Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലീബയെ മർദ്ദിച്ച സംഭവം ഒതുക്കിത്തീർക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടലെന്ന് സൂചന; സസ്‌പെൻഷനിലായ പൊലീസുകാരൻ ഗ്രൂപ്പ് വൈരത്തിന്റെ ഇര

ലീബയെ മർദ്ദിച്ച സംഭവം ഒതുക്കിത്തീർക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടലെന്ന് സൂചന; സസ്‌പെൻഷനിലായ പൊലീസുകാരൻ ഗ്രൂപ്പ് വൈരത്തിന്റെ ഇര

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചേരാനെല്ലൂർ സ്വദേശിനി ലീബക്ക് ക്രൂരമായി പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ കേസ് ഒതുക്കിത്തീർക്കാൻ ഉന്നതരാഷ്ട്രീയ ഇടപെടൽ. കഴിഞ്ഞദിവസം ചേരാനെല്ലൂർ എസ്.ഐയെയും ഒരു വനിതാ പൊലീസുകാരിയെയും ഒരു സിവിൽ പൊലീസ് ഓഫീസറേയും സസ്‌പെന്റ് ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചെങ്കിലും സംഭവത്തിൽ പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സമരസമിതിയുടെ തീരുമാനം.

ചേരാനെല്ലൂർ എസ്ഐ ഇ എസ് സാംസൺ, വനിതാ സിപിഒ സുനിത, സിപിഒ ശ്രീജി എന്നിവരെയാണ് കഴിഞ്ഞദിവസം അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. ഇതിൽ പൊലീസുകാരനായ ശ്രീജി മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് അസോസിയേഷൻ നേതാവായ വനിതാ പൊലീസ് സിജിയാണ് തന്നെ ക്രൂരമായി മദ്ദിച്ചതെന്നും ലീബ തന്റെ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ്സ് അനുകൂല പൊലീസ് അസോസിയേഷൻ നേതാവായ സിജിയെ രക്ഷിക്കാനായി ജില്ലയിലെ പ്രമുഖനായ ഐ ഗ്രൂപ്പ് എം എൽ എ ഇടപെടുന്നതായാണ് സമരസമിതിയിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. പൊലീസ് സ്റ്റേഷനുള്ളിൽ നിന്നുതന്നെയുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണ് പൊലീസുകാരനായ ശ്രീജിയെന്നും പറയപ്പെടുന്നു.

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജനറൽ ആശുപത്രിയിലെത്തി ലീബയെ സന്ദർശിച്ചപ്പോൾ സമരസമിതി നേതാക്കൾക്ക് മന്ത്രിയെ നേരിട്ടുകണ്ട് പരാതി ബോധിപ്പിക്കാൻ പോലും അവസരം ലഭിച്ചിരുന്നില്ല. പാർട്ടി പ്രവർത്തകരും നേതാക്കളും ചെന്നിത്തലയ്ക്കൊപ്പം ക്യാമറയിൽപെടാൻ മത്സരിച്ചപ്പോൾ സമരസമിതിക്കാർ പുറത്താവുകയായിരുന്നു. നേരത്തെ നിശ്ചയിച്ച തിരക്കഥ പ്രകാരം പിന്നീട് ചെന്നിത്തല ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു. പൊലീസുകാരുടെ ലിസ്റ്റ് മന്ത്രിക്ക് നൽകിയത് ആരോപണവിധേയനായ എംഎൽഎ ഇടപെട്ടാണെന്നും പറയപ്പെടുന്നു.

അതേസമയം ചേരാനെല്ലൂർ സംഭവത്തിൽ ആരോപണവിധേയരായ മുഴുവൻ ആളുകളെയും സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്ന് മഹിളാ കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിട്ടുണ്ട്. യഥാർത്ഥകുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ചേരാനെല്ലൂരിലെ എല്ലാ രാഷ്ട്രീയപാർട്ടികളും ഉൾപ്പെട്ട സംയുക്ത സമരസമിതിയുടെ തീരുമാനം.

ഇടപ്പള്ളി അമൃതാ ആശുപത്രിയിലെ ഹൃദ്‌രോഗ വിദഗ്ദ്ധനായ ഹരീഷിന്റെ വീട്ടിലെ സ്വർണം മോഷ്ടിച്ചെന്ന കുറ്റം ആരോപിച്ചാണ് പൊലീസ് ലീബയെ അറസ്റ്റ് ചെയ്ത് ക്രൂരമായി മർദ്ദിച്ചത്. ജാമ്യം ലഭിച്ച ലീബ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പൊലീസിന്റെ ക്രൂരത പുറംലോകമറിഞ്ഞത്. അടിയന്തിരാവസ്ഥയെ വെല്ലുന്ന പൊലീസ് മർദ്ദനത്തിനെതിരെ ചേരാനെല്ലൂരിലെ നാട്ടുകാർ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്. ഇവരുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP