Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനസമ്പർക്കത്തിന് നാളെ തുടക്കം; എല്ലാ വിവാദങ്ങളേയും നിർവ്വീര്യമാക്കാൻ ഉതകുന്ന പദ്ധതികൾ പ്ലാൻ ചെയ്ത് ഉമ്മൻ ചാണ്ടി; തടയുന്ന കാര്യം പ്രതിപക്ഷം മറന്നതോടെ ഇക്കറി ആവേശം ഇരട്ടിക്കും

ജനസമ്പർക്കത്തിന് നാളെ തുടക്കം; എല്ലാ വിവാദങ്ങളേയും നിർവ്വീര്യമാക്കാൻ ഉതകുന്ന പദ്ധതികൾ പ്ലാൻ ചെയ്ത് ഉമ്മൻ ചാണ്ടി; തടയുന്ന കാര്യം പ്രതിപക്ഷം മറന്നതോടെ ഇക്കറി ആവേശം ഇരട്ടിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്ക് ഒപ്പമുള്ള യാത്ര ഇനി ഗുണം ചെയ്യില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അറിയാം. ജനങ്ങൾക്ക് നടുവിൽ നിന്ന് പ്രവർത്തിച്ച നേതാവാണ് ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയായപ്പോഴും അത് തന്നെയാണ് ചെയ്ത് വന്നത്. എന്നാൽ സോളാറും ബാർ കോഴയുമെല്ലാം കാര്യങ്ങൾ മാറ്റി മറിച്ചു. വിവാദങ്ങൾക്ക് മറുപടി പറയുകയായി പ്രധാന ഉത്തരവാദിത്തം. ഇനിയും അങ്ങനെ പോയാൽ ശരിയാവില്ല. അതുകൊണ്ട് തന്നെ വിവാദങ്ങൾക്ക് ഫുൾസ്റ്റോപ്പിടുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്. സോളാർ വിഷയം കത്തി നിൽക്കുമ്പോൾ ജനസമ്പർക്കത്തിന് മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. എന്നാൽ അത് പ്രതിപക്ഷം തടയാനെത്തിയതോടെ ജനോപകാര പദ്ധതിയുടെ നിറം മങ്ങി. ആ പരിപാടിയുടെ പുതിയ പതിപ്പെത്തുമ്പോൾ തടയാൻ പ്രതിപക്ഷമില്ല. അതുകൊണ്ട് തന്നെ ജനങ്ങളുമായി ആശയവിനിമയത്തിന് മുഖ്യമന്ത്രിക്ക് ഇത്തവണ തടസ്സങ്ങളും ഉണ്ടാകില്ല.

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി , കരുതൽ2015 ൽ ഇക്കുറി കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയിലധികം പരാതിാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ പരിപാടി സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി. ഭരണത്തിന്റെ അവസാന വർഷത്തിൽ ജനോപകാര പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഉമ്മൻ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പർക്ക പരിപാടിക്ക് നാളെ രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് തുടക്കമാകുന്നത്. 2004ൽ നടത്തിയ ജനസമ്പർക്ക പരിപാടി കൂടി ചേർത്താൽ ഉമ്മൻ ചാണ്ടിയുടെ നാലാമത്തെ ജനസമ്പർക്ക പരിപാടിയാണിത്്.

മാർച്ച് 16 മുതൽ ഏപ്രിൽ 17 വരെയുള്ള ഒരുമാസത്തിനുള്ളിൽ സംസ്ഥാനമൊട്ടാകെ രണ്ടുലക്ഷത്തോളം പരാതികളാണ് ലഭിച്ചത്. ഇതിൽ 66083 പരാതികളും ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം തേടിയുള്ളതാണ്. ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയവർക്ക് മാത്രമേ ഇക്കുറി മുഖ്യമന്ത്രിയുടെ സഹായം ലഭിക്കുകയുള്ളു. ഏറ്റവുമധികം പരാതികൾ കൊല്ലത്താണ് 30,133. പത്തനംതിട്ട 10,469, ആലപ്പുഴ 12,355, കോട്ടയം 9,207, ഇടുക്കി 22,244 എറണാകുളം 7,562, തൃശൂർ 9,124, പാലക്കാട് 17,708, മലപ്പുറം 18,817, കോഴിക്കോട് 11,089, വയനാട് 7,617, കണ്ണൂർ 8,757, കാസർകോട് 12,668 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ലഭിച്ച പരാതികൾ. തിരുവനന്തപുരം ജില്ലയിൽ 16,253 പരാതികൾ ലഭിച്ചു.

ഏപ്രിൽ 23 എറണാകുളം, 27 കോഴിക്കോട്, 30 പത്തനംതിട്ട, മെയ് നാല് വയനാട്, 11 കൊല്ലം, 14 കാസർകോട്, 16 മലപ്പുറം, 21 ആലപ്പുഴ, 25 കോട്ടയം, 28 ഇടുക്കി, ജൂൺ നാല് തൃശൂർ, എട്ട് കണ്ണൂർ, 11 പാലക്കാട് എന്നീ ദിവസങ്ങളിലാണ് മറ്റ് ജില്ലകളിലെ ജനസമ്പർക്ക പരിപാടി. ജില്ലാതലങ്ങളിൽ പരിപാടി നടക്കുന്നതിന്റെ തലേദിവസം വരെ പരാതികൾ കളക്റ്റ്രേറ്റിലോ,താലൂക്ക് ഓഫീസിലോ സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ പരാതി സമർപ്പിക്കുന്നവർ ആധാർ കാർഡ് മാത്രമാണ് കൊണ്ടുവരേണ്ടത്. ആധാർ ഇല്ലെങ്കിൽ മറ്റേതെങ്കിലും ഫോട്ടോ പതിച്ച കാർഡ് മതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിന് 66,083 പേരാണ് അപേക്ഷിച്ചത്്. വീടിനു 33,725 അപേക്ഷകരുണ്ട്്. 26,498 പേർ ബിപിഎൽ കാർഡിന് അപേക്ഷിച്ചിട്ടുണ്ട്. വായ്പ, പട്ടയം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വികലാംഗർക്കുള്ള സഹായം, ജോലി തുടങ്ങിയവയാണു മറ്റു പ്രധാന ആവശ്യങ്ങൾ. ഈ സർക്കാർ 2011 ൽ നടത്തിയ ആദ്യ ജനസമ്പർക്ക പരിപാടിയിൽ ലഭിച്ച 5.45 ലക്ഷം അപേക്ഷകളിൽ 2.97 ലക്ഷം പരിഹരിച്ചു. 20.82 കോടി രൂപ വിതരണം ചെയ്്തു. 2013ൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു രണ്ടാമത്തെ ജനസമ്പർക്കം നടത്തിയത്. അതിൽ 3.21 ലക്ഷം അപേക്ഷകൾ ലഭിക്കുകയും 3.16 ലക്ഷം അപേക്ഷകളിലും തീർപ്പാക്കുകയും ചെയ്്തു. 55.10 കോടി രൂപ വിതരണം ചെയ്തു.

മുഖ്യമന്ത്രിയുടെ സഹായത്തിന് രോഗികളെ നേരിൽക്കണ്ട് സഹായം നൽകുന്ന പദ്ധതിയുമുണ്ട്. രോഗികൾക്ക് ജനസമ്പർക്ക് വേദിയിൽ എത്തേണ്ടി വരില്ല. റിപ്പോർട്ട് ചെയ്യുന്നതിന് നിയമിച്ചിട്ടുള്ള പ്രത്യേക സംഘം വിവിധ താലൂക്കുകളിൽ സന്ദർശനം നടത്തും. തഹസിൽദാർമാരും ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഡോക്ടർമാരും അടങ്ങിയതാണ് സംഘം. ഈമാസം എട്ടുവരെ രോഗികളെ നേരിൽകാണും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നേരിട്ടുതന്നെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കും വിധമാണ് ഇത്തവണത്തെ ക്രമീകരണം. മുൻവർഷത്തെ ജനസമ്പർക്കപരിപാടിയിൽനിന്ന് വ്യത്യസ്തമായി ഇക്കുറി തെരഞ്ഞെടുക്കപ്പെടുന്ന 100 പരാതിക്കാർ ഒഴികെയുള്ള ബാക്കിയെല്ലാ പരാതിക്കാരെയും മുഖ്യമന്ത്രി അവരവരുടെ ഇരിപ്പിടങ്ങൾക്കരികിലത്തെി കാണും.

ഈ വർഷത്തെ ജനസമ്പർക്ക പരിപാടിയിലേക്കു കഴിഞ്ഞ മാർച്ച് 16 മുതലാണു പരാതി സ്വീകരിച്ചു തുടങ്ങിയത്. ഈ മാസം 17ന് അവസാനിച്ചു. എന്നാൽ ജനസമ്പർക്കം നടക്കുന്നതിന്റെ തലേന്നു വരെ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും പരാതി സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളിൽ ഇനി സ്വീകരിക്കില്ല. ജനസമ്പർക്കം നടക്കുന്ന ദിവസവും നേരിട്ടു പരാതി നൽകാം. എല്ലാ പരാതികളും ഓൺലൈനിൽ രജിസ്റ്റർ ചെയ്തു ഡോക്കറ്റ് നമ്പർ നൽകും. ഇതുപയോഗിച്ച് ഏഴു ദിവസത്തിനു ശേഷം അപേക്ഷയുടെ സ്ഥിതി അറിയാം. ജില്ലകളിൽ അപേക്ഷിച്ചവരിൽ ഏറ്റവും സങ്കീർണ പ്രശ്‌നങ്ങളുള്ള 100 പേരെയാണു മുഖ്യമന്ത്രി നേരിൽ കാണുക. മറ്റു പരാതികളിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ സ്ക്രീനിങ് കമ്മിറ്റി തീരുമാനം എടുക്കും.

മിക്കവരും ബാങ്ക് അക്കൗണ്ടും ആധാർ കാർഡും ബന്ധിപ്പിച്ചതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും മറ്റുമുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെയാണു വിതരണം ചെയ്യുക. ധനസഹായത്തിന് അർഹരായവർ വില്ലേജ് ഓഫിസിൽനിന്നുള്ള തിരിച്ചറിയൽ രേഖ ഹാജരാക്കണം. ജനങ്ങൾ ഹൃദയത്തിലേറ്റിയ ജനസമ്പർക്ക പരിപാടിയെ ഐക്യരാഷ്്ട്ര സഭ അംഗീകരിച്ച് ആദരിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുജന പ്രശ്‌നപരിഹാര പരിപാടികളിൽ ഒന്നായി ഇതു വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP