Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റനോട്ടത്തിൽ നല്ല പച്ചമീൻ; പാചകംചെയ്തു കഴിച്ചാലുടൻ ഛർദ്ദിയും വയറിളക്കവും; രാസവസ്തു കലർത്തിയ മീൻ വൻതോതിൽ കേരളത്തിലേക്ക്; റംസാൻ വിപണിയും ട്രോളിങ് നിരോധനവും മുതലെടുക്കൽ ലക്ഷ്യം

ഒറ്റനോട്ടത്തിൽ നല്ല പച്ചമീൻ; പാചകംചെയ്തു കഴിച്ചാലുടൻ ഛർദ്ദിയും വയറിളക്കവും; രാസവസ്തു കലർത്തിയ മീൻ വൻതോതിൽ കേരളത്തിലേക്ക്; റംസാൻ വിപണിയും ട്രോളിങ് നിരോധനവും മുതലെടുക്കൽ ലക്ഷ്യം

എം പി റാഫി

കോഴിക്കോട് : ട്രോളിങ് നിരോധനവും റംസാൻ വിപണിയും ലക്ഷ്യമിട്ട് വിഷം കലർത്തിയ മത്സ്യം കേരളത്തിലേക്ക് വൻതോതിൽ കടത്തുന്നു. മാരകമായ വിഷാംശമടങ്ങിയ രാസപദാർത്ഥങ്ങള്ൾ ഉപയോഗിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സ്യമാണ് വ്യാപകമായി ഇങ്ങോട്ടെത്തുന്നത്. ട്രോളിങ് നിരോധനത്തോടെ മത്സ്യ ലഭ്യതയുടെ കുറവ് കണക്കിലെടുത്താണ് മാസങ്ങൾക്കു മുമ്പ് സ്‌റ്റോക്ക് ചെയ്ത മത്സ്യങ്ങൾ വിപണിയിലിറക്കുന്നത്.

ആരോഗ്യത്തിന് ഹാനികരമായ ഫോർമലിൻ, അമോണിയ എന്നീ രാസവസ്തുക്കളാണ് മത്സ്യം മാസങ്ങളോളം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നത്. മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിനാണ് വ്യാപകമായി മത്സ്യങ്ങളിൽ ഉപയോഗിക്കുന്നത്. മനുഷ്യന്റെ ആന്തരികാവയവങ്ങളെ തകരാറിലാക്കുന്ന മാരകശേഷിയുള്ള രാസപദാർഥമാണിത്. മത്സ്യം ഫോർമലിൻ ലായനിയിട്ട് സൂക്ഷിച്ചാൽ വർഷങ്ങൾ തന്നെ രൂപമാറ്റം സംഭവിക്കാതെ സൂക്ഷിക്കാമെന്ന് വിദഗ്ദർ പറയുന്നു. വലിപ്പവും ആകർഷണീയതയും ഉണ്ടാവാൻ അമോണിയവും ഉപയോഗിക്കുന്നു.

കോഴിക്കോട്, കണ്ണൂർ, മലപ്പുറം ഭാഗങ്ങളിലെ മത്സ്യമർക്കറ്റുകളെല്ലാം അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന രാസപദാർത്ഥങ്ങൾ കലർത്തിയ മീനുകളാൽ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു. മംഗലാപുരം, ചെന്നൈ, കടലൂർ, തൂത്തുകുടി എന്നിവിടങ്ങളിൽ നിന്നും വലിയ ലോറികളിലും ട്രെയിനുകളിലുമാണ് ഇവിടേക്ക് മത്സ്യമെത്തുന്നത്. കേരളത്തിലുടനീളം വ്യാപകമായി ഇത്തരം മത്സ്യങ്ങൾ വിപണിയിലെത്തുന്നതായാണ് അറിയുന്നത്. വലിയ കണ്ടൈനറുകളിൽ എത്തിച്ച ശേഷം മാർക്കറ്റുകളിലും ചെറിയ ഗൂഡ്‌സ് വാഹനങ്ങളിലുമാണ് വിൽപ്പന പൊടിപൊടിക്കുന്നത്. നാട്ടിൻപുറങ്ങളിലെ മത്സ്യ മാർക്കറ്റുകളേക്കാൾ റോഡരികിലും വഴിയോരങ്ങളിലുമായി വാഹനങ്ങളിൽ കൊണ്ടുവന്നാണ് വിഷം കലർത്തിയ മത്സ്യം കൂടുതലായും വിറ്റൊഴിക്കുന്നത്.

പച്ച മീനാണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ. പുതിയ മത്സ്യമാണെന്ന വ്യാജേനയാണ് ഉപഭോക്താക്കളെ ഇവർ പറഞ്ഞു പറ്റിക്കുന്നതും വിറ്റൊഴിവാക്കുന്നതുമെല്ലാം. ഏതാനും മത്സ്യ ഏജൻസികളുടേയോ കുത്തക മുതലാളുമാരുടേതോ ആയിരിക്കും വാഹനങ്ങളിൽ മത്സ്യ വിപണനം നടത്തുന്നവയിൽ അധികവും. നൂറുകണക്കിന് വാഹനങ്ങൾ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓരോ മുതലാണിമാർക്കും മത്രം ഉണ്ട്. പരസ്പരം മത്സരം കൂടിയുള്ള ഈ രംഗത്ത് വിഷം നിറച്ചതാണെങ്കിലും നിശ്ചിത ടാർജറ്റ് വിറ്റൊഴിക്കണമെന്നാണ് തൊഴിലാളികൾക്കുള്ള നിർദ്ദേശം.

ഇത്തരം മത്സ്യ വിപണന കേന്ദ്രങ്ങളിൽ നിന്നും വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. മാരകമായ വിഷപദാത്ഥങ്ങളടങ്ങിയ മത്സ്യങ്ങൾ കഴിച്ച് വിട്ടൊഴിയാത്ത ഛർദിയും വയറിളക്കവും ദേഹാസ്വാസ്ത്യവും പിടിപെട്ട് ചികിത്സ തേടിയവരുടെ എണ്ണവും നിരവധിയാണ്. ഈ വർഷത്തെ ട്രോളിംങ് നിരോധന കാലയളവിലാണ് മത്സ്യം കഴിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുന്നത്. തുടർച്ചയായി ഈ മത്സ്യം ഉപയോഗിക്കുന്നവർക്ക് ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഫോർമാലിൻ സാന്നിധ്യം കുടലുകളെയും കരളിനെയും പ്രവർത്തന രഹിതമാക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റിക്കുകയും ചെയ്യും.

ഇത്തരം മത്സ്യങ്ങൾ എത്ര കഴുകിയെടുത്താലും വേവിച്ചാലും ഫോർമാലിന്റെ അംശം നഷ്ടപ്പെടുന്നില്ല. ആരോഗ്യത്തിന് ഹാനികരായ അമോണിയ ആയിരുന്നു മത്സ്യങ്ങൾ അഴുകാതിരിക്കാൻ മുൻപ് ഉപയോഗിച്ചിരുന്നത്. അമോണിയ മത്സ്യങ്ങളിൽ വിതറുകയായിയിരുന്നു ആദ്യം പിന്നീട് അമോണിയ ചേർത്ത വെള്ളം ഐസാക്കി മത്സ്യത്തിൽ ഉപയോഗിച്ചു.ഇത്തരത്തിൽ അമോണിയ ചേർത്ത ഐസ് ഉപയോഗിച്ചാലും മത്സ്യം ഒരാഴ്‌ച്ചയിൽ കൂടുതൽ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയാറില്ല. ഇതിനാൽ മത്സ്യം കൂടുതൽ സൂക്ഷിക്കാൻ പറ്റാതെ വരുന്നു. ഇതോടെയാണ് ഫോർമാലിൻ ലായനിയി ഉപയോഗിച്ച് മാസങ്ങളോളം മത്സ്യം ഗോഡൗണുകളിൽ സൂക്ഷിച്ച് വിൽപ്പന നടത്തുകയാണ് ചെയ്തു വരുന്നത്.

ട്രോളിങ് നിരോധനവും റംസാൻ മാസത്തിൽ മത്സ്യത്തിനുള്ള ഡിമാന്റും മുതലെടുത്താണ് വിഷം കലർത്തിയ മത്സ്യം അതിർത്തി കടന്നെത്തുന്നത്. യാതൊരു പരിശോധനയും കൂടാതെ മത്സ്യങ്ങൾ അതിർത്തികടെന്നെത്തുമ്പോഴും അധികൃതരുടെ ഭാത്തുനിന്ന് ഒരു ശ്രദ്ധയും ഉണ്ടാകുന്നില്ല. മത്സ്യങ്ങൾ കഴിച്ച് അസ്വസ്ഥത അനുഭവിക്കുന്നവർ അവരവർ തന്നെ ആശുപത്രികളിൽ ചെന്ന് പരിഹാരം കാണുകയാണ്. ഇതിനാൽ സംഭവം പുറം ലോകം അറിയുന്നുമില്ല. 

രാസവസ്തുക്കൾ ചേർത്ത മത്സ്യം എത്തുന്നത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ അറിയുന്നുണ്ടെങ്കിലും നടപടിയെടുക്കാറില്ല. ചെക്കുപോസ്റ്റുകളിലും പരിശോധന കാര്യക്ഷമല്ല. മത്സ്യം എത്തിക്കുന്ന ഏജൻസികളുമായി ഉദ്യോഗസ്ഥർക്കുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നടപടിയെടുക്കാത്തതിന് പിന്നിലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ചില ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിരുന്നു. അതേസമയം, ഉദ്യോഗസ്ഥരുടെ കുറവുമൂലമാണ് പരിശോധന കാര്യക്ഷമമാക്കാൻ സാധിക്കാത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.

മാത്രമല്ല, ഇത്തരത്തിൽ പിടികൂടുന്ന മത്സ്യങ്ങൾ പരിശോധിക്കാനായി മലബാറിലെ ലാബുകളിൽ സൗകര്യവുമില്ല. നിലവിലുള്ള ലബോറട്ടറികളിൽ മത്സ്യ പരിശോധന നടത്താനും സാധിക്കില്ല. ഇത്തരത്തിൽ പിടിക്കപ്പെടുന്ന മത്സ്യങ്ങൾ എറണാകുളത്തെ ലാബിൽ നിന്നുമാണ് പരിശോധിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. കേരളത്തിൽ മത്സ്യത്തൊഴിലാളികൾ ഒരു വർഷം പിടിക്കുന്നത് ശരാശരി ആറു ടൺ മത്സ്യമാണ്. എന്നാൽ ട്രോളിൽ നിരോധന കാലയളവായ ഇപ്പോൾ ഇതിലും കൂടുതൽ മത്സ്യമാണ് വിപണിയിലെത്തുന്നത്. വിഷം വിറ്റ് സാധാരണക്കാരെ ചൂഷണം ചെയ്ത് മുതലാളിമാർ കോടികൾ കൊയ്യുന്നുണ്ട്. വിഷം മുക്കിയ മത്സ്യം യഥേഷ്ടം വിൽക്കുന്നതുമൂലം വലിയ ദുരന്തവും വിദൂരമല്ല. സർക്കാറും ആരോഗ്യ വകുപ്പും കണ്ണുതുറക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP