Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാദാപുരത്ത് പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ സ്വാധീനിക്കാൻ ശ്രമം; ഭീഷണിപ്പെടുത്തിയെന്നും പരാതി; പേരോടിന്റെ വിവാദ പരാമർശത്തിനെതിരെ നടപടിയെടുക്കുമെന്നു ബാലാവകാശ കമ്മിഷൻ

നാദാപുരത്ത് പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ സ്വാധീനിക്കാൻ ശ്രമം; ഭീഷണിപ്പെടുത്തിയെന്നും പരാതി; പേരോടിന്റെ വിവാദ പരാമർശത്തിനെതിരെ നടപടിയെടുക്കുമെന്നു ബാലാവകാശ കമ്മിഷൻ

കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുൽ ഹുദ സ്‌കൂളിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടുകാർക്ക് മാനേജ്‌മെന്റിന്റെ ഭീഷണി. പണം നൽകി സ്വാധീനിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണു ഭീഷണി മുഴക്കിയതെന്നും എൽകെജി വിദ്യാർത്ഥിനിയുടെ പിതാവു പറഞ്ഞു. അതിനിടെ വിവാദ പരാമർശം നടത്തിയ പേരോട് അബ്ദുറഹ്മാൻ സഖാഫിക്കെതിരെ നടപടിയെടുക്കുമെന്നു ബാലാവകാശ കമ്മിഷൻ അറിയിച്ചു.

കേസിൽ നിന്നു പിന്മാറാൻ സ്‌കൂൾ മാനേജ്‌മെന്റ് പണം വാഗ്ദാനം ചെയ്‌തെന്നാണ് പെൺകുട്ടിയുടെ പിതാവ് പറഞ്ഞത്. ഇതിനു വഴങ്ങാത്തതിനെത്തുടർന്നാണ് ഭീഷണി മുഴക്കിയത്. കേസിൽ നിന്നു പിന്മാറണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. സ്വാധീനിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ലെന്നും പിതാവ് പരാതിപ്പെട്ടു.

നാദാപുരത്തെ സ്‌കൂളിൽ എൽകെജി വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പരാമർശം ഗൗരവമേറിയതെന്നു ബാലാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടി. നാദാപുരം പാറക്കടവ് സ്‌കൂളിൽ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും ഇക്കാര്യം സ്‌കൂൾ അധികൃതർ മറച്ചുവച്ചെന്നു പൊലീസും വെളിപ്പെടുത്തി.

ഇതു സംബന്ധിച്ച റിപ്പോർട്ട് നാദാപുരം സിഐ ബാലാവകാശ കമ്മീഷനു കൈമാറി. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് വ്യക്തമാകുകയും രക്ഷിതാക്കൾ പരാതിപ്പെടുകയും ചെയ്തിട്ടും സ്‌കൂൾ അധികൃതർ ഇക്കാര്യം മറച്ചുവച്ചെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവമുണ്ടായി പത്തുദിവസം കഴിഞ്ഞാണ് പൊലീസിനു പരാതി കിട്ടുന്നത്.

രേഖാമൂലം പരാതി ലഭിച്ചില്ലെങ്കിൽ പോലും സംഭവം അറിഞ്ഞയുടൻ പൊലീസിൽ അറിയിക്കണമെന്നിരിക്കെ അതിനു സ്‌കൂൾ അധികൃതർ തയ്യാറായില്ലെന്ന് നാദാപുരം സിഐ കമ്മീഷനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്‌കൂളിന്റെ മാനേജിങ് കമ്മിറ്റി സെക്രട്ടറിയായ പേരോട് അബ്ദുറഹ്മാൻ സഖാഫിയുടേതായി പുറത്തുവന്ന പ്രസംഗം ഇക്കാര്യം ശരിവയ്ക്കുന്നുമുണ്ടെന്നാണു പരാമർശം.

പീഡനം നടന്നിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിക്കുന്ന പേരോട് സഖാഫി സംഭവത്തെ മറ്റൊരു രീതിയിലാണ് അവതരിപ്പിക്കുന്നത്. പേരോടിന്റെ പരാമർശങ്ങൾ ഗൗരവതരമാണെന്നും നടപടിയെടുക്കുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ നസീർ ചാലിയം പറഞ്ഞു.

എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. മതപഠനത്തിനെത്തിയവരാണ് അറസ്റ്റിലായത്. നേരത്തെ സ്‌കൂൾ ബസിന്റെ ക്ലീനറെ കുറ്റം ആരോപിച്ചു പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, ഇയാൾ നിരപരാധിയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ പ്രക്ഷോഭം നടത്തിയിരുന്നു. യഥാർഥ പ്രതികളെ സംരക്ഷിക്കാനാണ് നിരപരാധിയെ പിടികൂടിയതെന്നും ആരോപണമുയർന്നു. തുടർന്ന് പൊലീസ് ബസ് ക്ലീനർ മുനീറിനെ വിട്ടയക്കുകയായിരുന്നു.

ഇതിനുശേഷമാണ് പീഡനത്തെക്കുറിച്ച് പേരോട് വിവാദ പരാമർശം നടത്തിയത്. പരാമർശത്തിനെതിരെ വിവിധ കോണുകളിൽനിന്നു പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടിയെടുക്കുമെന്നു ബാലാവകാശ കമ്മിഷൻ പറഞ്ഞത്. അതിനിടെ, നാദാപുരം പീഡനക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ച എസ്വൈഎസിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഈ കേസിന്റെ ഒരു ഘട്ടത്തിലും താൻ ഇടപെടാൻ ശ്രമിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്ന ആളുമല്ല താൻ. കേസന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടു പോകണമെന്നാണ് തന്റെ നിലപാടെന്നും ആര്യാടൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP