Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഷേധം ക്രമസമാധാനപ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള വേദിയാകരുതെന്ന് ചെന്നിത്തല; ചുംബനക്കൂട്ടായ്മയ്ക്ക് പിന്തുണയുമായി കവി കുരീപ്പുഴ ശ്രീകുമാറും ഡിവൈഎഫ്‌ഐയും

പ്രതിഷേധം ക്രമസമാധാനപ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള വേദിയാകരുതെന്ന് ചെന്നിത്തല; ചുംബനക്കൂട്ടായ്മയ്ക്ക് പിന്തുണയുമായി കവി കുരീപ്പുഴ ശ്രീകുമാറും ഡിവൈഎഫ്‌ഐയും

തിരുവനന്തപുരം: സദാചാര പൊലീസിങ്ങിനെതിരായ പ്രതിഷേധത്തിനിടെ ആശാസ്യകരമല്ലാത്തതെന്തെങ്കിലും സംഭവിച്ചാൽ പൊലീസ് ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സദാചാര പൊലീസ് ചമയുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

''പ്രതിഷേധിക്കാനുള്ള അവകാശത്തെ ഒരിക്കലും ചോദ്യം ചെയ്യാനോ, അടിച്ചമർത്താനോ പാടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന, ജനാധിപത്യവാദിയായ പൊതുപ്രവർത്തകനാണ് ഞാൻ. എന്നാൽ പ്രതിഷേധം ഒരിക്കലും ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള വേദിയാകരുത്.

മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ, ആശാസ്യകരമല്ലാത്ത പെരുമാറ്റങ്ങൾ പ്രതിഷേധത്തിനിടയ്ക്ക് സംഭവിക്കുകയോ, അങ്ങിനെ സംഭവിച്ചേക്കാമെന്ന് വിവരം ലഭിക്കുകയോ ചെയ്താൽ പൊലീസിന് നിലവിലെ നിയമങ്ങൾ പ്രകാരം ഇടപെടേണ്ടതായി വരും. രാജ്യത്ത് നിലനിൽക്കുന്ന നിയമസംവിധാനങ്ങൾക്കും, ചട്ടങ്ങൾക്കും അകത്തു നിന്നുകൊണ്ട് മാത്രമേ ഈ ഇടപെടൽ സാധ്യമാവുകയുള്ളു.

ഒരു കാര്യം ഞാൻ വീണ്ടും ഉറപ്പുതരുന്നു. സദാചാര പൊലീസ് ചമയുന്ന സാമൂഹ്യ വിരുദ്ധരെ ആഭ്യന്തര വകുപ്പ് ശക്തമായി നേരിടുക തന്നെ ചെയ്യും.''- ചെന്നിത്തല ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അതിനിടെ കവി കുരീപ്പുഴ ശ്രീകുമാറും ചുംബനക്കൂട്ടായ്മയക്ക് പിന്തുണയുമായി രംഗത്തെത്തി. 'ഹസ്തദാനത്തിനു അയിത്തം മൂലം വിലക്കുണ്ടായിരുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇപ്പോൾ ആ വിലക്ക് ഏറെക്കുറെ മാറുകയും സ്ത്രീയും പുരുഷനും തമ്മിൽ ഹസ്തദാനം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. സമീപഭാവിയിൽ പ്രണയികൾക്കും സ്‌നേഹമുള്ളവർക്കും ബഹുമാനമുള്ളവർക്കും തമ്മിൽ ചുംബിച്ചുകൊണ്ടുള്ള ഒരു ഹൃദയവികാര പ്രകടന രീതി ഉണ്ടാവുക തന്നെ ചെയ്യും'- കുരീപ്പുഴ പറഞ്ഞു.

തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മാത്രമെ പ്രതിഷേധിക്കാൻ പാടുള്ളൂ എന്ന ഫാസിസ്റ്റ് സമീപനം വച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. കോഴിക്കോട് യുവമോർച്ച സദാചാരവേഷമണിഞ്ഞ് നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്ത് നടത്തുന്ന പ്രതിഷേധകൂട്ടായ്മ അനുവദിക്കില്ലെന്നും അക്രമിക്കുമെന്നുമുള്ള ഭീഷണി ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ല. ജനങ്ങളുടെ സ്വതന്ത്രവും സ്വച്ഛവുമായ മുന്നോട്ടുപോക്കിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ വിശ്വാസത്തിന്റേയും, സദാചാരത്തിന്റെയും മറവു പിടിച്ച് വർഗ്ഗീയ ശക്തികളുടെ ശ്രമങ്ങൾ സമീപകാലത്ത് വർധിക്കുകയാണ്.

ഏതൊരു പ്രതിഷേധ രീതിയോടും യോജിക്കാനും വിയോജിക്കാനും ജനാധിപത്യത്തിൽ സ്വാതന്ത്ര്യമുണ്ട്. തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മാത്രമെ പ്രതിഷേധിക്കാൻ പാടുള്ളൂ എന്ന ഫാസിസ്റ്റ് സമീപനം ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും പ്രതികരിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷും സെക്രട്ടറി എം സ്വരാജും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP