Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാറിന്റെ ഓണാഘോഷ പരിപാടി റദ്ദാക്കുമെന്ന് മുഖ്യമന്ത്രി; പ്രളയക്കെടുതിയിൽ 30,000ത്തോളം പേർ ഇപ്പോഴും കഴിയുന്നത് ക്യാമ്പുകളിൽ; കേന്ദ്രസംഘത്തെ വീണ്ടും അയക്കണം എന്നാവശ്യപ്പെടും; തീരുമാനങ്ങൾ സമയ ബന്ധിതമായി നടപ്പാക്കാൻ മന്ത്രിസഭാ ഉപസമിതിയെയും നിയോഗിച്ചു

സർക്കാറിന്റെ ഓണാഘോഷ പരിപാടി റദ്ദാക്കുമെന്ന് മുഖ്യമന്ത്രി; പ്രളയക്കെടുതിയിൽ 30,000ത്തോളം പേർ ഇപ്പോഴും കഴിയുന്നത് ക്യാമ്പുകളിൽ; കേന്ദ്രസംഘത്തെ വീണ്ടും അയക്കണം എന്നാവശ്യപ്പെടും; തീരുമാനങ്ങൾ സമയ ബന്ധിതമായി നടപ്പാക്കാൻ മന്ത്രിസഭാ ഉപസമിതിയെയും നിയോഗിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന്റെ ഓണാഘോഷ പരിപാടികൾ റദ്ദാക്കി. ഓണാഘോഷത്തിനായി വകയിരുത്തിയ തുക ദുതിരാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്ന് മുഖഅയമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് 27 ഡാമുകൾ തുറക്കേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ള പ്രശ്നവും ജലസംഭരണികൾ മലിനമാകുന്നതുമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടാം ഘട്ട പ്രളയക്കെടുതി നേരിട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചേർന്ന 60,000ത്തോളം പേരിൽ 30,000ത്തോളം പേർ ഇപ്പോഴും ക്യാമ്പുകളെ ആശ്രയിച്ചാണ് കഴിയുന്നത്.

സമാനതകളില്ലാത്ത പ്രവർത്തനമാണ് രക്ഷാ പ്രവർത്തനത്തിന്റെ കാര്യത്തിൽ നടന്നത്. ദുരിതാശ്വാസ ക്യാമ്പിലെ മുഴുവൻ സജ്ജീകരണങ്ങളും പരാതിയില്ലാതെ തന്നെ പ്രവർത്തിച്ചുപോരുന്നു. പ്രതിപക്ഷ നേതാവടക്കമുള്ള സംഘമാണ് മഴക്കെടുതി നേരിട്ട പ്രദേശങ്ങൾ സന്ദർശിക്കുകയും കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തത്.ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒന്നിച്ചു നിൽക്കാനാകും എന്ന സന്ദേശം ഇതിനാൽ നൽകാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെയും ജനങ്ങളുടേയും താത്പര്യമാണ് ഏറ്റവും പ്രധാനം. സമാനതകളില്ലാത്ത ദുരന്തമാണ് നേരിടേണ്ടി വന്നത്. ഗവർണർ നൽകിയ സംഭാവനയും മാതൃകാപരമാണ്. അസാധാരണമാം വിധം ഗുരുതരമാണ് കേരളത്തിലെ സ്ഥിതിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വാർത്താ മാധ്യമങ്ങളെ അറിയിച്ചെന്നും പിണറായി മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രാഥമികമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് 1220 കോടി കേന്ദ്രത്തോട് ചോദിച്ചത്. 38 പേർ ഇതുവരെ മരിച്ചു. നാലുപേരെ കാണാതായി. 10000 കിലോമീറ്റർ റോഡുനശിച്ചു. 20,000 വീടുകൾ പൂർണമായും തകർന്നു

വെള്ളമിറങ്ങിയാലെ കൃത്യമായ നഷ്ടം കണക്കാക്കാനാകു.അതിനാൽ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാർഗരേഖയിലെ പരിമിതി കണക്കിലെടുത്ത് നഷ്ടത്തിന്റെ തീവ്രതയ്ക്കും വ്യാപ്തിക്കും അനുസൃതമായി നഷ്ടപരിഹാരം നൽകേണ്ടതുണ്ട് എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ പാർട്ടി നേതാക്കളും എല്ലാ പിന്തുണയും നൽകുകയുണ്ടായി. സംസ്ഥാനത്തിനകത്തുള്ള മുഴുവൻ വ്യക്തികളും സംഘടനകളും ദുരിതാശ്വാസ പ്രവർത്തനത്തിൽ സഹായിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.

ഐടി കമ്പനികളും ദുരിതത്തിന് സഹായം നൽകി. ആഘോഷങ്ങൾക്ക് കരുതിവച്ച തുക ദുരിതാശ്വാസത്തിന് നൽകിയവർ, കമ്പിളി പുതപ്പ് നൽകിയ ഇതര സംസ്ഥാനക്കാരൻ, ആദ്യ ശമ്പളം നൽകിയവർ, കുട്ടികൾ അങ്ങനെ എല്ലാവരും തങ്ങൾക്ക് കഴിയാവുന്ന വിധത്തിൽ സഹായം നൽകി. മാധ്യമങ്ങളും കഴിയുന്നവിധത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.പ്രളയത്തിന്റെ തീവ്രത കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച 193 വില്ലേജുകൾക്കു പുറമെ, 251 വില്ലേജുകൾ കൂടി പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു.

രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനിൽക്കുകയും വീട് ആവാസയോഗ്യമല്ലാതാവുകയും ചെയ്ത ഓരോ കുടുംബത്തിനും ആശ്വാസസഹായമായി പതിനായിരം രൂപ നൽകും. പൂർണമായി തകർന്നതോ പൂർണമായി വാസയോഗ്യമല്ലാതാകുകയോ ചെയ്ത വീടിന് ഒന്നിന് 4 ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മൂന്ന് മുതൽ അഞ്ച് സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി മാനദണ്ഡപ്രകാരം പരമാവധി ആറുലക്ഷം രൂപ വരെ നൽകും. വീടുവയ്ക്കുന്നതിന് നാലുലക്ഷവും സ്ഥലം വാങ്ങുന്നതിന് ആറുലക്ഷവും ഇതിനാൽ ലഭിക്കുന്നതാണ്; മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ പൊതുമേഖല ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണമെന്ന് എല്ലാ ജീവനക്കാരോടും ഈ ഘട്ടത്തിൽ അഭ്യർത്ഥിക്കുകയാണ്.പൊതുമേഖല സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഇവരുടെ സിഎസ്ആർ, പൊതുനന്മ ഫണ്ടുകൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംഭാവനകൾ കൈമാറി നൽകുന്നതിന് പൊതുമേഖല സഹകരണ ബാങ്കുകൾ ഈടാക്കുന്ന കമ്മീഷനുകളും എക്സ്ചേഞ്ച് ചാർജുകളും ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കിങ് സമിതിയോട് ആവശ്യപ്പെടും.

ദുരിതബാധിതർക്ക് സർക്കാർ നൽകുന്ന തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമ്പോൾ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടും. ബാങ്കുകൾ പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരാക്കുന്ന പ്രവർത്തനമാണ് കാണിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. നഷ്ടപ്പെട്ട രേഖകൾ നൽകുന്നതിന് ഒരുകാലതാമസവും വരരുത് എന്നാണ് കരുതുന്നത്. സമയബന്ധിതമായി തന്നെ എല്ലാം നൽകണമെന്ന് സർക്കാർ ഉദ്ദേശിക്കുന്നു.

ഇതിനായി അദാലത്തുകൾ സംഘടിപ്പിക്കും. ഫീസ് കൂടാതെ പുതിയ രേഖകൾ അനുവദിക്കുന്നതിന് വരുന്ന സെപ്റ്റംബർ 30 വരെ സമയം അനുവദിക്കും. സെപ്റ്റംബർ മൂന്ന് മുതൽ 15 വരെയുള്ള തീയതികളിൽ പ്രത്യേക അദാലത്തുകൾ നടത്തും. രേഖകൾക്കുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രം സൗജന്യമായി സ്വീകരിക്കേണ്ടതാണ്.ആ ഫീസ് സർക്കാർ നൽകും. സമയബന്ധിതമായി തീരുമാനങ്ങൾ നടപ്പാക്കാൻ മന്ത്രിസഭ ഉപസമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഇപി ജയരാജൻ, മാത്യു ടി തോമസ്, രാമചന്ദ്രൻ കടന്നപ്പിള്ളി, ഇ ചന്ദ്രശേഖരൻ, എകെ ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP