Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ ഒന്നും നടക്കില്ലെന്ന പൊതുബോധം മാറ്റിയെടുത്തു; റോഡുവികസനത്തിലേയും ഗെയ്ൽ പൈപ്പ് ലൈനിലേയും പ്രശ്‌നങ്ങൾ തീരുന്നു; വ്യവസായ മേഖലയിലെ പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് കൈകാര്യം ചെയ്ത് പരിഹരിക്കും; വികസനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് പിണറായി

കേരളത്തിൽ ഒന്നും നടക്കില്ലെന്ന പൊതുബോധം മാറ്റിയെടുത്തു; റോഡുവികസനത്തിലേയും ഗെയ്ൽ പൈപ്പ് ലൈനിലേയും പ്രശ്‌നങ്ങൾ തീരുന്നു; വ്യവസായ മേഖലയിലെ പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് കൈകാര്യം ചെയ്ത് പരിഹരിക്കും; വികസനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് പിണറായി

കൊച്ചി: അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യമുയർത്തിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ അധികാര കാലയളവിൽ സംരംഭകരെ ആകർഷിച്ചത്. എന്നാൽ പല പദ്ധതികളിലും ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. എന്നാൽ വ്യവസായ-സംരംഭക ലോകത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായിയുടെ മുന്നേറ്റം. ഇതിനായി ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് സർക്കാരിന്റെ മൂന്നാം വാർഷികവേളയിൽ പിണറായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പരാതികൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ട് സ്വീകരിക്കുന്നതിനും വേഗത്തിൽ പരിഹാരം കാണുന്നതിനും നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവരുമായുള്ള മുഖാമുഖത്തിൽ കൊച്ചിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യവസായം തുടങ്ങുന്നതിന് അപേക്ഷ നൽകിയാലുള്ള തടസ്സങ്ങളും പ്രശ്നങ്ങളും നിരവധിയാണ് എന്ന പരാതിയുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ വലിയൊരു പരിധിവരെ വിജയിച്ചിട്ടുണ്ട്. വിവിധ അനുമതികൾക്കുള്ള അപേക്ഷകളിൽ 30 ദിവസത്തിനുള്ളിൽ തീരുമാനമായില്ലെങ്കിൽ കിട്ടിയതായി കണക്കാക്കുന്നതിനായി ചട്ടം പരിഷ്‌കരിച്ചു. അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമുണ്ടാകുമെന്നും കേരളത്തിൽ ഒന്നും നടക്കില്ലെന്ന പൊതുബോധത്തിനു മാറ്റം വരുത്താൻ രണ്ടു വർഷത്തിനുള്ളിൽ കഴിഞ്ഞുവെന്നും പിണറായി വ്യക്തമാക്കി.

അതേസമയം വികസനമെന്നത് എല്ലാ മേഖലകളുമായും ബന്ധപ്പെട്ടതാണ്. മാലിന്യ നിർമ്മാർജനം, ശുദ്ധജലം, വിഷരഹിതമായ ഭക്ഷണം എന്നിവയെല്ലാം വികസനത്തിന്റെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളുണ്ടാക്കിയതിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ രംഗത്തും സമൂലമായ അഴിച്ചുപണി വേണമെന്ന നിലപാടാണു സർക്കാരിനുള്ളത്.ദേശീയപാത അടക്കമുള്ള റോഡുകൾ വികസിപ്പിക്കുന്നതിലെ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു വരുന്നു. ഗെയ്ൽ വാതക പൈപ്പ് ലൈൻ കൂറ്റനാട് വരെ ഏകദേശം പൂർത്തിയായി. വാതക വിതരണ ശൃംഖല സംബന്ധിച്ചു ചർച്ച നടക്കുന്നു. കൂടംകുളത്തു നിന്നുള്ള വൈദ്യുതി ലൈനും സമയബന്ധിതമായി പൂർത്തീകരിക്കും.

തീരദേശ, മലയോര ഹൈവേകൾ, കോവളം, ബേക്കൽ ജലപാതകൾ, ശബരി റെയിൽ എന്നിവയും നടപ്പാക്കും. വികസനത്തിനു പണം പ്രശ്നമാകാതിരിക്കാനാണു കിഫ്ബി രുപീകരിച്ചത്. തൊഴിലാളി യൂണിയനുകൾ മൂലം വ്യവസായം സ്തംഭിക്കുന്ന അവസ്ഥ കേരളത്തിലില്ല. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുന്നു. നോക്കുകൂലി വേണ്ടെന്നു തൊഴിലാളി യൂണിയനുകൾ തന്നെ സമ്മതിച്ചു.എന്തെങ്കിലും ഒറ്റപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും.

ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിനു കേരളത്തിലെ സാധ്യതകൾ ശ്രദ്ധിക്കേണ്ടതാണ്. കേരള ബ്രാൻഡ് വികസിപ്പിച്ചെടുക്കണം. ഐടി മേഖലയിൽ 100 ലക്ഷം ചതുരശ്ര അടി സ്ഥലമാണു സർക്കാർ ലക്ഷ്യമിടുന്നത്. 45 ലക്ഷം ചതുരശ്ര അടി ഇതിനകം ലഭ്യമായി. കാക്കനാടിനെ സിലിക്കൺ വാലിയുടെ മാതൃകയിൽ സൈബർ വാലിയാക്കി വിപുലപ്പെടുത്താൻ പദ്ധതി ആവിഷ്‌കരിക്കും. ചെറുപ്പക്കാർക്കു നാട്ടിൽ തന്നെ തൊഴിൽ കണ്ടെത്താൻ ഈ പദ്ധതികൾ സഹായിക്കുമെന്നും പിണറായി വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP