Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള വാഴ്‌സിറ്റി വിസി ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതായി ആരോപിച്ച് സിൻഡിക്കേറ്റ് അംഗങ്ങൾകൂടിയായ അദ്ധ്യാപകർ രംഗത്ത്; പ്രഫ. രാധാകൃഷ്ണനെതിരെ പരാതി നല്കിയിരിക്കുന്നത് മുഖ്യമന്ത്രിക്ക്; അദ്ധ്യാപകരുടെ നീക്കം സിൻഡിക്കേറ്റ്- വിസി പോരിന്റെ പുതിയ അധ്യായമാണെന്നും വിലയിരുത്തൽ

കേരള വാഴ്‌സിറ്റി വിസി ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതായി ആരോപിച്ച് സിൻഡിക്കേറ്റ് അംഗങ്ങൾകൂടിയായ അദ്ധ്യാപകർ രംഗത്ത്; പ്രഫ. രാധാകൃഷ്ണനെതിരെ പരാതി നല്കിയിരിക്കുന്നത് മുഖ്യമന്ത്രിക്ക്; അദ്ധ്യാപകരുടെ നീക്കം  സിൻഡിക്കേറ്റ്- വിസി പോരിന്റെ പുതിയ അധ്യായമാണെന്നും വിലയിരുത്തൽ

തിരുവനന്തപുരം: വൈസ് ചാൻസലർ പ്രൊഫ. പി.കെ. രാധാകൃഷ്ണൻ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് കേരള സർവകലാശാലയിലെ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ പരാതിയുമായി രംഗത്ത്. ദലിത് വിഭാഗത്തിൽ പെട്ട തങ്ങളെ വിവിധ ഘട്ടങ്ങളിലായി വിസി അധിക്ഷേപിക്കുകയാണെന്ന് ആരോപിച്ചാണ് ഡോ. കെ. മാണിക്കരാജും ഡോ. പി.എം. രാധാമണിയും രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച വെവ്വേറെ പരാതി ഇരുവരും മുഖ്യമന്ത്രിക്ക് കൈമാറി.

വിവിധ യോഗങ്ങളിൽ പങ്കെടുക്കുമ്പോളും സർവകലാശാല പരിപാടികളിലും വിസി തങ്ങളെ അപമാനിച്ച് സംസാരിച്ചുവെന്നാണ് ആരോപണം. ദലിതരായതിനാൽ യോഗത്തിൽ തങ്ങളെ സംസാരിക്കാൻ അനുവദിക്കാറില്ലെന്നും ഇവർ പരാതിയിൽ പറയുന്നു. സിൻഡിക്കേറ്റ് അംഗങ്ങളായിട്ട് കൂടി ഒരു പരിഗണനയും നൽകാതെ അവഗണിക്കുകയാണ് വിസിയുടെ ശീലം. ഇത്തരത്തിലുള്ള നടപടികൾക്കെതിരെ ആവശ്യമായ ഇടപെടൽ നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.

മറ്റുള്ളവരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ വെച്ച് തുടർച്ചയായി അവഹേളനം നേരിടുന്നുവെന്ന് യൂണിവേഴ്സിറ്റി കോളേജിൽ തമിഴ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. മാണിക്കരാജിന്റെ പരാതിയിൽ പറയുന്നു. ഇത് സിൻഡിക്കേറ്റിലെ മറ്റ് അംഗങ്ങൾക്കും അറിയുന്നതാണ്. സിൻഡിക്കേറ്റിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. സിൻഡിക്കേറ്റ് യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ, അവജ്ഞയോടെയാണ് വിസി പ്രതികരിക്കുന്നത്. നിങ്ങളൊക്കെ ഏത് വിഭാഗത്തിൽ പെട്ടവരാണെന്ന് അറിയാം, നിങ്ങളൊന്നും കൂടുതൽ സംസാരിക്കേണ്ട' എന്നും വിസി പറഞ്ഞതായി സിൻഡിക്കേറ്റ് അംഗം പരാതിയിൽ വ്യക്തമാക്കുന്നു.

വിസി വളരെ മോശമായാണ് സംസാരിക്കുന്നതെന്ന് കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗം പ്രൊഫസറായ ഡോ. പി.എം. രാധാമണിയും പരാതിയിൽ പറയുന്നു. എന്തെങ്കിലും സംസാരിക്കാനാരംഭിച്ചാൽ, 'നിങ്ങളൊന്നും സംസാരിക്കേണ്ട' എന്ന് വിസി പറയുമത്രേ. മുൻകൂർ അനുവാദം വാങ്ങി മറ്റ് അദ്ധ്യാപകർക്കൊപ്പം ഒരിക്കൽ വിസിയെ കാണാനെത്തിയപ്പോൾ അദ്ദേഹം മുറിക്ക് പുറത്തിറങ്ങിപ്പോകാൻ ആവശ്യപ്പെട്ട കാര്യവും അവർ സൂചിപ്പിക്കുന്നു. മാർച്ച് 28ന് ചേർന്ന സിൻഡിക്കേറ്റ് യോഗം ഈ വിഷയത്തിലുള്ള പ്രതിഷേധത്താൽ രണ്ട് മണിക്കൂർ നിർത്തിവെക്കേണ്ടിവന്നുവെന്നും അവർ അവകാശപ്പെടുന്നു. തന്നെക്കുറിച്ച് മോശമായാണ് അദ്ദേഹം പ്രതികരിക്കാറ്. മനസിൽ ജാതിചിന്തവെച്ച് ദലിതയാണെന്നുള്ള അവജ്ഞയോടെയാണ് അദ്ദേഹം പെരുമാറുന്നത്. വ്യാജപ്രചരണം നടത്തുന്ന വിസിക്കെതിരെ നടപടി വേണമെന്നും ഡോ. രാധാമണി ആവശ്യപ്പെടുന്നു.

അതേസമയം സിൻഡിക്കേറ്റ് അംഗങ്ങളുടെ ഈ നീക്കം സർവകലാശാലയിൽ തുടരുന്ന സിൻഡിക്കേറ്റ്-വിസി പോരിന്റെ പുതിയ അധ്യായമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സർവകലാശാല കലോത്സവ ഫണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വലിയ തർക്കമുണ്ടായിരുന്നു. തുടർന്ന് സ്റ്റുഡന്റ് ഡീനിന്റെ പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയതിനെ തുടർന്ന് സിൻഡിക്കേറ്റ് അംഗങ്ങളും വിസിയും തമ്മിൽ തർക്കമുണ്ടായിരുന്നു. സിൻഡിക്കേറ്റ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ എ.എ. റഹീം തന്നെ വധിക്കുമെന്ന് ഭീഷണി മുഴക്കിയാതായും വിസി ആരോപിച്ചിരുന്നു. തുടർന്ന് അക്കാദമിക് സമിതി മാറ്റിവെച്ചതായും വിസി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് വിസിക്കെതിരെ പരാതിയുമായി രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP