Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

50 കോടി പിരിച്ചെടുത്ത് ചിട്ടിയുടമ മുങ്ങി; ആലുവയിലെ ദേശം കുറീസിൽ പണം നിക്ഷേപിച്ച 2500 പേർ പെരുവഴിയിൽ; ഓട്ടോ ഡ്രൈവറായി തുടങ്ങി മുതലാളിയായി മാറിയ സുനിൽ ദേവസ്യയെ തേടി പൊലീസ്

50 കോടി പിരിച്ചെടുത്ത് ചിട്ടിയുടമ മുങ്ങി; ആലുവയിലെ ദേശം കുറീസിൽ പണം നിക്ഷേപിച്ച 2500 പേർ പെരുവഴിയിൽ; ഓട്ടോ ഡ്രൈവറായി തുടങ്ങി മുതലാളിയായി മാറിയ സുനിൽ ദേവസ്യയെ തേടി പൊലീസ്

ആലുവ: പാവപ്പെട്ടവരിൽ നിന്നും വിയർപ്പിന്റെ അംശം ഊറ്റിയെടുത്ത് ചിട്ടിയുടമ മുങ്ങി. ഇടപാടുകാരെ കബളിപ്പിച്ച് 50 കോടിയോളം രൂപയുമായി ആലുവ ദേശം കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയും കുടുംബവുമാണ് മുങ്ങിയത്. പരാതിയെ തുടർന്ന് ആലുവ ദേശം കുറീസ് പ്രൈവറ്റ് ലിമിറ്റഡ് പൂട്ടി പൊലീസ് സീൽ ചെയ്തു. ചിട്ടിപ്പണം വാങ്ങാനെത്തിയവർ നടത്തിയ അന്വേഷണത്തിലാണ് ഉടമ ദേശം കുന്നുംപുറം പാപ്പാളി വീട്ടിൽ സുനിൽ ദേവസി കുടുംബസമേതം മുങ്ങിയതായി തെളിഞ്ഞത്.

ആലുവ, അങ്കമാലി, ചാലക്കുടി, കുറുമശേരി, ചെങ്ങമനാട്, പാറക്കടവ്, അത്താണി, പുറയാർ, പറവൂർ മേഖലകളിലായി 2500 ഓളം പേർ വിവിധ ചിട്ടികളിലായി പണം നിക്ഷേപിച്ചിരുന്നു. 30 ഓളം ഏജന്റുമാരാണ് പണം ശേഖരിച്ചിരുന്നത്. 550 പേരുള്ള 13.5 ലക്ഷം രൂപയുടെചിട്ടിയിൽ 60 പേർക്ക് വിളിച്ചും 30 പേർക്ക് നറുക്കെടുപ്പിലൂടെയും പണം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സീൽ വയ്ക്കാൻ കൊണ്ടുപോയ നിരവധി ബുക്കുകൾ തിരികെ ലഭിച്ചിട്ടില്ലെന്ന് ചിട്ടിയിൽ ചേർന്നവർ പറയുന്നു.

60,000 രൂപ മുതൽ 13.5 ലക്ഷം രൂപയുടെ വരെയായി ഒൻപത് ചിട്ടികളാണ് ദേശം കുറീസ് നടത്തിയിരുന്നത്. ഒരു മാസം മുമ്പ് അവസാനിച്ച 60,000 രൂപ ചിട്ടിയുടെ പണം ഡിസംബർ 15ന് നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതനുസരിച്ച് തിങ്കളാഴ്ച പണം വാങ്ങാനെത്തിയപ്പോൾ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. കളക്ഷൻ ഏജന്റുമാരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആശങ്കപ്പെടേണ്ടതില്ലെന്നും അടുത്ത ദിവസം ഓഫീസ് തുറക്കുമെന്നും വിശദീകരിച്ചു. ചിട്ടി രജിസ്‌ട്രേഷൻ നടപടികളുടെ ഭാഗമായി പൂട്ടിയതാണെന്നും അവർ വിശദീകരിച്ചിരുന്നു.

എന്നാൽ ഇന്നലെ രാവിലെയും ഓഫീസ് തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉടമ മുങ്ങിയെന്ന് തെളിഞ്ഞത്. ഒന്നര പതിറ്റാണ്ടിലേറെയായി കുന്നുംപുറത്ത് പ്രവർത്തിക്കുന്ന ദേശം കുറീസിന് കേരളത്തിൽ മറ്റ് ബ്രാഞ്ചുകളില്ല. എന്നാൽ ഫരീദാബാദിൽ ഒരു ബ്രാഞ്ചുണ്ടെന്ന് രേഖകളിലുണ്ട്. അടുത്തിടെ ഷെയർ മാർക്കറ്റിങ് ഇടപാടും ദേശം കുറീസിൽ ആരംഭിച്ചിരുന്നു. ഓഫീസിലെ പത്തോളം കമ്പ്യൂട്ടറുകളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. ബാക്കിയുള്ളവ ഉടമ നീക്കിയതായാണ് സൂചന. അതുകൊണ്ട് തന്നെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കാശുമായി സുനിൽ ദേവസി മുങ്ങിയതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിക്കഴിഞ്ഞു.

ഉടമയുടെ ഉടമസ്ഥതയിലുള്ള ദേശം ജുവലറിയും സമീപമുള്ള രണ്ട് വീടുകളും പൂട്ടിക്കിടക്കുകയാണ്. ചെങ്ങമനാട് സഹകരണ ബാങ്കിൽ നിന്ന് ശനിയാഴ്ച ഉടമ പത്ത് ലക്ഷം രൂപ പിൻവലിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്കിന്റെ ദേശം ശാഖയിലും ഫെഡറൽ ബാങ്കിന്റെ അത്താണി ശാഖയിലും അക്കൗണ്ടുകളുള്ളതായാണ് വിവരം. ബാങ്ക് ഇടപാടുകൾ മരവിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സാധാരണ രീതിയിലാണ് ദേശം കുറീസ് പ്രവർത്തനം തുടങ്ങിയത്. ഓട്ടോ ഡ്രൈവറായിരുന്ന സുനിൽ ജോലിക്കിടെ ചെറുതായി തുടങ്ങിയ പണമിടപാട് വലുതാവുകയായിരുന്നു. ചിട്ടി ഇടപാട് കരപിടിച്ചതോടെ ഓട്ടോറിക്ഷാ ഡ്രൈവർ എന്ന ജോലി പൂർണ്ണമായും വിട്ടു. സാധാരണക്കാരനെന്ന ഇമേജ് നന്നായി മാർക്കറ്റ് ചെയ്താണ് ദേശം കുറീസ് വളർന്നത്. ഒടുവിൽ പാവപ്പെട്ടവരുടെ വയറ്റിൽ തന്നെ അടിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP