Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എമർജൻസി കൺട്രോൾ റൂം ആരംഭിച്ചു; ആരോഗ്യവകുപ്പ് ജീവനക്കാർക്ക് അവധി അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി; ഏതു നിമിഷവും സജ്ജമാവാൻ ആംബുലസുകൾക്കും നിർദ്ദേശം; മെഡിക്കൽ സ്റ്റോറുകൾ അടച്ചിട്ടാൽ നടപടി

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എമർജൻസി കൺട്രോൾ റൂം ആരംഭിച്ചു; ആരോഗ്യവകുപ്പ് ജീവനക്കാർക്ക് അവധി അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി; ഏതു നിമിഷവും സജ്ജമാവാൻ ആംബുലസുകൾക്കും നിർദ്ദേശം; മെഡിക്കൽ സ്റ്റോറുകൾ അടച്ചിട്ടാൽ നടപടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂം തുറക്കാൻ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർദ്ദേശം നൽകി. വിവിധ ക്യാമ്പുകളിലേക്കാവശ്യമായ മരുന്നുകളും ജീവനക്കാരേയുമെല്ലാം ഏകോപിപ്പിക്കുന്നതും ഈ കൺട്രോൾ റൂമിൽ നിന്നാണ്. ഒരു രോഗിക്ക് പോലും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കടുത്ത അസുഖമാണെങ്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം മെഡിക്കൽ സംഘം ഒരുക്കണമെന്നും മന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചെങ്ങന്നൂരിലെ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ ജീവനക്കാരെ ചെങ്ങന്നൂരിൽ വിന്യാസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അനാവശ്യ കാരണങ്ങൾക്ക് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് അവധി അനുവദിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി.

എസ്.എച്ച്.എസ്.ആർ.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എസ്. ഷിനുവിന് ചെങ്ങന്നൂരിലെ സ്പെഷ്യൽ ഓഫീസറുടെ ചുമതല നൽകി. ആരോഗ്യ കേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുണിന് സ്ഥലത്തെ മറ്റ് കാര്യങ്ങളുടെ മേൽനോട്ട ചുമതല നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നടക്കം സ്ഥലത്തെ രക്ഷാപ്രവർത്തനങ്ങൾക്കായി എട്ട് 108 ആംബുലൻസുകൾ ചെങ്ങന്നൂരിൽ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ആംബുലൻസുകൾ സ്ഥലത്തേക്ക് എത്തിക്കുന്നതാണ്. സ്വകാര്യ ആംബുലൻസുകൾ വാടകയ്ക്ക് എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ മെഡിക്കൽ ക്യാമ്പുകളിലും 24 മണിക്കൂറും വൈദ്യ സഹായം ലഭ്യമാക്കാൻ ഒരു മെഡിക്കൽ ടീം രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

മെഡിക്കൽ സ്റ്റോറുകൾ അടച്ചിടരുത്

ദുരിതബാധിത മേഖലയിൽ ഒരു കാരണവും കൂടാതെ മെഡിക്കൽ സ്റ്റോറുകൾ അടച്ചിടരുതെന്ന് ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ആയിരക്കണക്കിന് ആൾക്കാർ ഒരുമിച്ച് ചികിത്സയ്ക്കെത്താൻ സാധ്യതയുള്ളതുകൊണ്ട് ഡോക്ടർമാരുടെ അഭാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും ഡോക്ടർമാരുടെ സംഘടനകളും സഹായിക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാ മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ വിവിധ ക്യാമ്പുകളിലേക്കയച്ചിട്ടുണ്ട്.

തൃശൂർ മെഡിക്കൽ കോളേജിലെ സംഘം ചാലക്കുടി ഭാഗത്തേയ്ക്ക് പോയിട്ടുണ്ട്. ഇവരെയെല്ലാം ആരോഗ്യ വകുപ്പ് ഏകോപിപ്പിച്ചായിരിക്കും വിവിധ ക്യാമ്പുകളിലേയ്ക്കയയ്ക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 30 പേരടങ്ങുന്ന സംഘം ചെങ്ങന്നൂരിലും 18 പേരടങ്ങുന്ന സംഘം പത്തനംതിട്ടയിലുമായി എത്തിയിട്ടുണ്ട്. ചെങ്ങന്നൂരിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ബിലീവിയേഴ്സ് മെഡിക്കൽ കോളേജിലെ 20 അംഗ മെഡിക്കൽ സംഘവും എത്തിയിട്ടുണ്ട്.

മരുന്നിന് ഒരു ക്ഷാമവുമില്ലെന്നും ആവശ്യത്തിന് സ്വരൂപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവിധതരം പകർച്ചവ്യാധിയുള്ളവരെ മറ്റുള്ളവരിലേക്ക് വ്യാപിക്കാതെ വെവ്വേറെ കേന്ദ്രങ്ങളിൽ ചികിത്സിക്കുന്നതാണ്. മൃഗങ്ങൾ ചത്ത് ജീർണിച്ച് ഒഴുകുന്ന വെള്ളത്തിൽ കൂടി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്നും മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP