കാരുണ്യാ ചികിത്സാ പദ്ധതിയിലെ അഴിമതിയിൽ മന്ത്രിതലത്തിൽ പങ്കില്ല; ഉമ്മൻ ചാണ്ടിക്കും കെ.എം മാണിക്കും ക്ലീൻചിറ്റ് നൽകി വിജിലൻസ്; പിഴവു വരുത്തിയത് ഇടനിലക്കാരെന്നും അന്വേഷണ റിപ്പോർട്ട്
March 19, 2017 | 10:23 AM | Permalink

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ ധനമന്ത്രി കെ.എം മാണിക്കും വിജിലൻസിന്റെ ക്ലീൻചിറ്റ്. ക്രമക്കേടുകളിൽ ഇവർക്ക് യാതൊരു പങ്കുമില്ലെന്ന് വിജിലൻസ് കണ്ടെത്തി. പദ്ധതിക്ക് ഒപി ടിക്കറ്റ് ഹാജരാക്കിയാൽ ലഭിക്കുന്ന ഒറ്റത്തവണ ചികിത്സാ സഹായമായ 5000 രൂപ കൈക്കലാക്കാൻ ഇടനിലക്കാർ സംഘടിത ശ്രമം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് അടുത്തമാസം പരിഗണിക്കും.
കാരുണ്യലോട്ടറിയുടെ മൊത്തം വരുമാനം ചികിത്സാ സഹായമായി നൽകിയില്ല, ധനസഹായം ലഭിച്ചത് അനർഹർക്കാണ്, ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ ക്രമക്കേടുകൾ നടത്തി എന്നീ പരാതികളിലായിരുന്നു വിജിലൻസിന്റെ ത്വരിത പരിശോധന. ഉമ്മൻ ചാണ്ടിയും മാണിയും കൂടാതെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാൻഷു കുമാർ എന്നിവർക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. ഇവർക്കെതിരെയും തെളിവുകളില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇരുന്നൂറോളം ഫയലുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിജിലൻസ് റിപ്പോർട്ടിൽ പരാതിയിലെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കുന്നു. നേരത്തെ മൂവായിരം രൂപയായിരുന്ന ഒറ്റത്തവണ ചികിൽസാ സഹായം പിന്നീട് 5000 രൂപയാക്കി വർധിപ്പിച്ചിരുന്നു. മലപ്പുറം സ്വദേശി കൃഷ്ണകുമാർ നൽകിയ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റാണ് അന്വേഷണം നടത്തിയത്. റിപ്പോർട്ട് അടുത്തമാസം കോടതി പരിഗണിക്കും.