോടെ ഫാബിന്റെ വീട്ടിലേക്ക് ഇരച്ചു കയറിയ പൊലീസ് സംഘം വീട്ടിലുണ്ടായിരുന്ന ഗ്ലാസ് ടേബിൾ, ടിവി തുടങ്ങിയവ തല്ലിത്തകർത്തു. ഫാബിൻ വീട്ടിലുണ്ടായിരുന്നില്ല. ഇവിടെ അതിഥിയായെത്തിയ വയോധികനെ പൊലീസ് കടന്നുപിടിച്ചപ്പോൾ തടയാനെത്തിയ സ്ത്രീകളെ പൊലീസ് തള്ളി വീഴ്‌ത്തിയതായും ആരോപണമുണ്ട്.

ഫാബിൻ പൊലീസിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നില്ലെന്നും സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചയാളാണെന്നും നാട്ടുകാർ പറയുന്നു. നൃത്തം ചെയ്ത യുവാക്കളല്ല അതിക്രമം കാണിച്ചതെന്നാണു നാട്ടുകാരുടെ പക്ഷം. നേരത്തേ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി വൈരാഗ്യം തീർക്കാൻ പൊലീസിനെ തിരഞ്ഞുപിടിച്ചു മർദിച്ചതായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംഘർഷത്തിൽ എസ്‌ഐ ഷൈജു ഏബ്രഹാം, ഗ്രേഡ് എസ്‌ഐമാരായ പി.കെ. രാജപ്പൻ, ദീലീപൻ, സിപിഒ സതീഷ് എന്നിവർക്കാണു പരുക്കേറ്റത്. ഷൈജു ഏബ്രഹാമിന്റെ തലയ്ക്കു മൈക്ക് സെറ്റുകൊണ്ടും ദിലീപന്റെ തലയ്ക്ക് കസേരകൊണ്ടുമാണ് അടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ദിലീപൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. നാട്ടുകാരിൽ ചിലർക്കും തലയ്ക്കു പരുക്കേറ്റതായി പറയുന്നു. എന്നാൽ, ആരും ചികിൽസ തേടിയതായി പൊലീസിനു വിവരം ലഭിച്ചിട്ടില്ല.

അതിനിടെ ചെല്ലാനത്തെ സംഘർഷ വീഡിയോ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വേദിയിൽ ഗാനമേള നടക്കുന്നതിനിടെയാണു നേർക്കുനേർ വെല്ലുവിളിയും അടിയും തിരിച്ചടിയും നടന്നത്. പൊലീസ് വേദിയിൽ കയറുന്നതും ചിലർ എസ്‌ഐയെ മൈക്ക് സ്റ്റാൻഡ് ഉപയോഗിച്ച് അടിക്കുന്നതും കസേരയും കല്ലും എറിയുന്നതും വിഡിയോയിൽ വ്യക്തമായി കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP