Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാമോയിൽ പ്രേതം വിടാതെ ജിജി തോംസൺ; ചീഫ് സെക്രട്ടറി നിയമനത്തെ കുറിച്ച് വിശദീകരണം തേടി ഗവർണ്ണർ; നിയമന ഉത്തരവ് വൈകിപ്പിച്ച് തടി തപ്പാൻ സർക്കാരും

പാമോയിൽ പ്രേതം വിടാതെ ജിജി തോംസൺ; ചീഫ് സെക്രട്ടറി നിയമനത്തെ കുറിച്ച് വിശദീകരണം തേടി ഗവർണ്ണർ; നിയമന ഉത്തരവ് വൈകിപ്പിച്ച് തടി തപ്പാൻ സർക്കാരും

തിരുവനന്തപുരം: പാമോയിൽ കേസിൽ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ വിശദീകരണം തേടി ഗവർണ്ണർ പി സദാശിവം. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കൂടിയായ സദാശിവം തീരുമാനം എടുക്കും മുമ്പ് നിയമവശങ്ങൾ പരിശോധിച്ചിരുന്നോയെന്നും ആരാഞ്ഞിട്ടുണ്ട്. ഇതോടെ ചീഫ് സെക്രട്ടറിയായി എത്താനുള്ള ജിജി തോംസണിന്റെ സാധ്യതയ്ക്കും തിരിച്ചടിയേറ്റുവെന്ന് വിലയിരുത്തലുണ്ട്. എന്നാൽ എന്ത് വിലകൊടുത്തും ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

ഇതാദ്യമായിട്ടാണ് ചീഫ് സെക്രട്ടറിയെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ ഗവർണർ വിശദീകരണം തേടുന്നത്. ഈ സാഹചര്യത്തിൽ നിയമനം നീട്ടിവച്ച് തത്കാലം ചീഫ് സെക്രട്ടറിയുടെ ചുമതല മാത്രം നൽകാൻ സാദ്ധ്യതയുണ്ട്. നിയമന ഉത്തരവ് ഇന്നലെ വൈകിയും ഇറങ്ങിയിട്ടില്ല. നിയമനം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന്റെ കുറിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്. തീരുമാനം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ കത്തും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ നിയമവശങ്ങൾ പരിശോധിച്ച ശേഷമാണ് ഗവർണ്ണർ വിശദീകരണം തേടിയത്.

പാമോയിൽ കേസിൽ പ്രതിയായ പി.ജെ. തോമസിനെ മുഖ്യ വിജിലൻസ് കമ്മിഷണറായി നിയമിച്ച കേന്ദ്ര സർക്കാർ തീരുമാനം അസാധുവാക്കി സുപ്രീംകോടതി 2011 മാർച്ച് മൂന്നിന് പുറപ്പെടുവിച്ച വിധി ജിജി തോംസണിന്റെ നിയമനത്തിന് തടസമാണെന്നാണ് വി എസ് ഉയർത്തിയ വാദം. ക്രിമിനൽ കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ ഉദ്യോഗക്കയറ്റത്തിന് പരിഗണിക്കേണ്ടതില്ലെന്ന് വിധിയിൽ ചീഫ് ജസ്റ്റിസ് കപാഡിയ പരാമർശിച്ചിരുന്നു. കേസിലെ പ്രതിയെ, കറയറ്റ വിശ്വാസ്യത വേണ്ട ഉന്നത സ്ഥാനത്ത് നിയമിക്കാനുള്ള തീരുമാനത്തിന് സാധുതയില്ലെന്നും പി.ജെ. തോമസിനെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും കേന്ദ്ര സർക്കാരിൽ സെക്രട്ടറി സ്ഥാനത്തേക്കും നിയമിച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ കത്തിലെ വിഎസിന്റെ നടപടി.

പാമോയിൽ കേസിലെ എഫ്.ഐ.ആർ 2000 മാർച്ചിൽ സുപ്രീംകോടതി ശരിവച്ചതാണ്. കേസിൽ തുടരന്വേഷണം വേണോ എന്നത് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് അഴിമതിയെ മറയ്ക്കാനാകില്ലെന്നാണ് വിധി. പാമോയിൽ കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതാണ്. തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ജിജി തോംസണിന്റെ ഹർജി തള്ളിയ ഹൈക്കോടതി പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനാൽ നിയമപരമായി എഫ്.ഐ.ആർ നിലനിൽക്കുന്നതും കേസിൽ ജിജി തോംസൺ പ്രതിയുമാണെന്നാണ് വാദം.

സായി ഡയറക്ടറായിരുന്ന ജിജി തോംസൺ, കേന്ദ്ര സർക്കാരുമായി ഉടക്കിയാണ് ഡെപ്യൂട്ടേഷൻ അവസാനിച്ച് കേരളത്തിൽ മടങ്ങിയെത്തിയത്. .കായിക സെക്രട്ടറിയായി നിയമിക്കാത്തതിനെ തുടർന്നായിരുന്നു കേന്ദ്ര സർക്കാരുമായി തെറ്റിയത്. ഇതിനിടെയിൽ ചീഫ് സെക്രട്ടറി സ്ഥാനം മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുകയും ചെയ്തു. ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കി ഉത്തരവ് ഇറങ്ങിയാൽ വി എസ് ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP