Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിലക്കിയത് ബിജെപിയോ വെള്ളാപ്പള്ളിയോ? ആർ ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് ഉമ്മൻ ചാണ്ടി വിട്ടുനിൽക്കും; വെള്ളാപ്പള്ളിക്കു മേൽ സമ്മർദം ചെലുത്തിയത് ആരെന്നു വ്യക്തമാക്കണമെന്നു നേതാക്കൾ; ഒഴിവാക്കിയത് അണികളുടെ രോഷം ഭയന്നെന്ന് എസ്എൻഡിപി; നിഷേധിച്ച് സംസ്ഥാന ഇന്റലിജൻസ്‌

വിലക്കിയത് ബിജെപിയോ വെള്ളാപ്പള്ളിയോ? ആർ ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് ഉമ്മൻ ചാണ്ടി വിട്ടുനിൽക്കും; വെള്ളാപ്പള്ളിക്കു മേൽ സമ്മർദം ചെലുത്തിയത് ആരെന്നു വ്യക്തമാക്കണമെന്നു നേതാക്കൾ; ഒഴിവാക്കിയത് അണികളുടെ രോഷം ഭയന്നെന്ന് എസ്എൻഡിപി; നിഷേധിച്ച് സംസ്ഥാന ഇന്റലിജൻസ്‌

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായ ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽ പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംഘാടകരുടെ അഭ്യർത്ഥന മാനിച്ചാണ് താൻ വിട്ടുനിൽക്കുന്നതെന്നും ഇതിൽ അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

15 ന് കൊല്ലത്താണു പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന അനാച്ഛാദനച്ചടങ്ങ്. ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതിനിടെ, അണികളുടെ രോഷം ഭയന്നാണു ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്ന് എസ്എൻഡിപിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രി വന്നാൽ അണികൾ രോഷാകുലരാകുമെന്നാണ് ഐബി റിപ്പോർട്ട് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നും എസ്എൻഡിപി ഓഫീസ് അറിയിച്ചു.  ചടങ്ങിൽ പ്രതിഷേധമുണ്ടായാൽ അതു പരിപാടിയുടെ നിറം കെടുത്തും. പ്രതിഷേധം രൂക്ഷമായാൽ പ്രധാനമന്ത്രി ഒഴിവാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണു മുഖ്യമന്ത്രിയെ ഒഴിവാക്കുന്നതെന്നാണു എസ്എൻഡിപി ഓഫീസ് നൽകുന്ന വിശദീകരണം. അതേസമയം, ഇക്കാര്യം നിഷേധിച്ച് വിജിലൻസ് രംഗത്തെത്തി. പ്രതിഷേധമുണ്ടാകുമെന്ന റിപ്പോർട്ടില്ലെന്ന് രഹസ്യാന്വേഷണ സംഘം വെളിപ്പെടുത്തി.

മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നതിൽ ചില കേന്ദ്രങ്ങളിൽ നിന്നും എതിർപ്പുണ്ടെന്നും പരിപാടിയിൽ നിന്ന് ഒഴിഞ്ഞുനിന്ന് സഹായിക്കണമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യന്ത്രിയോട് ഫോണിൽ അഭ്യർത്ഥിച്ചിരുന്നു. വെള്ളാപ്പള്ളിയാണു പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ അധ്യക്ഷനായി ക്ഷണിച്ചിരുന്നത്.

ഈ പരിപാടിയിൽ പങ്കെടുക്കാൻ രണ്ടുവിധത്തിൽ താൻ ബാധ്യസ്ഥനാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആർ. ശങ്കർ കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആയിരുന്നു. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ പ്രോട്ടോക്കോൾ പ്രകാരവും പൊതുമര്യാദ അനുസരിച്ചും പങ്കെടുക്കേണ്ട ഉത്തരവാദിത്വമുണ്ട്. എന്നാൽ, തന്നെ ക്ഷണിച്ച സംഘാടകർ തന്നെ മറ്റൊരു പുതിയ നിലപാട് സ്വീകരിച്ചതിനാലാണ് തനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കും. അദ്ദേഹമാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. എന്നാൽ പ്രധാനമന്ത്രിയെ കൊച്ചി വിമാനത്താവളത്തിൽ സ്വീകരിക്കാൻ താനുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

കൃഷി മന്ത്രി കെ.പി. മോഹനനാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനവേളയിലെ മിനിസ്റ്റർ ഇൻ വെയിറ്റിങ്. പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്നു യാത്രയാകുമ്പോൾ ബന്ധപ്പെട്ട എല്ലാവരും ചേർന്ന് കേരളത്തിന്റെ പൊതു ആവശ്യങ്ങൾ അദ്ദേഹത്തോട് ഉന്നയിക്കും. എല്ലാവരും ചേർന്ന് യാത്രയാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രതിമ അനാച്ഛാദനം സ്വകാര്യ പരിപാടിയാണ്. ഇക്കാര്യത്തിൽ മറ്റു വിശദീകരണങ്ങളുടെ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചില കേന്ദ്രങ്ങൾ എതിർത്തതിനാലാണു മുഖ്യമന്ത്രി പങ്കെടുക്കേണ്ട എന്ന നിലപാട് സംഘാടകർ സ്വീകരിച്ചതെന്നാണു മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്. ബിജെപി കേന്ദ്രങ്ങൾക്കുള്ള കടുത്ത എതിർപ്പാണ് മുഖ്യമന്ത്രിയെ ഒഴിവാക്കാൻ കാരണമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കരുതെന്നു സമ്മർദം ചെലുത്തിയത് ആരെന്ന് അറിയണം: എ കെ ആന്റണി

കൊച്ചി: ആർ ശങ്കർ അനാച്ഛാദനച്ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ചത് മോശമായ നടപടിയെന്നു മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. ക്ഷണിച്ചിട്ട് പിന്നീട് വരണ്ടെന്നു പറയാൻ മാത്രം സംഘാടകരിൽ സമ്മർദം ചെലുത്താൻ ശേഷിയുള്ളവർ ആരാണെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയെ തടഞ്ഞത് ആരാണെന്ന് അറിയണം. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും മറുപടി പറയണം. മുൻ മുഖ്യമന്ത്രിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തത് ക്ഷമ അർഹിക്കാത്ത തെറ്റാണെന്നും എ കെ ആന്റണി പറഞ്ഞു.

മുഖ്യമന്ത്രിയെ വിലക്കിയ വെള്ളാപ്പള്ളിയുടെ നടപടി കേരളത്തിന് അപമാനകരം: സുധീരൻ

തിരുവനന്തപുരം: ആർ ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്നും മുഖ്യമന്ത്രിയോട് വിട്ട് നിൽക്കാനാവശ്യപ്പെട്ട വെള്ളാപ്പള്ളി നടേശന്റെ നടപടി കേരളത്തിനുതന്നെ അപമാനകരമാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ.

ക്ഷണിച്ചശേഷമാണു പിന്നീട് വിട്ടുനിൽക്കാനാവശ്യപ്പെട്ടത്. ഏത് കേന്ദ്രങ്ങളുടെ സമ്മർദ്ദമാണെന്ന് വെള്ളാപ്പള്ളി പറയുന്നില്ലെങ്കിലും വെള്ളാപ്പള്ളിക്ക് പിന്നിൽ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളാണെന്ന് എല്ലാവർക്കുമറിയാം. ആർഎസ്എസിന്റെ അടിമത്തം സ്വീകരിച്ച വെള്ളാപ്പള്ളി എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും സുധീരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ബിജെപിയുടെ സമ്മർദമാണോ എന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: പ്രതിമാ അനാച്ഛാദന ചടങ്ങിൽനിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ബിജെപിയുടെ സമ്മർദ്ദം മൂലമാണോയെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആര് എന്നതല്ല സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയാണ് ഒഴിവാക്കിയിരിക്കുന്നത്. നോട്ടീസ് അടിച്ചിറക്കിയ ശേഷം മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ശരിയായില്ലെന്നും ചെന്നിത്തല കോഴിക്കോട് പ്രതികരിച്ചു.

മുഖ്യമന്ത്രിയെ അവഹേളിച്ച നിലപാട് കേരളീയരെ അവഹേളിച്ചതിനു തുല്യം: പി സി ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അവഹേളിച്ച നിലപാട് കേരളീയരെ അവഹേളിച്ചതിനു തുല്യമെന്നു മുൻ ചീഫ് വിപ്പ് പി സി ജോർജ്. വെള്ളാപ്പള്ളി നടേശനല്ല, ആരായാലും നിലപാടു തിരുത്തണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

കേരള ജനതയെ വെള്ളാപ്പള്ളി അപമാനിച്ചെന്ന് സി ദിവാകരൻ

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേയ്ക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച ശേഷം ഒഴിവാക്കിയത് കേരള ജനതയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സിപിഐ നേതാവ് സി ദിവാകരൻ എംഎൽഎ. ആർ ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിലേയ്ക്ക് ഉമ്മൻ ചാണ്ടിയെ ക്ഷണിച്ച ശേഷം എസ്എൻഡിപി യോഗം ഒഴിവാക്കിയത് പ്രതിഷേധാർഹമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP